ക്യാമ്പസ് കുറിപ്പുകൾ
പുന്നൂസ്
1991 EEE
1.ബൊഹോമോസ് തിയറം
ഇൻജിനിയറിങ്ങ് പഠനത്തിൻ്റെ രണ്ടാം വർഷത്തെ അദ്യ പരീക്ഷ നടക്കുന്ന സമയം . ഈ പരീക്ഷകൾ കുട്ടികളുടെ അറിവ് അളക്കാനാണെന്ന് പറയുമ്പോഴും എന്ത് അറിയില്ല എന്ന് അളക്കാനാണ് ഇത് നടത്തുന്നത് എന്ന് തോന്നി പോകും. പ്രത്യേകിച്ച് അറിയാവുന്ന കാര്യം വളരെ കുറവാകുമ്പോൾ.
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാൻജും എലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാൻജും, വഴി പിരിഞ്ഞതിന് ശേഷമുള്ള ആദ്യത്തെ അങ്കം. ഇലക്ട്രോണിക്സ് എന്ന വാക്ക് അന്നൊരല്പം കൂടുതല്‍ ഫാഷിനബെൽ ആയതിനാൽ ഈ രണ്ടു ബ്രാൻജുകളിൽ നിന്നും കൂടി, ആരാണ് ഇലക്ട്രോണിക്സ് വിദ്വാൻ എന്നതിനെ ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്ന കാലo.
അപ്പോഴാണ് മൂന്നാമത്തെ പരീക്ഷയായി ഇലക്ട്രോണിക്സ് 1 കടന്ന് വരുന്നത് . രാത്രിയില്‍ ഇരുന്ന് പഠിച്ചതിൻ്റെ ക്ഷീണമൊന്നും വകവയ്ക്കാതെ രാജു രാവിലേ പരീക്ഷ എഴുതാനെത്തി. എവിടെയും ആദ്യം എത്തണമെന്ന് നിർബന്ധമുള്ളയാളാണ് രാജു. ക്ലാസ്സില്‍ആദ്യത്തെ ബെഞ്ചില്‍ ഇരിക്കാന്‍പറ്റിയില്ലെങ്കിൽ പിന്നെ ക്ലാസ്സില്‍ ഇരിക്കുന്നതിൽ അർത്ഥമില്ല എന്ന് വിശ്വസിക്കുന്ന വിദ്യാർത്ഥി. അങ്ങനെ ഒരിക്കല്‍ ആദ്യത്തെ ബഞ്ചില്‍ ഇരിക്കാനുള്ള ഓട്ടത്തിനിടയിൽ താഴെ വീണു . ആ വീഴ്ച കണ്ട് കശ്മലൻമാർ നമ്മുക്കെല്ലാം വളരെ ഇഷ്ടമുള്ള ഒരു പഴത്തിൻ്റെ പേര് രാജുവിന് ഇട്ടു കൊടുത്തു – ദ്രോഹികൾ. എന്നാല്‍ ഇതൊന്നും രാജുവിൽ വലിയ മാറ്റമൊന്നും ഉണ്ടാക്കിയില്ല.
അവസാന വിസിലിനു മുമ്പുള്ള കളി പോലെ രാജു പുസ്തകത്തിലൂടെ കണ്ണോടിക്കുമ്പോഴാണ് ഡേവിഡ് കടന്ന് വരുന്നത്. രാജുവിനെ കണ്ടപ്പോള്‍ ഒരു കുശലാന്വേഷണം, എങ്ങനുണ്ട് രാജു എല്ലാം പഠിച്ചോ? തരക്കേടില്ലാതെ എല്ലാം നോക്കിയിട്ടുണ്ടെന്ന് പറഞ്ഞ് രാജു ചോദ്യം തിരികെ ഡേവിഡിനോട് ചോദിച്ചു. എല്ലാം പഠിച്ചു പക്ഷേ ബൊഹോമോസ് തിയറം പഠിക്കാന്‍ സമയം കിട്ടിയില്ല എന്ന് മൊഴിഞ്ഞു. ബൊഹോമോസ് എന്ന വാക്ക് ആദ്യമായി കേട്ട രാജു ഒന്ന് ഞെട്ടി. അതെന്താ, ഞാൻ അത് വായിച്ചതായി ഓർക്കുന്നില്ലല്ലൊ എന്ന് പരിഭവിച്ചു. തരക്കേട്ടില്ലാതെ പന്തു തട്ടുന്ന ഡേവിഡിന് ഒരു ആളൊഴിഞ്ഞ ഗോൾ പോസ്റ്റ് മുന്നില്‍വന്ന പ്രതീതിയാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷം ഇത് പത്തു മാർക്കിൻ്റെ ചോദ്യം ആയിരുന്നു എന്നു കൂടി ഡേവിഡ് പറഞ്ഞതോടെ രാജുവിന് തല കറങ്ങുന്നതായി തോന്നി .
