ഭൂർജ്ജവനങ്ങളിലെ അന്നം

Prassana kumar 300x300
കെ.ബി.പ്രസന്നകുമാർ

K.B. പ്രസന്നകുമാർ കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്ത വെമ്പള്ളി സ്വദേശിയാണ്. State Bank of India യിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ. കവിത, നിരൂപണം, വിവർത്തനം, സഞ്ചാരസാഹിത്യം എന്നീ മേഖലകളിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്നു. ഭാര്യ രാധിക ആർ, എൻ എസ് എസ് എൻജിനീയറിങ് കോളേജിലെ 1990 Civil ബാച്ചിലെ പൂർച്ച വിദ്യാർത്ഥിയും എൽ.ഐ.സി.യിൽ ഉദ്യോഗസ്ഥയുമാണ്. മകൾ അമ്മു ബംഗ്ളൂരുവിൽ ഐ.റ്റി. പ്രഫഷനൽ ആണ്

വിജനമായ പർവ്വതവഴികളിലൂടെ ,കഠിനമായ കയറ്റങ്ങൾ കയറി ,ശരീരമാകെ ഉലഞ്ഞയഞ്ഞ് നടന്നു വരുമ്പോൾ ,നമുക്ക് വേണ്ടി കാത്തിരിക്കുന്ന ചില മനുഷ്യരുണ്ട്. അവരുടെ ആതിഥ്യം യാത്ര അവശേഷിപ്പിക്കുന്ന സ്നേഹമുദ്രകളാണ്. ഓർമ്മയിൽ ആ മലഞ്ചെരിവുകളിലൂടെ വീണ്ടും അലയുമ്പോൾ ,അവരുടെ മുഖങ്ങൾ വീണ്ടും വീണ്ടും തെളിയുന്നു. ഗഢ് വാളിലെ കുമായൂൺ മേഖലയിൽ കൈലാസത്തിലേക്കുള്ള പരമ്പരാഗത പാതയിലുള്ള ഗുഞ്ചി ഗ്രാമത്തിൽ നിന്ന് വഴിതിരിഞ്ഞ് ആദി കൈലാസത്തിലേക്കുള്ള വഴിയിൽ കുടി എന്നൊരു പ്രാചീന ഗ്രാമമുണ്ട്. നൂറ്റാണ്ടുകളുടെ പൗരാണികതയുള്ള ഗ്രാമം. ഗുഞ്ചിയിൽ നിന്ന് കുടിയിലേക്കുള്ള യാത്ര ഹിമാലയ വനങ്ങളിലൂടെയും നദീതീരങ്ങളിലൂടെയുമാണ് .ചിലപ്പോൾ കുത്തനെ ഉയർന്നു പോകുന്ന മലഞ്ചെരിവുകൾ.


അങ്ങനെ പർവ്വത വനങ്ങളിലൂടെ നടന്നു കയറുമ്പോഴാണ് കൽച്ചുമരുകളുള്ള ചെറിയൊരു കുടിൽ ഒരു മലഞ്ചെരിവിലെ ചെറിയൊരു തുറസ്സിൽ പൊടുന്നനെ പ്രത്യക്ഷപ്പെട്ടത്. അപ്പോഴേക്കും സമയം ഉച്ചയോടടുത്തിരുന്നു. നന്നേ പുലർച്ചെ ,പ്രാതലിനു ശേഷം ഗുഞ്ചി ക്യാമ്പിൽ നിന്ന് പുറപ്പെട്ടതാണ്. “ഇവിടെ നമുക്ക് ആഹാരം ലഭിക്കും” ഒപ്പമുള്ള കുമായൂൺ മണ്ഡൽ വികാസ് നിഗമിൽ നിന്നുള്ള വഴികാട്ടി ജോഷി പറഞ്ഞു. ദൂരെ നിന്നു ഞങ്ങൾ കണ്ട വെളുത്ത കൊടി ഈ ഇടത്താവളത്തിൻ്റെ ദിശാ സൂചിയായിരുന്നു. കുടിലെന്നോ ഡാബയെന്നോ പറയാൻ കഴിയില്ല. കൽപ്പാളികളടുക്കി ചുവരുകൾ .മുകളിൽ ഒരു പടുത .അത്രയേയുള്ളൂ. ആ നിർമ്മിതിക്കു മുന്നിലെ ചെറുമുറ്റത്തിനപ്പുറം കല്ലുപാളികൾ അടുക്കി ഒരു ഇരിപ്പിടം .മരക്കുറ്റികളിൽ പലകകൾ തറച്ച് ഡെസ്ക്ക് പോലെ ഒരു സംവിധാനവും. മുറ്റത്തിനപ്പുറം, താഴെ മലയിടുക്കിലൂടെ ഒരു കാട്ടരുവി ഒഴുകുന്നുണ്ട്.

