സ്വപ്നങ്ങൾ വേരുറപ്പിച്ചതെങ്ങിനെ
വി.എം സുനിൽ(1982 CE)
പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ ആരംഭ നാളുകൾ
1957ല്‍ കേരളത്തിൽ അധികാരത്തില്‍ വന്ന സ: ഇ.എം.എസ് ന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ വിമോചന സമരത്തിലൂടെയാണ് വിവിധ ജാതി-മത വിഭാഗങ്ങളെ കൂട്ടു പിടിച്ച് കോണ്‍ഗ്രസ് അട്ടിമറിച്ചത്. അതിന് പ്രതിഫലമായി ലഭിച്ചതാണ് പാലക്കാട് എഞ്ചിനീയറിംഗ് കോളേജുള്‍പ്പെടെ കേരളത്തിലെ മൂന്ന് സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകള്‍ എന്ന് പൊതുവെ കരുതപ്പെടുന്നു. ഇങ്ങിനെ പ്രതിലോമകരമായ സാഹചര്യത്തിൽ നിലവില്‍ വന്നതാ ണെങ്കിലും 60കളിലും 70 കളുടെ ആദ്യ പകുതിയിലുമെല്ലാം വിദ്യാര്‍ത്ഥികളായി വന്നവരില്‍ പുരോഗമന ചിന്താഗതിക്കാര്‍ നിരവധിപേരുണ്ടായിരുന്നു. അവരില്‍ ചിലരുടെയൊക്കെ മുന്‍കയ്യില്‍ വ്യത്യസ്ത പേരുകളിലുള്ള വിദ്യാര്‍ത്ഥി കൂട്ടായ്മ കള്‍ പലകാലങ്ങളിലും നിലവില്‍ വന്നിരുന്നു. എന്നാലിതിനൊരു സംഘടനാ രൂപം കൈവരുകയൊ പ്രവര്‍ത്തന പഥത്തിലെത്തുകയൊ ചെയ്തിരുന്നില്ല. പലപ്പൊഴും എതിര്‍പ്പുകളുടെ മുന്നില്‍ ഇവ അപ്രത്യക്ഷമാകുകയായിരുന്നു.
കലാ-സാംസ്കാരിക രംഗങ്ങളില്‍ മികവു കാണിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ വിവിധ കാലഘട്ടങ്ങളില്‍ കോളേജിലുണ്ടായിരുന്നു. പുറം ലോകവുമായി നല്ലബന്ധം പുലര്‍ത്തിയവരും നിരവധിയായിരുന്നു. എഴുപതുകളില്‍ സംസ്ഥാനത്തെ പിടിച്ചുകലുക്കിയ നക്സല്‍ ആക്രമണകേസുകളില്‍ ആരോപണ വിധേയവരുമായി ഹോസ്റ്റലില്‍ താമസിച്ചിരുന്ന ചിലര്‍ക്കെങ്കിലും അടുപ്പമുണ്ടായിരുന്നു. പ്രത്യേകിച്ച്, കോങ്ങാട് നക്സല്‍ കേസില്‍ പ്രതികളാക്കപ്പെട്ട പലരും ഹോസ്റ്റലില്‍ ഇടക്കിടെ തങ്ങാറുള്ളവരായിരുന്നു.
