ആദ്യ നാളുകൾ

VM Sunil 1982 CE

കോളേജില്‍ രഹസ്യമായ പ്രവര്‍ത്തനങ്ങളായിരുന്നെങ്കിലും ജില്ലയിലെ എസ്.എഫ്.ഐ പ്രവര്‍ത്തനങ്ങളില്‍ ബന്ധപ്പെട്ടിരുന്നു.  കോളേജ് യൂണിയന്റെ ആ വര്‍ഷത്തെ മാഗസിൻ കാമ്പസ്സിലെ കാലികളെ മേക്കുന്ന കുട്ടികൾക്ക് സമർപ്പിച്ചു എന്ന കാരണം പറഞ്ഞ്, വളരെ നന്നായി ചെയ്ത  സെർജിയുടെ മാഗസിനെതിരെ നടന്ന പ്രചരണം ഓർത്തു പോകുന്നു.  450 ഓളം വിദ്യാര്‍ത്ഥികളുള്ള കോളേജില്‍ ഏതാനും മാസത്തെ പ്രവര്‍ത്തനം കൊണ്ട് 50 ലധികം പേര്‍ എസ്.എഫ്.ഐ യുടെ അംഗങ്ങളായി.  അംഗങ്ങളല്ലാത്ത ഒരാള്‍ക്കു പോലും ഇതിന്റെ സൂചന പോലും ലഭിക്കാത്ത തരത്തില്‍ അതീവ രഹസ്യമായിട്ടായിരുന്നു എസ്.എഫ്.ഐ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം.  കേരളത്തിന്റെ രാഷ്ട്രീയ രംഗത്തും വളരെ വേഗത്തിലുള്ള മാറ്റങ്ങള്‍ നടക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്.  രാജന്‍ സംഭവത്തിന്റെ ഭാഗമായി കെ. കരുണാകരന് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. എ.കെ  ആന്റണി പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റു.  അതിനകം കോണ്‍ഗ്രസ് വിട്ട ഇന്ദിരാഗാന്ധിക്ക് ചിക്കമഗ്ളൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.  സി.പി.ഐ യുടെ പി.കെ.വാസുദേവന്‍നായര്‍ മുഖ്യമന്ത്രിയായി.  ദേശീയ തലത്തില്‍ സി.പി.ഐ  ഇടതുപക്ഷ സഖ്യത്തില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസ് മുന്നണിയില്‍ നിന്നും സി.പി.ഐ  പുറത്തുവരികയും പി.കെ.വി  രാജിവക്കുകയും ചെയ്തു.  എ.കെ  ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗവും മാണിയുടെ നേതൃത്വത്തില്‍ കേരളകോണ്‍ഗ്രസിലെ ഒരു വിഭാഗവും കോണ്‍ഗ്രസ് മുന്നണി വിട്ട് ഇടതുപക്ഷ മുന്നണിയിലേക്ക് എത്തി.  1977ല്‍ 140 ല്‍ 111 സീറ്റുകളുടെ വന്‍ഭൂരിപക്ഷവുമായി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് മുന്നണിക്ക് കാലാവധി പൂര്‍ത്തിയാക്കാതെ അധികാരമൊഴിയേണ്ടി വരികയും കേരളത്തില്‍ വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്ത കാലഘട്ടമായിരുന്നു 1979ന്റെ അവസാന നാളുകള്‍.

ഇതിനിടയില്‍ പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ നടക്കുകയും അവരില്‍ ചിലരെയും രഹസ്യമായി മെമ്പര്‍മാരാക്കുകയും ചെയ്തു.  എസ്.എഫ്.ഐ യുടെ കോളേജിലെ പ്രവര്‍ത്തനം പരസ്യമാക്കാമെന്ന ഒരു ധാരണ 1979 അവസാനമായപ്പോഴേക്കും ഞങ്ങളിലുണ്ടായിരുന്നു.  ആ സമയത്താണ് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പി.കെ.ശശി സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റ് സ:എം.എ.ബേബി പാലക്കാട് വരുന്ന വിവരമറിയിക്കുന്നത്. 