ഇപ്പറഞ്ഞതെല്ലാം സത്യമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍പരീക്ഷക്കുള്ള മണി മുഴങ്ങി . ഒരു വലിയ പരീക്ഷണത്തെ നേരിടാനുള്ള മനസ്സുമായി രാജു എക്സാം ഹാളിൽ കയറി ഇരുന്നു .
25 വർഷങ്ങൾക്കു ശേഷവും അന്ന് ഡേവിഡ് പറഞ്ഞ ബൊഹോമോസ് എന്താണെന്ന ചിന്ത രാജുവിനെ ഇന്നും അലട്ടുന്നുണ്ട്.
2. ഡേവിഡിന്റെ സുവിശേഷം
എലെക്ട്രിക്കൽ എഞ്ചിനീറിങ്ങിന്റെ അവസാന വർഷം പഠിക്കുന്ന ഒരു വിഷയമാണ് കണ്ട്രോൾ സിസ്റ്റം. വലിയ കുഴപ്പം കൂടാതെ പഠിക്കുന്ന വിദ്യാർത്ഥികളുടെ കണ്ട്രോൾ തെറ്റിക്കാനാണോ അവസാന വർഷം ഈ വിഷയം കൊണ്ടു വെച്ചേക്കുന്നത് എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . ഏതോ കണ്ട്രോൾ തെറ്റിയവൻ കണ്ടുപിടിച്ച സാധനമാണിതെന്ന് ടെക്സ്റ്റ് ബുക്ക് ഒരു തവണനെങ്കിലും തുറന്നിട്ടുള്ള എത് വിദ്യാർത്ഥിയും സമ്മതിക്കും.
അങ്ങനെ ജൂലായിലെ ഒരു ശനിയാഴ്ച ദിവസം രാവിലെ ഉറക്കമെഴുന്നേറ്റ ഡേവിഡ് അന്ന് കണ്ട്രോൾ സിസ്റ്റം പഠിക്കാമെന്ന് തീരുമാനിച്ചു. വിവരം സഹമുറിയൻമാരായ കുര്യനെയും അടിയനെയും അറിയിച്ചു. ഞങ്ങളുടെ അനുമതി വാങ്ങുവാൻ കാത്തു നില്‍ക്കാതെ ഡേവിഡ് കണ്ട്രോൾ സിസ്റ്റംസ് എന്ന കടലിലേക്ക് എടുത്ത് ചാടി. ഏതാണ്ട് ഒരു മണിക്കൂര്‍കണ്ട്രോൾ സിസ്റ്റംവുമായി മല്ലിട്ടതിനു ശേഷം ഡേവിഡ് പുസ്തകം അടച്ചു വെച്ചു. ആരോടെന്നിലാതെ പറഞ്ഞു ചെവിക്ക് ഭയങ്കര വേദന .
അത് കേട്ട് തന്റെ കൈയ്യിലിരുന്ന സോൾഡറിങ് അയേൺ താഴെ വെച്ച് കുര്യൻ ഒരു ഡോക്ടര്‍ രോഗിയെ പരിശോധിക്കുന്നത് പോലെ ഡേവിഡിനെ നോക്കി. വായിച്ചതിന് ശേഷമാണ് ചെവിക്ക് വേദനയെങ്കിൽ അതിന് ഒരേയൊരു ചികിത്സ മാത്രമേയുള്ളു. ഈ സമയം ആരോ പറഞ്ഞ് വിളിപ്പിച്ചതുപോലെ സതീഷൻ ഞങ്ങളുടെ മുറിയിലേക്ക് വന്നു. അല്ലെങ്കിലും ഒരു കണ്ട്രോളും ഇല്ലാതെ നടക്കുന്ന കൂട്ടരായിരുന്നു ഇലക്ട്രോണിക്സുകാർ . ഇവറ്റകൾ എന്താ പഠിക്കുന്നത് ചോദിച്ചാല്‍ ബൊഹോമോസ് മാതിരി കട്ടിയുള്ള സാധനങ്ങള്‍ ഇറക്കി വിടും. മുൻഷിയെന്ന ടിവി പരിപാടിയിലെ കിളവൻ്റെ ഡയലോഗ് പോലെ. ചോദിക്കാന്‍ ചെന്ന നമ്മള്‍ വിഢികളാവുകയും ചെയ്യും.