1975-77 കാലത്തെ അടിയന്തിരാവസ്ഥ, സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ജനാധിപത്യവിരുദ്ധമായ നടപടിയായിരുന്നു. അക്കാലത്ത് പത്താംക്ലാസ് പൂര്‍ത്തിയാക്കി കോളേജ് വിദ്യാഭ്യാസം ആരംഭിച്ച ഞങ്ങള്‍ക്ക് അതുകൊണ്ടു തന്നെ പ്രീഡിഗ്രിക്കാലത്ത് കാര്യമായ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ പൊതുവെ കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനം പ്രയാസകരമായിരുന്ന അക്കാലത്ത് വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനവും കോളേജുകളില്‍ നിരോധിച്ചിരുന്നു. കോളേജ് യൂണിയന് തിരഞ്ഞെടുപ്പു പോലും ക്ലാസ്സടിസ്ഥാനത്തില്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന രീതിയിലാക്കി സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിനുള്ള അവസരമില്ലാതാക്കി. SFI യുടെ സംസ്ഥാന പ്രസിഡണ്ട് സ: എം.എ. ബേബിയും, സംസ്ഥാന സെക്രട്ടറി സ:കൊടിയേരി ബാലകൃഷ്ണനും മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരോടൊപ്പം അടിയന്തിരാവസ്ഥാ തടവുകാരായി ജയിലുകളിലായിരുന്നു. രഹസ്യമായി സംഘടനാ പ്രവര്‍ത്തനം നടത്തിയ വിദ്യാര്‍ത്ഥി നേതാക്കള്‍ പലവിധത്തിലുള്ള ആക്രമണത്തിനും ഭീഷണിക്കും വിധേയരായി. ഈ പ്രതികൂല സാഹചര്യത്തിലും സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂന്നിയ രഹസ്യവും പരസ്യവുമായ നിരവധി പരിപാടികള്‍ വിദ്യാര്‍ത്ഥി മേഖലയില്‍ സജീവമായിരുന്നു. പ്രീഡിഗ്രി വിദ്യാര്‍ത്ഥികളെങ്കിലും ഞങ്ങളിൽ ചിലര്‍ ഇതില്‍ പങ്കെടുത്തിരുന്നു. ഈ അനുഭവങ്ങളിലൂടെയാണ് 1977ന്റെ രണ്ടാം പകുതിയില്‍ ഞങ്ങള്‍ പാലക്കാട് എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളായി എത്തുന്നത്. അഡ്മിഷന് നടപടികളാരംഭിക്കു ന്നതിനു മുമ്പ് തന്നെ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസ്സുകള്‍ കോളേജുകളില്‍ ആരംഭിച്ചി രുന്നതുകൊണ്ട് ഏതാനും മാസത്തെ ഡിഗ്രി വിദ്യാഭ്യാസവും ഞങ്ങളില്‍ പലര്‍ക്കും ലഭിച്ചിരുന്നു.
അടിയന്തിരാവസ്ഥ പിന്‍വലിക്കുകയും സ്വതന്ത്രഭാരതത്തില്‍ ആദ്യമായി കോണ്‍ഗ്രസിന്റെ അധികാര കുത്തക തകര്‍ത്തുകൊണ്ട് ജനതാപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മൊറാര്‍ജി ദേശായി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും ചെയ്തിരുന്നു. ദേശീയ സാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തില്‍ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭ അധികാരത്തിലെത്തി. രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം നടന്ന കോളേജ് യൂണിയന് തിരഞ്ഞെടുപ്പുകളില്‍ സംഘടനാ അടിസ്ഥാനത്തില്‍ ആവേശപൂര്‍വ്വം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടന എന്ന് വീമ്പ് പറഞ്ഞിരുന്ന കെ.എസ്.യു വിന്റെ അധികാര കുത്തക അവസാനി പ്പിച്ചുകൊണ്ട് എസ്.എഫ്.ഐ – വിദ്യാര്‍ത്ഥി ജനതാ മുന്നണി കേരളത്തിലെ ഏതാണ്ടെല്ലാ കോളേജുകളിലും വിജയിച്ചു. കോഴിക്കോട് REC വിദ്യാര്‍ത്ഥി രാജന്റെ തിരോധാനമുള്‍പ്പെടെ കേരളത്തില്‍ നടന്ന അടിയന്തിരാവസ്ഥാകാലത്തെ അതിക്ര മങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നതും ഇതിനെതിരെ അന്നത്തെ പ്രതിപക്ഷനേതാവ് സ: ഇ.എം.എസ്ന്റെ നേതൃത്വത്തില്‍ നിയമസഭക്കകത്തും കേരളത്തിലാകെയും നടന്ന വമ്പിച്ച പ്രതിഷേധ സമരങ്ങളുടെ അലയൊലി വിദ്യാര്‍ത്ഥി രംഗത്തും എത്തി യിരുന്നു. രാജന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വലിയ പ്രക്ഷോഭങ്ങള്‍ കാമ്പസുകളിലാകെ അലയടിച്ചു. എഞ്ചിനീയറിംഗ് കോളേജില്‍ ഒന്നാം വര്‍ഷമെത്തിയ ഞങ്ങളില്‍ പലര്‍ക്കും ഈ രീതിയിലുള്ള ചുരുങ്ങിയ കാലത്തെ ആര്‍ട്സ് കോളേജ് ഒന്നാംവര്‍ഷ ഡിഗ്രി അനുഭവങ്ങളുണ്ടായിരുന്നു.