സ:എം.എ. ബേബി യൂണിറ്റ് ഉദ്ഘാടനം നടത്താനുള്ള സാധ്യത ആരായുകയും അതുറപ്പാക്കുകയും ചെയ്തതോടെ ഒലവക്കോട് എ.യു.പി  സ്‌കൂളില്‍ വച്ച് ഉദ്ഘാടനം നടത്താമെന്ന് തീരുമാനിച്ചു.  കോളേജ് കാമ്പസിനകത്ത് ഉദ്ഘാടനം നടത്തുക എന്നത്, അന്നത്തെ സാഹചര്യത്തില്‍ അചിന്ത്യമായിരുന്നു. 

 എങ്കിലും, പ്രിന്‍സിപ്പളിനെക്കണ്ട് വിവരമറിയിക്കാന്‍ തീരുമാനിച്ചു.  സാത്വികനും വിദ്യാര്‍ത്ഥികളോട് എക്കാലത്തും സഹാനുഭൂതിയോടെ പെരുമാറിയിട്ടുള്ള വ്യക്തിയുമായ ഡോ. ആർ.ജി.മേനോൻ വളരെ രൂക്ഷമായി തന്നെ ഞങ്ങളോട് പ്രതികരിച്ചു.  കാമ്പസില്‍ രാഷ്ട്രീയം കൊണ്ടു വന്ന് വിഷമയമാക്കുകയാണ് നിങ്ങള്‍ (You are injecting venom into the campus)  എന്നുപറഞ്ഞ അദ്ദേഹത്തോട് എല്ലാ ബഹുമാനത്തോടെയും എസ്.എഫ്.ഐ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും

വിധേയത്വമില്ലാത്ത വിദ്യാര്‍ത്ഥി സംഘടനയാണെന്നും (ഇംഗ്ലീഷിലുള്ള എസ്.എഫ്.ഐയുടെ ഭരണഘടന ഞങ്ങളദ്ദേഹത്തെ കാണിച്ചു) നമ്മുടെ കോളേജിലുള്‍പ്പെടെ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി രംഗത്ത് നിലനില്‍ക്കുന്ന റാഗിംഗ്, മയക്കുമരുന്നുപയോഗം തുടങ്ങിയ അനാരോഗ്യകരമായ പ്രവണതകള്‍ക്കെതിരെ കര്‍ശന നിലപാടെടുക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമാണെന്നും ധരിപ്പിച്ചു. ഏറ്റവുമൊടുവിലായി സാര്‍ പൊതുമരാമത്തു വകുപ്പിൽ ഉയര്‍ന്ന സ്ഥാനത്തിരിക്കുമ്പോള്‍ ആ വകുപ്പിലെ തെറ്റായ പ്രവണതകളോട് യോജിക്കാനാവാതെ ഉന്നതസ്ഥാനത്തെത്തേണ്ട കരിയര്‍ വേണ്ടെന്നു വച്ച് ഈ കോളേജിലേക്ക് വന്നതാണ് എന്ന് കേട്ടിട്ടുണ്ടെന്നും ഇവിടെ നിന്നും ഇറങ്ങുന്ന എഞ്ചിനീയര്‍മാരില്‍ കുറച്ചുപേരെയെങ്കിലും മികച്ച പ്രൊഫഷണലുകളായി വാര്‍ത്തെടുക്കുന്നതിനുള്ള തുടക്കം കുറിക്കലാണ് ഞങ്ങള്‍ എസ്.എഫ്.ഐ രൂപീകരണത്തിലൂടെ ഉദ്ദേശിക്കുന്നത് എന്നദ്ദേഹത്തെ അറിയിച്ചു.  ഡോ. ആർ.ജി.മേനോൻ സാറിന്റെ മറുപടി ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു.  എസ്.എഫ്.ഐ യുടെ യൂണിറ്റുദ്ഘാടനത്തിനായി കോളേജിലെ റൂം നമ്പര്‍ 104 അനുവദിക്കുന്നു എന്നറിയിച്ച അദ്ദേഹം രേഖാമൂലം ആ തീരുമാനം ഞങ്ങള്‍ക്ക് നല്‍കി.