 

മലകൾക്കപ്പുറത്തു നിന്ന് റാകിയെത്തുന്ന വലിയ പരുന്തുകൾ .കയറ്റത്തിൻ്റെ ക്ഷീണത്തിൽ കൽപ്പാളികളിൽ വന്നിരിക്കുമ്പോൾ അസാധാരണമായൊരു കാഴ്ച്ച മുന്നിൽ നിവർന്നു.
ഒരു മലഞ്ചെരിവാകെ ഭൂർജ്ജ വൃക്ഷങ്ങൾ. ചാഞ്ഞും ചരിഞ്ഞും പടർന്നും. ഭൂർജ്ജവൃക്ഷത്തിൻ്റെ കടലാസ് പോലെയുള്ള തൊലിച്ചുരുളുകൾ പുരാതന കാലത്ത് എഴുതാൻ ഉപയോഗിച്ചിരുന്നു. ഭൂർജ്ജ പത്രം. 1990-ൽ പൂക്കളുടെ താഴ് വരയിലക്ക് പോകുമ്പോഴാണ് ആദ്യമായി ഭൂർജ്ജവൃക്ഷങ്ങൾ കാണാൻ കഴിഞ്ഞത്. അന്ന് അവിടെ വീണു കിടന്നിരുന്ന ചില ചുരുളുകളിലൊന്ന് വിഷ്ണുനാരായണൻ നമ്പൂതിരി സാറിന് സമ്മാനിച്ചിരുന്നു. ഉടൻ തന്നെ വന്നൂ ,സാറിൻ്റെ മറുപടിക്കത്ത് . അതിൽ സാർ ഇങ്ങനെയെഴുതി. ” കാളിദാസൻ പറയുന്നത് ഇതിൽ ചുവന്ന മഷി കൊണ്ട് എഴുതണമെന്നാണ്. (കുഞ്ജര ബിന്ദു ശോണാേ: ) എഴുതുന്നത് അനംഗ ലേഖപദ്യങ്ങളും ആയിരിക്കണം.” ഹിമാലയത്തെ ജീവ ചൈതന്യം പോലെ ഉള്ളിൽ കൊണ്ടു നടന്ന ആളാണല്ലോ വിഷ്ണു മാഷ്‌.