കോളേജില്‍ അഡ്മിഷനെടുക്കുന്ന എല്ലാവര്ക്കും ആവശ്യമെങ്കില്‍ ഹോസ്റ്റല്‍ താമസ സൗകര്യം ലഭിച്ചിരുന്നു. Out going batch ഉള്‍പ്പെടെ 4 സീനിയര്‍ ബാച്ചുകള്‍ ആ സമയത്ത് ഹോസ്റ്റലില്‍ ഉണ്ടായിരുന്നതുകൊണ്ട് മൂന്നുപേര്‍ താമസിക്കേണ്ട മുറികളിലൊക്കെ ആറും ഏഴും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നു ആദ്യകാലത്ത് താമസിച്ചിരുന്നത്. റാഗിങ്ങിന്റെ ഭീതിയുണ്ടായിരുന്നെങ്കിലും കൂടുതല്‍ പേരുമായി അടുത്തിടപെടാന്‍ ഇതവസര മൊരുക്കി. അടിയന്തിരാവസ്ഥക്കുശേഷമുള്ള സവിശേഷ രാഷ്ട്രീയ സാഹചര്യമായിരുന്നതുകൊണ്ട് ചര്‍ച്ചകളില്‍ രാഷ്ട്രീയത്തിന് നല്ല മുന്‍തൂക്കമുണ്ടായിരുന്നു. ഞങ്ങളില്‍ പലരുടെയും ഇടതുപക്ഷ രാഷ്ട്രീയ നിലപാടുകള്‍ എല്ലാവരുമറിയുന്നതിന് ഇതിടവരുത്തി. പിന്നീട്, Outgoing batch പോകുകയും ഒന്നാംവര്‍ഷക്കാര്‍ ഒരു മുറിയില്‍ മൂന്നുപേരാകുകയും ചെയ്തപ്പോഴും ഈ ഇടതുപക്ഷ സൗഹൃദം തുടര്‍ന്നു പോന്നു.
ഒന്നാംവര്‍ഷ പഠനകാലത്തു തന്നെ മാര്‍ക്സിസ്റ്റ് പുസ്തകങ്ങളെ വായിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ഞങ്ങൾ ശ്രമിച്ചിരുന്നു. ഇതിനൊരു ഔദ്യോഗിക രൂപം വേണമെന്ന നിര്‍ദ്ദേശം വച്ചത് റാഫിയായിരുന്നു. അങ്ങിനെ Progressive Thinkers Forum എന്ന് സ്വയം നാമകരണം ചെയ്തുകൊണ്ട് ഞങ്ങള്‍ ഏഴെട്ടു ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ എല്ലാ വീക്കെന്‍ഡുകളിലും കാമ്പസിനു പുറത്ത് ഒരു പാറപ്പുറത്ത് വൈകുന്നേരങ്ങളില്‍ കൂടാന്‍ തുടങ്ങി. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ ആണ് ആദ്യമായി അവിടെ വായിച്ച് ചര്‍ച്ച ചെയ്തത്. റാഫി, ഗോപിനാഥ്, ശ്രീനാഥന്‍, സുകുമാരന്‍, സെര്‍ജി, തോമസ്, സുനില്‍ എന്നിവരായിരുന്നു ഈ ഫോറത്തിലെ അംഗങ്ങൾ. ഇത് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ, പ്രവര്‍ത്തന രംഗത്തും നമ്മുടേതായ ഇടപെടലുണ്ടാകണമെന്ന് അഭിപ്രായമുയര്‍ന്നു. ആയിടെയാണ് SFI സംസ്ഥാന വ്യാപകമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു ദിവസത്തെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തത്. വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായെങ്കിലും ഈ പ്രക്ഷോഭത്തിനനുഭാവം രേഖപ്പെടുത്തിക്കൊണ്ട് ബാഡ്ജ് ധരിച്ച് ക്ലാസ്സില്‍ കയറാന്‍ തീരുമാനിച്ചു. ഇടതുപക്ഷാഭിമുഖ്യമുള്ള നിരവധി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ ബാഡ്ജ് ധരിച്ചാണ് അന്ന് കോളേജിലെത്തിയത്.
പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിസംഘടനാ രൂപീകരണ ത്തിലേക്ക് വഴിതെളിച്ച രണ്ടു പ്രധാന സംഭവങ്ങളാണ് മേല്‍ വിവരിച്ചത്. ബാഡ്ജ് ധാരണം അധ്യാപകരുടെ ഇടയില്‍വരെ ശ്രദ്ധിക്കപ്പെട്ടു. മെക്കാനിക്കല്‍ വിഭാഗത്തിലെ വിശ്വനാഥന് സാറും കെമിസ്ട്രി വിഭാഗത്തിലെ ജനാര്‍ദ്ദനന്‍പിള്ള സാറും പൊതുവെ ഇടതുപക്ഷ ആഭിമുഖ്യമുള്ള അധ്യാപകരായി കോളേജില്‍ അറിയപ്പെട്ടിരുന്നു. ഇവരുമായി ബന്ധം സ്ഥാപിക്കുവാനും ചര്‍ച്ചകള്‍ നടത്തുവാനും നിരവധി അവസരങ്ങള്‍ പിന്നീടുണ്ടായി. അത് ജില്ലയിലെ SFI നേതൃത്വവുമായി ബന്ധപ്പെടുന്നതിനും വിദ്യാര്‍ത്ഥി സംഘടന സ്ഥാപിക്കുന്നതിനുള്ള മൂര്‍ത്തമായ ചര്‍ച്ചകള്‍ക്കും ഇടവരുത്തി. കേരളത്തില്‍ SFI പോലെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ആരംഭിക്കുന്നത് അതിന്റെ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ച് വിദ്യാര്‍ത്ഥി പ്രശ്നങ്ങളില്‍ ഇടപെട്ടു കൊണ്ടായിരിക്കും. സ്വാഭാവികമായും ജില്ലയിലെ SFI നേതൃത്വം ഈ നിര്‍ദ്ദേശം ഞങ്ങളുടെ മുമ്പില്‍ വച്ചു. എന്നാല്‍ കോളേജിലെ അന്തരീക്ഷത്തെക്കുറിച്ചുള്ള വിലയിരുത്തലിന്റെയും അവിടെ രൂപീകരിക്കപ്പെട്ട മുന്സംഘടനകളുടെ അവസ്ഥ യെക്കുറിച്ചുള്ള കേട്ടറിവിന്റെയും അടിസ്ഥാനത്തില്‍ ഞങ്ങളിത് അംഗീകരിച്ചില്ല. വ്യത്യസ്ത അഭിപ്രായങ്ങളോടെ രണ്ടു വിഭാഗവും കൂടിക്കാഴ്ചകളും ചര്‍ച്ചകളും തുടര്‍ന്നുകൊണ്ടേയിരുന്നു.
