From the Editor's Desk-April 2020
ലോകം ഒരു വമ്പിച്ച പോരാട്ടമുഖത്താണിന്ന്.
സൂക്ഷ്മജീവിക്കു മുന്നില്‍ അടിപതറാതിരിക്കാന്‍ നാം ഇന്നോളം ആര്‍ജിച്ച എല്ലാ അറിവുമെടുത്ത് കിണഞ്ഞു ശ്രമിക്കുന്നു. ഈ പോരാട്ടം നമ്മെ എങ്ങോട്ടാണ് നയിക്കുന്നത്? ഒരു വ്യക്തിക്ക് സുരക്ഷിതമാവണമെങ്കില്‍ മുഴുവന്‍ പേരും സുരക്ഷിതമാവണമെന്നതാണ് ഒരു ചിമിഴില്‍ നാം ഇന്ന് പഠിച്ചുകൊണ്ടിരിക്കുന്നത്.
“ജീവികള്‍ക്കൊക്കെയും വേണമല്ലോ
മറ്റു ജീവികള്‍ തന്‍ സഹായം”
ഈ സമഷ്ടിബോധത്തിനു വിധേയമാണ് വിജയപര്‍വങ്ങള്‍. ഏറ്റവും അധുനാതനമായ ശാസ്ത്രസാങ്കേതികത നിങ്ങള്‍ക്ക് വിജയം വാഗ്‌ദാനം ചെയ്യുന്നില്ല, ഓരോ ദുര്‍ബലനെയും അഭിസംബോധന ചെയ്യാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍.
മനുഷ്യന്‍ ചിന്തിക്കുന്ന മൃഗമാണ് എന്ന നിര്‍വചനം നമുക്ക് അറിയാവുന്നതാണ്. അത് അവന് സ്വന്തം ചരിത്രം സൃഷ്ടിക്കാനുള്ള കെല്‍പ്പാണ് നല്‍കുന്നത്. ഭാവിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ക്ക് യുക്തിയുടെ മാത്രമല്ല സ്വപ്നങ്ങളുടെയും വര്‍ണങ്ങള്‍ നല്‍കാനും പ്രത്യാശാഭരിതമായി അവ സാക്ഷാല്‍ക്കരിക്കാനും അവന് അദ്ധ്വാനത്തിന്റെയും അറിവിന്റെയും പിന്തുണയുണ്ട്. ബോധത്തിന്റെയും ബോധ്യങ്ങളുടേയും പ്രകാശമുണ്ട്.
സങ്കല്‍പ്പങ്ങളുടെ സാക്ഷാല്‍ക്കരണത്തിന് ഇറങ്ങുമ്പോഴാണ് അവന്‍ സ്വയം അവന്റെ ഭാവി സൃഷ്ടിക്കാന്‍ തുടങ്ങുന്നത്. അത് ഉണര്‍ത്തിയെടുക്കുന്ന ചെറുകാറ്റുകളാണ് വന്‍ കൊടുങ്കാറ്റുകള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. ആ പിന്‍പഥങ്ങള്‍ക്ക് പറയാനുള്ളത് ഏറെ വീറിന്റെയും വിയര്‍പ്പിന്റെയും കഥകളാണ്. ഏറെ വെല്ലുവിളികളുടേയും ചങ്കൂറ്റത്തിന്റേയും സാക്ഷ്യങ്ങളാണ്.
കേരളത്തിലെ പ്രതിലോമതയുടെ മടിത്തട്ട് എങ്ങനെ പുരോഗമനത്തിന്റെ രംഗവേദിയായി എന്നത് ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ വേരുറപ്പിക്കലിന്റെ ചരിത്രമാണ്. ആ ഗാഥ ചുരുള്‍ നിവരാന്‍ ഈ ഇടം ഒരു പങ്കു വഹിക്കുകയാണ്. നമ്മുടെ ചേതനകള്‍ ഗഗനവീഥികളിലെ നക്ഷത്രത്തെ തൊട്ടതെങ്ങനെ എന്ന് നമുക്ക് അതിന്റെ പ്രോദ്‌ഘാടകരില്‍ നിന്നു തന്നെ കേള്‍ക്കാം. സുസ്വാഗതം.