മുന്നിൽ ഭൂർജ്ജവൃക്ഷങ്ങളുടെ വനമേഖല .അതിൻ്റെ താഴെയുള്ള മലമ്പാതയിലൂടെ ചെമ്മരിയാടിൻപറ്റം നടന്നു വരുന്നുണ്ട്. പിന്നാലെ രണ്ട് ഇടയന്മാരും. വിജനമായ പുൽമേടുകളിലൂടെയും കാടകങ്ങളിലൂടെയും ഇവർ മാസങ്ങളോളം ആടുകളുമായി അലയാറുണ്ട്. ചിലപ്പോൾ യാത്രികർക്ക് ഇവരുടെ താത്ക്കാലിക കുടിലുകൾ അഭയമാകാറുമുണ്ട്. രുദ്രനാഥിലേക്കുള്ള വഴിയിൽ പാനാറിലെ അന്തിത്താവളം ഇവരുടെ കൂടാരമായിരുന്നു. പർവ്വതവനങ്ങളിൽ നിന്ന് മുഴങ്ങിയെത്തുന്ന കാറ്റിൽ ,കൽപ്പാളി കളിലിരുന്ന് ഒന്നു മയങ്ങിയുണരുമ്പോൾ കുടിലിലെ സ്ത്രീ ഭക്ഷണം പാകം ചെയ്ത് കഴിഞ്ഞിരുന്നു. ആദി കൈലാസയാത്രികർ, വല്ലപ്പോഴുമെത്തുന്ന ഇടയന്മാർ, ഇന്തോ തിബത്തൻ ബോർഡർ പോലീസിലെ സൈനികർ … ഇവരല്ലാതെ ആരും അവിടെയെത്താനില്ല
പ്രധാനമായും ആദി കൈലാസയാത്രികർക്ക് വേണ്ടിയാണ് ഇവർ ഈ ഏകാന്തതയിൽ വസിക്കുന്നത്. സഞ്ചാരികൾ ആഹാരം കഴിച്ച് തെല്ല് വിശ്രമിച്ച് യാത്ര തുടരും. പിന്നീട് ഇവർ മാത്രമാകും ഈ കുടിലിൽ. വിജനവന രാവുകളുടെ ഏകാന്തതയിൽ ,അടുത്ത ദിവസം എത്തിയേക്കാവുന്ന സഞ്ചാരികളെ കാത്ത് അവരിരിക്കും. പർവ്വതങ്ങൾക്കു മുന്നിലെന്നതു പോലെ ,ഇവർക്കു മുന്നിലും നമസ്ക്കരിച്ചേ യാത്ര തുടരാൻ കഴിയൂ. അത്രമേൽ പുണ്യ പ്രവൃത്തിയാണ് ഇവർ ചെയ്യുന്നത്. ജീരകവും ചില ധാന്യങ്ങളും ചേർത്ത പ്രത്യേകമായ ചോറാണ് അവർ നൽകിയത്. ഒപ്പം, ഭാംഗ് ചേർത്ത് ,അരച്ചെടുത്ത ചമ്മന്തിയും .പരന്ന ഒരു കല്ലിലാണ് ചമ്മന്തി അരച്ചെടുക്കുന്നത്. പരിസരങ്ങളിൽ നിന്ന് പറിച്ചെടുക്കുന്ന ഭാംഗ്. തണുപ്പിനെ തെല്ലൊന്നകറ്റാൻ ഇതുപകരിക്കും.


അപ്പോഴാണ് സഹയാത്രികനായ അമോറ നിവാസി ഷാ “ശക്തി” യെ കുറിച്ച് പറഞ്ഞത്. ഔഷധ വേരുകളും മറ്റും ചേർത്ത് ഉണ്ടാക്കിയെടുക്കുന്ന വീര്യം കുറഞ്ഞ ലഹരിപാനീയമാണത്. ഷാ കുടിലിനുള്ളിൽ ചെന്ന് അത് വാങ്ങിക്കഴിച്ചിരുന്നു. ഞങ്ങളും ശക്തിയുടെ ഉത്സാഹം ഉള്ളിലേക്ക് പകർന്നു. മുന്നോട്ടുള്ള നടത്തത്തിന്, കയറ്റത്തിന് അത് ശക്തി പകരും. എത്രയും സ്നേഹത്തോടെ, അവർ ഞങ്ങൾക്ക് ഭക്ഷണം വിളമ്പി. ഭക്ഷണത്തിൻ്റെ ഗുണങ്ങൾ പറഞ്ഞു തന്നു. എങ്ങനെയാണ് ഈ വിധമൊരു ഒറ്റപ്പെട്ട സ്ഥലത്ത് മാസങ്ങളോളം കഴിയുക എന്ന ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നൂ മറുപടി. നൈസർഗ്ഗികമായ ഒരു ചിരി.
ഹിമാലയ ഭൂപ്രകൃതിയാകട്ടെ ,ഇപ്പോൾ ഏരു സമയവും മാറുന്ന അവസ്ഥയിലുമാണ്. മേഘസ്ഫോടനങ്ങളിൽ ഒലിച്ചുപോയ ഗ്രാമങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. അവിടെ അവശേഷിക്കുന്ന മനുഷ്യർ അവരുടെ ദുരിതങ്ങൾക്കിടയിലും യാത്രികരെ സഹായിക്കാനെത്തുന്നു. ഈ യാത്രയിൽ തന്നെ ഞങ്ങൾ മാൽപ്പാ ഗ്രാമത്തിലൂടെയാണ് കടന്നുവന്നത്. 1997-ൽ കൈലാസയാത്രികരുടെ ഇടത്താവളമായ മാൽപ്പയിൽ രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ പെട്ട് ആ ബാച്ചിലെ യാത്രികരും സഹായികളും എല്ലാം മണ്ണിനടിയിൽപെട്ടു മരിച്ചു. ഒഡീസ്സി നർത്തകി പ്രൊതിമാ ബേഡിയുൾപ്പടെ. പിന്നീട് മാൽപ്പായിൽ താവളമില്ലാതെയായി. ദോദിത്താൽ യാത്രയിൽ 2013-ൽ ഒലിച്ചുപോയ സംഘം ഛട്ടി ഗ്രാമത്തിൽ നിന്നാണ് നടക്കാൻ തുടങ്ങിയത്. എല്ലാ നാശങ്ങൾക്കു ശേഷവും അവിടെയെല്ലാം ജീവിതം വീണ്ടും തളിർ വെളിച്ചത്തിൽ ഉദിക്കുന്നു. ജീവിതം പിന്നെയും തുടരുന്നു.ആഹാരം കഴിഞ്ഞ് ദമ്പതികൾക്ക് നന്ദി പറഞ്ഞ് ഞങ്ങൾ കുടി ഗ്രാമത്തിലേക്ക് നടന്നു. അവർക്ക് ഞങ്ങൾ എപ്പോഴോ വന്നു പോയ സഞ്ചാരികൾ മാത്രം . എന്നാൽ പതിനൊന്നു കൊല്ലം മുൻപ് കടന്നു പോയ ആ പർവ്വത പഥവും ഭൂർജ്ജവനവും ചെറിയ കൽക്കുടിലും ആഹാരവും വിനീതരായ ആ രണ്ടു മനഷ്യരും അവരുടെ സ്നേഹ മര്യാദകളും ഹിമാലയക്കാറ്റിനൊപ്പം ഇടയ്ക്കിടെ ഓർമ്മയിലേക്ക് വീശുന്നു.