ഇതിനിടയില്‍ പുതിയ ബാച്ച് കോളേജിലെത്തി. SFI സംസ്ഥാന കമ്മിറ്റി പ്രൊഫഷണല്‍ കോളേജിലെ റാഗിംഗിനെതിരെ അണിനിരക്കാന്‍ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തു. പരസ്യമായ എതിര്‍പ്പ് പാലക്കാട് എഞ്ജി.കോളേജില്‍ പ്രയോജനകരമാകില്ലെന്ന വിലയിരുത്തലില്‍ റാഗിംഗില്‍ നിന്ന് വിട്ടുനില്‍ക്കാനും “പരിധി” വിടുന്ന സന്ദര്‍ഭങ്ങളില്‍ സാന്നിധ്യം കൊണ്ട് എതിര്‍പ്പറിയിക്കാനും തീരുമാനിച്ചു. “സഖാക്കള്‍” (ഞങ്ങളപ്പോള്‍ അറിയപ്പെട്ടിരുന്നത്) റാഗിംഗില്‍ നിന്ന് വിട്ടുനില്ക്കുകയാണെന്നത് ബാച്ചില്‍ ശ്രദ്ധിക്കപ്പെട്ടു. റാഗിംഗ് കാലത്ത് ഒന്നാം വര്‍ഷക്കാരെ പരിചയപ്പെടാനും അവരിലെ ഇടതുപക്ഷക്കാരെ കണ്ടെത്താനും ബോധപൂര്‍വ്വം ശ്രമിക്കുകയും നല്ല രീതിയില്‍ വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് കോളേജ് യൂണിയനിലേക്കുള്ള തിരഞ്ഞെടുപ്പു വന്നു. ഫൈനല്‍ ഇയര്‍, പ്രീ-ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളാണ് പൊതുവെ പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിക്കാറുള്ളത്. ഇതിനൊരു മാറ്റം വന്നത് ഞങ്ങള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായിരുന്നപ്പോള്‍ ഞങ്ങളുടെ സീനിയര്‍ ബാച്ച്, ജനറല്‍സെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രധാന സ്ഥാനങ്ങളിലേക്ക് മത്സരിച്ച് വിജയിച്ച പ്പോഴാണ്. അപ്പോഴും ചെയര്മാന് സ്ഥാനത്തേക്ക് അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് മത്സരിച്ചത്.
എന്നാല്‍ ഈ യൂണിയന് തിരഞ്ഞെടുപ്പില്‍ മൂന്നാംവര്‍ഷത്തിലെ സദാനന്ദന് ചെയര്മാന് സ്ഥാനത്തേക്ക് മത്സരിക്കുന്ന പാനല്‍ രംഗത്ത് വന്നു.(ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ യൂണിയനില്‍ പ്രവര്‍ത്തിച്ച ആളാണ് സദാനന്ദന്). രണ്ടാംവര്ഷക്കാര്ക്കായി ജനറല്‍ സെക്രട്ടറി സ്ഥാനം നീക്കിവക്കപ്പെട്ടപ്പോള് റാഫിയായിരുന്നു ഞങ്ങളുടെ ബാച്ചിലെ പൊതുസമ്മതന്. എന്നാല്‍ സഖാക്കളാരും മത്സരിക്കേണ്ട എന്ന കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളാരും മത്സരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ വ്യക്തിപരമായ കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ എഡിറ്റര്‍ സ്ഥാനത്തേക്ക് സെര്‍ജി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. (പാനലിലെ ചെയര്മാന് സ്ഥാനാര്‍ത്ഥി മാത്രം പരാജയപ്പെട്ടു). പിന്നീട്, കോളേജിലെ ചുമരുകളിൽ ആരെയും