അതുവരെ മറ്റാരും അറിയാതിരുന്ന എസ്.എഫ്.ഐയുടെ കോളേജ് യൂണിറ്റ് രൂപീകരണം അന്ന് വൈകുന്നേരം ഹോസ്റ്റലില്‍ സ്ക്വാഡായി മുറികളില്‍ കയറി അറിയിക്കുന്നു.  ഡിസംബര്‍ മൂന്നിന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന യൂണിറ്റുദ്ഘാടനം പ്രഖ്യാപിക്കുന്നത് ഡിസംബര്‍ ഒന്ന് വൈകുന്നേരം മാത്രമായിരുന്നു.  പിന്നെ നടന്നതെല്ലാം അറിയപ്പെടുന്ന ചരിത്രത്തിന്റെ ഭാഗമായിരുന്നു.  എതിര്‍പ്പുള്ള വിദ്യാര്‍ത്ഥികള്‍ സംഘടിതരായി പിറ്റെ ദിവസം തന്നെ പ്രിന്‍സിപ്പാളിനെക്കണ്ട് അതിശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നു. 

പൊതുവെ, ശരിയായ തീരുമാനങ്ങളില്‍ നിന്നും വ്യതിചലിക്കാത്ത മേനോന്‍സാര്‍, സാഹചര്യത്തിന്റെ പ്രത്യേകത കൊണ്ടാകാം അദ്ദേഹം തലേദിവസം മാത്രം നല്‍കിയ അനുമതി റദ്ദാക്കി കത്തു നല്‍കുന്നു.  മുന്‍ നിശ്ചയപ്രകാരം ഒലവക്കോടേക്ക് ഉദ്ഘാടനം മാറ്റിയാലൊ എന്നൊരു നിര്‍ദ്ദേശം വന്നെങ്കിലും യൂണിറ്റ് രൂപീകരണസമ്മേളനം കോളേജിനകത്തു തന്നെ എന്ന നിലപാട് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുകയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു.

ഉദ്ഘാടന ദിവസം വൈകുന്നേരം തന്നെ സ:എം.എ.ബേബി എസ്.എഫ്.ഐ ജില്ലാസെക്രട്ടറിയോടൊപ്പം കോളേജിലെത്തുന്നു.  അതിശക്തമായ എതിര്‍ പ്രചരണത്തിന്റെയും എതിര്‍പക്ഷത്ത് ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ അണിനിരന്നതിന്റെയും ഫലമായി ഞങ്ങളോടൊപ്പമുണ്ടായിരുന്ന ചിലരെങ്കിലും ആ ഉദ്ഘാടന സമ്മേളനത്തില്‍ നിന്നും വിട്ടുനിന്നു.  ഞങ്ങൾ ഏതാണ്ട് 40-50 പേര്‍ സ: എം.എ ബേബിയും പി.കെ.ശശിയുമായി കോളേജ് കവാടത്തിലെത്തിയപ്പോള്‍ തന്നെ അതിശക്തമായ എതിര്‍പ്പുമായി 200-300 ഓളം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ തന്നെ ഞങ്ങളെ തടഞ്ഞു.  ബേബിയും പ്രിന്‍സിപ്പാളുമായി കടുത്ത തര്‍ക്കം നടക്കുകയും അങ്ങ് നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ യൂണിറ്റുദ്ഘാടനം ഞങ്ങള്‍ നടത്തുകയാണെന്ന് പറഞ്ഞുവെങ്കിലും പ്രിന്‍സിപ്പാള്‍ വഴങ്ങിയില്ല.  വളരെമോശം ഭാഷയില്‍ ബഹളം വച്ചുകൊണ്ടിരുന്ന പ്രിന്‍സിപ്പളിനോടൊപ്പം നിന്നിരുന്നവരെക്കുറിച്ച് എം.എ ബേബി പരാമര്‍ശിക്കുകയും ചെയ്തു.  പിന്‍വാങ്ങാന്‍ തയ്യാറാകാതെ ഞങ്ങളും കവാടത്തിലൂടെ ഒരാളെപ്പോലും അകത്തേക്ക് വിടാതെ എതിര്‍ വിഭാഗവും നിലപാടെടുത്തപ്പോള്‍ വലിയ സംഘര്‍ഷ സാധ്യത ഉടലെടുക്കുകയും വന്‍സംഘം പോലീസ് സ്ഥലത്തെത്തി രണ്ടു കൂട്ടരുടെയും ഇടയില്‍ നിലയുറപ്പിക്കുകയും ചെയ്തു.  പോലീസിന്റെ അഭിപ്രായം കൂടി കണക്കിലെടുത്ത് പ്രധാന കവാടത്തിന് തൊട്ടുചേര്‍ന്നുള്ള കൊടി മരത്തിന്റെ അടുത്ത് ഞങ്ങള്‍ യോഗത്തിനായി ഇരുപ്പുറപ്പിച്ചു. 

