മുഖക്കുറിപ്പ്
ജനുവരി 2022
സ്വാതന്ത്ര്യത്തിന്റെ 75-ആം വാര്‍ഷികം ആഘോഷിച്ചു കൊണ്ടിരിക്കുകയാണ് നാം ഇന്ത്യക്കാര്‍. ഒട്ടേറെ ചെറു നാട്ടുരാജ്യങ്ങളും വിവിധ ഭാഷ സംസാരിക്കുന്നവരും വിവിധ ജീവിതരീതികള്‍ പിന്തുടര്‍ന്നവരുമായി വളരെ സങ്കീര്‍ണ്ണമായ ഒരു ഇന്ത്യയിലാണ് വിദേശഭരണത്തിനെതിരെയുള്ള സമരങ്ങള്‍ രൂപം കൊണ്ടു വികസിച്ചത്. ആ ചലനങ്ങള്‍ നമ്മെ ഒന്നാക്കുന്ന ഒരു ദേശീയത പതുക്കെ വികസിക്കുന്നതിന് അടിത്തറയിട്ടു. ആ അവബോധത്തിലൂടെയാണ് പല ഘട്ടങ്ങള്‍ കടന്ന് ഈ വിശാല ഭൂവിഭാഗത്തില്‍ അധിവസിക്കുന്ന ആരെയും അന്യരായിക്കാണാതെ ദേശീയപ്രസ്ഥാനം വളര്‍ന്നു വികസിക്കുകയും അത് അസ്വാതന്ത്ര്യത്തിന്റെ നുകം കുടഞ്ഞെറിയുന്നതില്‍ വിജയിക്കുകയും ചെയ്തത്.
അതേത്തുടര്‍ന്ന് ഇന്ത്യയില്‍ എല്ലായിടത്തു നിന്നുമുള്ള പ്രതിനിധികള്‍ ചേര്‍ന്ന് ഈ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകേണ്ട ആദര്‍ശങ്ങള്‍ നിര്‍വചിക്കുന്നതിന് രണ്ടു വര്‍ഷത്തിലധികം കൂടിയാലോചനകള്‍ നടത്തുകയും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ എല്ലാ പൌരന്‍മാര്‍ക്കും വാഗ്‌ദാനം ചെയ്തു കൊണ്ട് ഒരു സ്വതന്ത്ര പരമാധികാര രാജ്യം നിലവില്‍ വരികയും ചെയ്തത്.
അതില്‍ ഏതു പൌരനും അവന്റെ വിശ്വാസങ്ങളും ആശയങ്ങളും കാത്തുസൂക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. അതുപോലെ തന്നെ ലോകത്തെ ഏറ്റവും പുതിയ ആശയങ്ങള്‍ക്ക് കടന്നു വരാനും എല്ലാ സ്വീകാര്യതയും ഉണ്ടായിരുന്നു. ഓരോ സമൂഹത്തിന്റെയും വ്യതിരിക്തതയെ, വൈജാത്യങ്ങളെ അംഗീകരിച്ചു കൊണ്ട് നമുക്കൊന്നായി മുന്നേറാമെന്ന് പ്രത്യാശിപ്പിച്ചു കൊണ്ട് നാം നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തെയും പരിഗ്രഹിച്ചു.
ശിഥിലവും ശ്രേണീവല്‍ക്കൃതവുമായിരുന്ന ജീവിതരീതികളില്‍ നിന്ന് ഈ ജനത സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് കണ്‍തുറന്നത് ലോകത്തെ നൂതനമായതെന്തും സ്വന്തമാക്കി, അതിലൂടെ ഏറ്റവും താഴെ നില്‍ക്കുന്ന പൌരനേയും സ്വാശ്രയനാക്കാനുള്ള നിശ്ചയവുമായിട്ടായിരുന്നു. അങ്ങനെ ഭക്രയും നംഗലും നമ്മുടെ പുതിയ ക്ഷേത്രങ്ങളായി! തത്ത്വശാസ്ത്രത്തിലെ നമ്മുടെ മഹിത പാരമ്പര്യത്തോട് ശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ ചേര്‍ത്തുവെച്ചു കൊണ്ട് വര്‍ണവൈജാത്യത്തെയും വിശപ്പിനെയും കീഴടക്കാനുള്ള ഉദ്യമത്തിലേക്ക് നാം കടന്നു. ഒട്ടേറെ കുതിപ്പും കിതപ്പും ഉണ്ടായെങ്കിലും അണുവിന്റെ ഉള്ളറകളിലേക്കും, ആകാശത്തിന്റെ പരിധികള്‍ക്കപ്പുറത്തേക്കുമൊക്കെ നമ്മുടെ ഗവേഷണങ്ങള്‍ തുടര്‍ന്നു. ഒരിക്കലും പഴയതൊക്കെ മതി രാജ്യത്തിനു നിലനില്‍ക്കാന്‍ എന്നു കരുതിയില്ല.
പതുക്കെയാണെങ്കിലും ആ ചിന്തകള്‍ നമുക്ക് അന്യമാവുകയാണോ എന്ന് നമ്മുടെ രാജ്യത്തിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിക്കപ്പെടുന്ന ഗണതന്ത്രദിന ഘോഷയാത്രയിലെ പ്രദര്‍ശന സാമഗ്രികള്‍ സന്ദേഹമുയര്‍ത്തുന്നു. പ്രദര്‍ശിപ്പിക്കപ്പെട്ടവയില്‍ ആധുനികത കണ്ടത് ആയുധങ്ങളില്‍ മാത്രമായിരുന്നു! സാംസ്കാരിക പരിസരം മുന്നോട്ടു പോകുന്ന ലക്ഷണമല്ല നല്‍കിയത്. ശാസ്ത്രീയതയും വൈവിധ്യവും വിളംബരം ചെയ്യേണ്ടതിനു പകരം ഭൂതകാലത്തില്‍ അഭിരമിക്കാനുള്ള വാഞ്ഛയാണ് ഒരു വശത്തെങ്കില്‍ അതില്‍ത്തന്നെ വൈവിധ്യങ്ങളെ നിരാകരിക്കാനുള്ള വ്യഗ്രതയാണ് മറുവശത്ത്. അവയ്ക്ക് വഴങ്ങാത്ത ആശയങ്ങളും ദൃശ്യങ്ങളും തിരസ്കരിക്കപ്പെടുന്നു. നമ്മുടെ ദേശീയതയെ നിര്‍വച്ചിച്ച സമത്വത്തിന്റെ സങ്കല്‍പ്പങ്ങള്‍ അവഗണിക്കപ്പെടുന്നു, അവ ഉയര്‍ത്തിപ്പിടിച്ചവരെ മറവിയിലാക്കാം എന്നു ചിലര്‍ വൃഥാ കരുതുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ ജനാധിപത്യത്തെ മുന്നോട്ടു നയിക്കാനും നമ്മുടെ രാജ്യത്തെ അതിലുള്ള എല്ലാവരുടെയും ആഗ്രഹങ്ങളെ നിറവേറ്റുന്ന തരത്തില്‍ നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും അടിസ്ഥാനശിലകളില്‍ വീണ്ടും ഉറപ്പിക്കാനും നമുക്ക് കൂടുതല്‍ ശ്രദ്ധയോടെ പ്രയത്നിക്കേണ്ടതുണ്ട്.
പ്രതീക്ഷകളോടെ പത്രാധിപസമിതി