ആകർഷിക്കുന്ന അക്ഷരവടിവോടെ സെർജിയെഴുതിയ മുദ്രാവാക്യങ്ങൾ സഖാക്കളുടെ മുഖമുദ്രയാകുകയും ആശയപരമായി എതിർപ്പുള്ളവരുടെ വരെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ( ‘കമ്മ്യൂണിസം ലോകത്തിന്റെ വസന്തമാണ്; വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ, അതൊരായുധമാണ്’ എന്നീ രണ്ടു വാക്യങ്ങൾ ഇപ്പോഴും ഓർമ്മയിൽ തങ്ങി നിൽക്കുന്നു)
ഇതിനിടയില്‍ കോളേജില്‍ SFI യൂണിറ്റ് സ്ഥാപിച്ച് പരസ്യമായ പ്രവര്‍ത്തനം നടത്തണമെന്ന നിര്‍ദ്ദേശം ശക്തമായി. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സ:കുഞ്ഞിരാമൻ മാസ്റ്റര്‍ സ്മാരകത്തില്‍ ഞങ്ങളുടെ യോഗം വിളിച്ചു. വിഷയത്തില്‍ നേരിട്ടിടപെട്ടിരുന്ന SFI സംസ്ഥാനനേതൃത്വത്തിന്റെ പ്രതിനിധിയായി കോഴിക്കോട് സര്‍വ്വകലാശാലയിലെ SFI യുടെ ആദ്യ സിന്‍ഡിക്കേറ്റ് അംഗവും SFI സംസ്ഥാന കമ്മിറ്റി അംഗവുമായ സി.പി. ജോണ്‍ ഈ യോഗത്തില്‍ പങ്കെടുത്തു. എന്തുകൊണ്ട് പരസ്യമായ പ്രവര്‍ത്തനം അസാധ്യമാണെന്ന് ഞങ്ങൾ ആ യോഗത്തില്‍ വിശദീകരിച്ചു. ജോണ്‍ ഞങ്ങളുടെ നിലപാട് അംഗീകരിച്ചു. രഹസ്യമായി പ്രവര്‍ത്തിക്കാനനുമതി നല്‍കുകയും അതുവരെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ഞങ്ങളെല്ലാവരും അംഗങ്ങളായി SFI പാലക്കാട് എഞ്ചിനീയറിംഗ് കോളേജ് ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപീകരിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഓര്‍ഗനൈസിംഗ് കമ്മിറ്റിക്കൊരു കണ്‍വീനറെ തിരഞ്ഞെടുക്കാന്‍ ഞങ്ങളോടാവശ്യപ്പെട്ടുവെങ്കിലും എല്ലാവരും മറ്റോരോരുത്തരുടേയും പേരുകള്‍ നിര്‍ദ്ദേശിക്കുകയും അവരൊക്കെ തയ്യാറാകാതെ വരികയും ചെയ്ത സാഹചര്യമുണ്ടായി. ഒടുവില്‍ ജോണ്‍ തന്നെ പേരു നിര്‍ദ്ദേശിക്കുകയും സുനില്‍ കണ്‍വീനറും ഗോപിനാഥ്, ശ്രീനാഥന്‍, സെര്‍ജി, സുകുമാരന്‍, ജോര്‍ജ് എന്നിവരും ഒന്നാം വര്‍ഷത്തിലെ പ്രസാദും, അരുണനും ഉള്‍പ്പെടെ എട്ടംഗ പാലക്കാട് NSS എഞ്ചിനീയറിംഗ് കോളേജ് SFI ഓര്‍ഗനൈസിംഗ് കമ്മിറ്റി നിലവില്‍ വരികയും ചെയ്തു. വിദ്യാര്‍ത്ഥി പ്രശ്നങ്ങളില്‍ കൂടുതല്‍ ഏകോപനത്തോടെ ഇടപെടുവാനും കോളേജ് യൂണിയനില്‍ എഡിറ്ററായ സെര്‍ജി മുഖേന യൂണിയന് പ്രവര്‍ത്തനങ്ങളില്‍ സാധ്യമായ പങ്കുവഹിക്കാനും തീരുമാനിച്ചു. രഹസ്യമായി പ്രവര്‍ത്തിക്കുന്ന കാലയളവില്‍ പരമാവധി പേരെ വ്യക്തിബന്ധത്തിലൂടെ SFI യുടെ അംഗങ്ങളാക്കി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം നടത്താനും തീരുമാനിച്ചു.