യോഗനടപടികള്‍ ആരംഭിക്കുന്നത് മനസ്സിലാക്കി കോളേജ് കവാടത്തില്‍ നിലയുറപ്പിച്ചിരുന്ന എതിര്‍പക്ഷത്തിലെ വലിയൊരു വിഭാഗം ഞങ്ങള്‍ക്കു ചുറ്റും വളഞ്ഞു നിന്നുകൊണ്ട് വളരെ മോശമായ പദപ്രയോഗങ്ങള്‍ ഉച്ചത്തില്‍ നടത്തുകയും രണ്ടുകൂട്ടരും തമ്മില്‍ സംഘര്‍ഷത്തിന് തുടക്കം കുറിക്കുകയും ചെയ്തു.  എന്നാല്‍ പോലീസ് അവസരോചിതമായി ഇടപെടുകയും ബേബിയുള്‍പ്പെടെ ഞങ്ങളെല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന പ്രിന്‍സിപ്പാളിന്റെ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട് എതിര്‍പക്ഷത്തെ കോളേജ് പോര്‍ട്ടിക്കോയിലേക്ക്  മാറ്റി നിര്‍ത്തുകയും ചെയ്തു.  സംഘര്‍ഷമവസാനിക്കുന്നതുവരെ യോഗനടപടികള്‍ പാടില്ല എന്ന വ്യവസ്ഥയിലാണ് ഈ മാറ്റി നിര്‍ത്തലും ബഹളം വെക്കലും അവസാനിച്ചതെങ്കിലും അതിനിടയില്‍ ലഭിച്ച ശാന്തമായ അന്തരീക്ഷമുപയോഗിച്ചുകൊണ്ട് സ:ബേബിയെ കോളേജ് എസ്.എഫ്.ഐ യൂണിറ്റിന്റെ ഉദ്ഘാടനത്തിനു ക്ഷണിക്കുകയും ഒറ്റവാചകത്തില്‍ സ:ബേബി കോളേജ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതായി പ്രഖ്യാപിക്കുകയും അടുത്ത നിമിഷത്തില്‍ ഞങ്ങളെല്ലാവരും ചാടിയെണീറ്റ് ഇങ്ക്വിലാബ് സിന്ദാബാദ് മുഴക്കിയതുമെല്ലാം ജ്വലിക്കുന്ന ഓര്‍മ്മകളായി ഇന്നും നില്‍ക്കുന്നു.  യൂണിറ്റുദ്ഘാടനം നടന്നു എന്ന് മനസ്സിലാക്കിയ ജാള്യതയില്‍ നിന്നും അക്രമണോത്സുകരായി വലിയൊരു സംഘം ഞങ്ങളുടെ മേല്‍ ചാടിവീഴാന്‍ പാഞ്ഞടുത്തെങ്കിലും പോലീസ് അവരെ തടഞ്ഞു നിര്‍ത്തി.  ഞങ്ങള്‍ ബേബിയെ മുന്നില്‍ നിര്‍ത്തി പ്രകടനമായി മുദ്രാവാക്യം മുഴക്കിക്കൊണ്ട് ലേഡീസ് ഹോസ്റ്റല്‍ ജംഗ്ഷനിലെ ബസ്‍സ്റ്റോപ്പ് വരെ പ്രകടനമായി പോകുകയും അതുവഴി വന്ന ബസ്സില്‍ (6.30 pm ന്റെ SNS) സ:എം.എ.ബേബിയെയും പി.കെ.ശശിയെയും കയറ്റിവിടുകയും ചെയ്തു. കേരളത്തിലെ ഏതെങ്കിലും ഒരു കാമ്പസിൽ  ഇതു പോലൊരനുഭവം തികച്ചും അപ്രതീക്ഷിതമാണെന്നും മധ്യ പ്രദേശിലെ ഒരു കോളേജിലാണ് ഇതുണ്ടായതെങ്കിൽ അത്ഭുതപ്പെടില്ലായിരുന്നു എന്നുമാണ് ബേബി പിന്നീട് ഇതിനെക്കുറിച്ച് പറഞ്ഞത്.