മലഞ്ചെരിവിലൂടെ ഞങ്ങൾ കുടി ഗ്രാമത്തിലേക്ക് നടന്നു. ഭൂർജ്ജപത്രച്ചുരുളുകൾ അവിടവിടെ വീണു കിടക്കുന്നുണ്ട് . വിടർത്തി നോക്കിയാൽ പ്രകൃതിയുടെ ലിഖിതങ്ങൾ .പിന്നെയും കയറ്റങ്ങൾ. താഴെ, ക്ഷുബ്ധ വിഷാദം കൊണ്ട കുന്തീ നദി. ആദി കൈലാസത്തിന് താഴെ പാർവ്വതി സരോവരത്തിൽ നിന്ന് ഉത്ഭവിച്ച് കുടി ഗ്രാമത്തിൽ കുന്തീ നദിയായി മാറുന്ന നദി.ദൂരെ പാണ്ഡവ പർവ്വതത്തിൻ്റെ അഞ്ച് ഹിമശിഖരങ്ങളിൽ സൂര്യ വർണ്ണങ്ങൾ. അപ്പുറം കുന്തീ പർവ്വതം . പിന്നെയും രണ്ട് നാൾ മുകളിലേക്ക് കയറിയാൽ ശിവപ്രഭാവത്തിൽ ആദി കൈലാസം .ഞങ്ങളുടെ ലക്ഷ്യമതാണ്. അതിലേക്ക് ഞങ്ങളെ എത്തിക്കുന്നത്, ഗ്രാമീണരായ പർവ്വതീയരാണ്. അവർ നൽകുന്ന സ്നേഹവും അന്നവുമാണ്. ഇതാ, കുടി ഗ്രാമ കവാടം ദൂരെ തെളിയുന്നു. അഞ്ച് നൂറ്റാണ്ടിലേറെ പുരാതനമായ ഗ്രാമം. ദാരുശില്പാ ലംകൃതമായ വാതിലുകളുള്ള ശിലാ ഹർമ്മ്യങ്ങൾ എത്രയോ പുരാതനം .നിരയായി ഗൃഹ സമുച്ചയങ്ങൾ . കാല പർവ്വതങ്ങൾ കടന്നെത്തിയ വിചിത്രമായ സമയസ്ഥലി. അസ്തമയ സൂര്യകാന്തി നിറഞ്ഞ ആകാശം. പൗരാണികമായ കാറ്റ് .പഞ്ച ഹിമശൃംഗങ്ങളിൽ അരുണ കാന്തി.

WhatsApp