വിവിധ വിദ്യാര്‍ത്ഥി പ്രശ്നങ്ങളില്‍ സജീവമായി ഇടപ്പെട്ടുകൊണ്ടും, ശ്രീനാഥന്റ നേതൃത്വത്തില്‍ അതിനോടകം നിലവില്‍ വന്ന എക്കൊ (ECCO-Engineering College Cultural Organisation) എന്ന സാംസ്കാരിക വേദിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തിക്കൊണ്ടും SFI അംഗങ്ങളാകാന്‍ സാധ്യതയുള്ളവര്‍ ആരെന്ന് ചര്‍ച്ച ചെയ്ത് അവരെ സമീപിക്കുന്നതാരെന്ന് തീരുമാനിച്ച് രഹസ്യമായി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനവും തികഞ്ഞ ഏകോപനത്തോടെ നടത്തുവാന്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിക്ക് സാധിച്ചു. ഹോസ്റ്റല്‍ മെസ് നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വലിയൊരു വിദ്യാര്‍ത്ഥി പ്രക്ഷോഭം ഈ സമയത്തുയര്ന്നു വന്നു. കോളേജ് അടിച്ചിട്ടുകൊണ്ടും ഹോസ്റ്റലുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കിക്കൊണ്ടും ഈ സമരത്തെ അധികാരികള്‍ നേരിട്ടു. എന്നാല്‍ ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ഹോസ്റ്റലില്‍ തന്നെ തുടര്‍ന്നുകൊണ്ട് നേരിട്ട് ഭക്ഷണം പാകം ചെയ്ത് മെസ് നടത്തി സമരം സജീവമാക്കി. കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസിനു മുമ്പില്‍ ഉപരോധം നടത്തിയ വിദ്യാര്‍ത്ഥികളെ പോലീസിനെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യിക്കുകയും അതിനിടയില്‍ പ്രിന്‍സിപ്പാളിന്റെ മുറിയിലേക്ക് കയറാന്‍ ശ്രമിച്ച കോളേജിലെ “ടെറര്‍” ആയി അറിയപ്പെട്ടിരുന്ന PME യെ (Professor of Mechanical Engineering) സീനിയര്‍ ബാച്ചിലെ ജോസ് (ഈയിടെ നടന്ന ദര്‍ശന USA സംഗമത്തില്‍ പങ്കെടുത്തിരുന്നു) തടഞ്ഞതും അറസ്റ്റു ചെയ്യപ്പെട്ട നൂറുകണക്കിനു വിദ്യാര്‍ത്ഥികളില്‍ നേതൃത്വത്തില്‍ നിന്ന ഞങ്ങള്‍ 30-40 പേര്‍ക്കെതിരെ പൊലീസ് വാഹനം നശിപ്പിച്ചു എന്ന കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുത്തതും ഒടുവില്‍ അന്നത്തെ പാലക്കാട് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആ സമരം വിജയകരമായി അവസാനിച്ചതും എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭ ചരിത്രത്തിലെ നിര്‍ണായക ഏടുകളായിരുന്നു. (സമരത്തിനെതിരെ വ്യാജവാര്‍ത്ത നല്കിയ മാതൃഭൂമിയുടെ നഗരത്തിലെ ഓഫീസിലേക്ക് നടത്തിയ വിദ്യാര്‍ത്ഥി മാര്‍ച്ചുള്‍പ്പെടെ നിരവധി സംഭവങ്ങള്‍. “Your son is arrested by police and released on bail” എന്ന് ഞങ്ങളുടെ വീട്ടിലേക്ക് കോളേജില്‍ നിന്നയച്ച ടെലഗ്രാം തുടങ്ങിയവ 70 കളില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അത്ര പരിചിതമായിരുന്നില്ല!!).
തുടരും
Follow Us on Facebook…