ഏതാനും മാസങ്ങള്‍ക്കകം നടന്ന ഹോസ്റ്റല്‍ ഇലക്ഷനില്‍ എസ്.എഫ്.ഐ അനുഭാവികളായ രണ്ടുപേര്‍ ഹോസ്റ്റല്‍ അസോസിയേഷന്‍ ഭാരവാഹികളായത് എസ്.എഫ്.ഐ ക്കെതിരെ നിലകൊണ്ട അരാഷ്ട്രീയ വിഭാഗത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.  തുടര്‍ന്നു വന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സകല പ്രതിലോമശക്തികളും ഒരുമിച്ചപ്പോള്‍ നേരിട്ടൊരു മത്സരത്തിനില്ലെന്ന നിലപാടെടുത്തുകൊണ്ട് എസ്.എഫ്.ഐ യുടെ പ്രചരണ പരിപാടികള്‍ ഓരോ ക്ലാസിലും നടത്തുകയും എന്തുകൊണ്ട് SFI ഈ കോളേജ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്ന് വിശദീകരിക്കുന്ന നോട്ടീസ് വിതരണം ചെയ്യുകയും ചെയ്തു.  സ്വാഭാവികമായും അരാഷ്ട്രീയ കൂട്ടുകെട്ട് ഏതാണ്ടെല്ലാ സ്ഥാനങ്ങളിലേക്കും വിജയിച്ചു.  എസ്.എഫ്.ഐ  രൂപീകരണ സമയത്ത് ഞങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടു സ്വീകരിച്ച ഞങ്ങളുടെ സീനിയര്‍ ബാച്ചിലെ സ്വാധീനമുള്ള വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ (ഉദ്ഘാടന സമ്മേളനത്തിലെ സംഘര്‍ഷ സമയത്ത് എതിര്‍പക്ഷത്തണിനിരക്കാതെ മൂന്നാമതൊരു വിഭാഗമായി അവരും സ്ഥലത്തുണ്ടായിരുന്നു, മുന്‍പു സൂചിപ്പിച്ച ജോസിന്റെ നേതൃത്വത്തില്‍) ഈ ഇലക്ഷന്‍ സമയത്ത് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളെന്ന നിലയില്‍ ശക്തരെങ്കിലും ആ സമയത്തെ അരാഷ്ട്രീയ തരംഗത്തില്‍, മത്സര സാധ്യതയില്ല എന്നു തിരിച്ചറിഞ്ഞുകൊണ്ട് ഒരു പാനലിൽ തന്നെ ഓരോ സ്ഥാനങ്ങളിലേക്കും ഒന്നിലധികം സ്ഥാനാര്‍ത്ഥികളെ അവതരിപ്പിച്ചുകൊണ്ട് ചില തമാശകള്‍ക്ക് വഴിയൊരുക്കി.

1980 ലെ കേരളനിയമസഭാ തിരഞ്ഞെടുപ്പും കോളേജിരിക്കുന്ന മലമ്പുഴ നിയോജക മണ്ഡലത്തില്‍ സ:ഇ.കെ.നായനാര്‍ സ്ഥാനാര്‍ത്ഥിയായതും എസ്.എഫ്.ഐ യൂണിറ്റ് രൂപീകരണത്തിന്റെ അടുത്തകാലങ്ങളില്‍ ഉണ്ടായ രാഷ്ട്രീയസംഭവ വികാസങ്ങളാണ്.  എല്ലാ ആവേശത്തോടെയും എഞ്ചിനീയറിംഗ് കോളേജിലെ സഖാക്കള്‍ സ:നായനാരുടെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സാധിക്കുന്ന സമയത്തെല്ലാം പങ്കെടുത്തു.  വോട്ടെടുപ്പിന്റെ തൊട്ടുമുന്‍പുള്ള രാത്രികളില്‍ പാവപ്പെട്ടവരുടെ കോളനികളില്‍ എതിര്‍വിഭാഗം നടത്തുന്ന പണപ്പിരിവിനെതിരെ കാവലിരുന്നതും അന്നവിടെ കൂട്ടിയിട്ടിരുന്ന KWAയുടെ പൈപ്പുകള്‍ക്കകത്ത് ടേണ്‍വച്ച് കിടന്നുറങ്ങിയതുമൊക്കെ രസകരമായ ചില ഓര്‍മ്മകള്‍.

 1980 ല്‍ പുനലൂര്‍ വച്ച് നടന്ന എസ്.എഫ്.ഐ യുടെ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ അന്നത്തെ കേരളമുഖ്യമന്ത്രി സ:ഇ.കെ.നായനാരായിരുന്നു.  എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും രണ്ടു പ്രതിനിധികള്‍ ആ സമ്മേളനത്തില്‍ പങ്കെടുത്തു – ശ്രീനാഥനും സുനിലും.  ഇതിനുശേഷം എസ്.എഫ്.ഐ യുടെ എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റിന്റെ പ്രഥമയൂണിറ്റ് സമ്മേളനം ചേരുകയും ഓര്‍ഗനൈസിംഗ് കമ്മിറ്റിക്കുവേണ്ടി റിപ്പോര്‍ട്ടവതരിപ്പിക്കുകയും അപ്പോഴേക്കും കോളേജിലെത്തിച്ചേര്‍ന്ന പുതിയ ബാച്ചിലുള്ളവരുള്‍പ്പെടെ ആ സമ്മേളനത്തില്‍ പങ്കെടുക്കുകയും സജീവമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.  SFIയുടെ എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റിന്റെ രൂപീകരണത്തിന് വഴിവച്ചത് പ്രോഗ്രസീവ് തിങ്കേഴ്സ് ഫോറത്തിന്റെ ആവിര്‍ഭാവമല്ലെ എന്ന ഒരൊന്നാം വര്‍ഷക്കാരന്റെ ചോദ്യത്തിന് വിപരീതമായാണ് മറുപടി നല്‍കിയതെങ്കിലും ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ആ ചോദ്യകര്‍ത്താവിന്റെ നിലപാടാണ് ശരിയെന്ന് അംഗീകരിക്കാന്‍ ഒട്ടും വൈമനസ്യമില്ല.  പ്രസാദ് പ്രസിഡന്റും ഗോപിനാഥ് സെക്രട്ടറിയുമായി ആദ്യ യൂണിറ്റ് കമ്മിറ്റി നിലവില്‍ വന്നു.  കോളേജിലെ നാല് ബാച്ചുകളില്‍ നിന്നും യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രാതിനിധ്യമുണ്ടായിരുന്നു.  സംസ്ഥാന സമ്മേളനത്തിനു മുന്‍പായി നടന്ന ഏരിയാ, ജില്ലാ സമ്മേളനങ്ങളില്‍ ശ്രീനാഥന്‍ ഏരിയാ കമ്മിറ്റിയിലും സുനില്‍ ജില്ലാ കമ്മിറ്റിയിലും അംഗമായി.  പാലക്കാട് ഏരിയ വിഭജിച്ച് മലമ്പുഴ ഏരിയ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ സുനില്‍ ഏരിയ പ്രസിഡന്റായി.

1981ല്‍ ഞങ്ങളുടെ ബാച്ച് ഫൈനല്‍ ഇയറായപ്പോള്‍ നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ “Vote the able” എന്ന മുദ്രാവാക്യമുയര്‍ത്തി Reformists  എന്ന പേരില്‍ എസ്.എഫ്.ഐ യും സമാന ചിന്താഗതിക്കാരും ഒരുപാനലായി അഞ്ചു ജനറല്‍ സീറ്റുകളിലേക്ക് മത്സരിച്ചു. മറുവശത്ത് അരാഷ്ട്രീയ പാനലും.  റാഫി- ചെയര്‍മാന്‍, ബാബുകുര്യന്‍- ജനറല്‍ സെക്രട്ടറി, ജോസ്- യു.യു.സി, ശ്രീനാഥന്‍- ആര്‍ട്സ് ക്ലബ് സെക്രട്ടറി, മാത്യുജോസഫ്- എഡിറ്റര്‍.  ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥികള്‍ എസ്.എഫ്.ഐ അംഗങ്ങളായിരുന്നില്ല.  റാഫിക്കെതിരെ എതിര്‍പക്ഷമുയര്‍ത്തിയ നക്സല്‍ ആരോപണം അവര്‍ക്കുതന്നെ തിരിച്ചടിയായി. (ഇതിനെതിരെ, തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ക്ലാസുകളിൽ Reformists സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുമ്പോൾ, ശ്രീനാഥന്‍ നടത്തിയ വികാരനിർഭരമായ പ്രസംഗം വിദ്യാത്ഥികളുടെ മനസ്സിനെ വല്ലാതെ സ്വാധീനിക്കുന്നതായിരുന്നു. എന്റെ റാഫി, ഞങ്ങളുടെ റാഫി എന്നു തുടങ്ങുന്ന ആ വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു).

അതിശക്തമായ തിരഞ്ഞെടുപ്പു പോരാട്ടത്തില്‍ Vote the able എന്ന മുദ്രാവാക്യം പുതിയ ബാച്ചിലെ വിദ്യാര്‍ത്ഥികളുള്‍പ്പെടെ നല്ലൊരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കാനിട വരുത്തി.  ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, യു.യു.സി  സ്ഥാനങ്ങളില്‍ വിജയിച്ച Reformists ന്റെ നേട്ടം കേരളത്തിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് ചരിത്രം സൃഷ്ടിച്ചു.  എസ്.എഫ്.ഐ യൂണിറ്റ് രൂപീകരിച്ചതിന്റെ അടുത്ത വര്‍ഷം തന്നെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ പാനല്‍ വിജയിക്കുക എന്നത് ഒരു അപൂര്‍വ്വതയായിരുന്നു.  1982ല്‍ പുതിയ ബാച്ച് കോളേജില്‍ വരുമ്പോള്‍ കോളേജ് യൂണിയന്റെ പ്രവര്‍ത്തന നേട്ടവും എസ്.എഫ്.ഐ യുടെ വിദ്യാര്‍ത്ഥികളുടെയിടയിലുള്ള വര്‍ധിച്ച സ്വാധീനവും ആ വര്‍ഷത്തെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ വിജയത്തിലേക്കെത്താന്‍ ഇടതുപക്ഷ ചേരിയെ സഹായിച്ചു.  ഔട്ട് ഗോയിംഗ് ബാച്ചിലായ ഞങ്ങള്‍ക്ക് ആ ഇലക്ഷനില്‍ പങ്കില്ലായിരുന്നെങ്കിലും മുന്നണി ബന്ധങ്ങള്‍ രൂപീകരിക്കുന്നതിലും Reformists എന്ന കൂട്ടായമക്ക് പകരം Stabilizers എന്ന വിശാലമുന്നണിയെ തിരഞ്ഞെടുപ്പ് രംഗത്ത് അണിനിരത്തുന്നതിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതിലും സജീവ പങ്കുവഹിച്ചുകൊണ്ട് ഞങ്ങളില്‍ ചിലര്‍ ഹോസ്റ്റലില്‍ തുടര്‍ന്നു.  ജനറല്‍ ക്യാപ്റ്റനൊഴികെ എല്ലാ സീറ്റുകളിലും Stabilizers വിജയിച്ച 1982 ലെ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നതിന്റെ അടുത്ത ദിവസം ഹോസ്റ്റലിനോട് വിടപറയുമ്പോള്‍ പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ഭാഗമായി ലഭിച്ച,

ഇടതുപക്ഷ മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച ജനാധിപത്യത്തിലും തുല്യതയിലും ഊന്നിയ സംഘടനാ പ്രവര്‍ത്തനത്തിന്റെ അനുഭവപാഠങ്ങള്‍, ആ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉണ്ടായ അമൂല്യമായ സൗഹൃദങ്ങള്‍ തുടങ്ങിയവ നാളിതുവരെയുള്ള ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യങ്ങളായി. 

WhatsApp