തന്റെ ചെവിയുടെ വേദന മാറാനുള്ള മരുന്ന് എന്താണെന്ന് അറിയാനായി ഡേവിഡ് കുര്യൻ്റെ അടുത്തേക്ക് നോക്കി. കുര്യൻ്റെ മുഖത്തേക്ക് എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞു. കുര്യൻ ഡേവിഡിനെ നോക്കി പതുക്കേ പറഞ്ഞു സ്ത്രീകളുമായി ബന്ധപ്പെടണം. ഡേവിഡ് ഒന്ന് ഞെട്ടി. സതീഷൻ്റെ മുഖത്ത് ഒരു മന്ദഹാസം തളിർത്തു. നീ എന്തൂട്ടായി പറയുന്നത് എന്നുള്ള ഡേവിഡിൻ്റെ ചോദ്യം കുര്യൻ മാത്രമേ കേട്ടുള്ളു. എന്റെ ചാരിത്ര്യം പോവില്ലേ എന്ന ഡേവിഡിന്റെ ചോദ്യം കേട്ട കുര്യൻ തന്റെ ശബ്ദം ഉയര്‍ത്തി പറഞ്ഞു സ്ത്രീകളോട് സല്ലപിക്കണമെന്നാണ് ഞാൻ പറഞ്ഞത് അല്ലാതെ നീ ഉദ്ദേശിച്ച പോലെയല്ല. അതെങ്ങനെയാണെന്ന് പറ, വേണ്ടാത്ത ചിന്തകളല്ലേ എപ്പോഴും മനസ്സില്‍, നിന്നെയൊന്നും പറഞ്ഞിട്ട് ഒരുകാര്യവുമില്ല ,നിന്റെയൊക്കെ പ്രായത്തിന്റെ കുഴപ്പമാണിതെല്ലാം….. കുര്യനിലെ സീനിയർ സിറ്റിസൺ വാചാലനായി. ആന കൊടുത്താലും കിളിയെ ആശ കൊടുക്കാമോ എന്ന പാട്ട് സതീഷ് കുര്യനെ നോക്കി മനസ്സില്‍ മന്ത്രിച്ചോ എന്നെനിക്കൊരു സന്ദേഹം.
അപ്പോഴേക്കും നമ്മുടെ അയൽക്കാർ എല്ലാം എത്തി. കാര്യങ്ങള്‍വിശദമായി അവരെ ധരിപ്പിക്കുന്ന കർത്തവ്യം സതീഷ് ഭംഗിയായി നിർവഹിച്ചു. എല്ലാ കാര്യങ്ങളും വളരെ സിമ്പിൾ ആണെന്ന് വിശ്വസിക്കുന്ന ഗോപാലനാണ് ആദ്യം പ്രതികരിച്ചത് . ലേഡീസ് ഹോസ്റ്റലിൽ വിളിച്ച് വാർഡനോട് സല്ലപിച്ചൂടേ എന്ന അവന്റെ അഭിപ്രായം തരക്കേടില്ല എന്നെനിക്ക് തോന്നി. പെട്ടെന്നാണ് ക്രമസമാധാന പ്രശ്നവുമായി രാമന്‍ മുമ്പോട്ട് വന്നത്. വാർഡനെ വിളിച്ചാല്‍ അവിടെ സല്ലാപമല്ല, സംഘർഷമാണുണ്ടാവുകയെന്ന് പ്രസ്താവിച്ചു. സ്വന്തം അനുഭവങ്ങളുടെ പിൻബലത്തിലുള്ള അവന്റെ ഈ വിലയിരുത്തല്‍ ശരിയാണെന്ന് എല്ലാവരും അംഗീകരിച്ചു.
പരീക്ഷയൊക്കെ അടുത്ത് വരികയെല്ലെ അല്പം ഈശ്വര ചിന്തയുള്ള സംഭാഷണമാണ് അഭിലഷണീയം എന്നു പറഞ്ഞത് ഞങ്ങളുടെ കൂട്ടത്തില്‍ശാന്തനായ കുമാരനാണ്. അത് കേട്ടതോടെ എല്ലാവരും ചിന്തയിലാണ്ടു. അല്പസമയത്തിന് ശേഷം ഡേവിഡ് കസേരയില്‍നിന്നെഴുന്നേറ്റു ഒരു ചെറുചിരിയോടെ പറഞ്ഞു അതിനു വഴിയുണ്ട്. മുറിയുടെ പുറത്തേക്കിറങ്ങിയ ഡേവിഡിനെ ഞങ്ങള്‍ പിന്തുടർന്നു.ഞങ്ങളെല്ലാവരും ഡേവിഡിന്റെ പിറകെ ഹോസ്റ്റലിലെ ഫോൺ റൂമിനെ ലക്ഷ്യമാക്കി നീങ്ങി. ഒരു പടനായകനെപോലെ ഡേവിഡ് ഉറച്ച മനസ്സോടെ മുന്നില്‍ നിന്ന് ഞങ്ങളെ നയിച്ചു. അവിടെയെത്തിയപ്പോഴാണ് തന്റെ മനസ്സിലിരിപ്പ് ഡേവിഡ് ഞങ്ങളുമായി പങ്ക് വെച്ചത്. ഈയടുത്ത കാലത്തായിട്ട് ചരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ പാലക്കാട്ടെ അണിയറ പ്രവര്‍ത്തികരിൽ മുൻപന്തിയിൽ നിൽക്കുന്ന സെവൻത് സെമെസ്ടറിലെ ബീനയാണ് ഇന്നത്തെ ‘പ്രൈം ടൈമിലെ അതിഥിയെന്ന് ഡേവിഡ് പറഞ്ഞപ്പോള്‍കാര്യങ്ങള്‍കൈവിട്ട് പോകുമോ എന്ന ആശങ്ക ആ മുറിയില്‍പടർന്നു.
ഡേവിഡിന് എല്ലാവിധ ആശംസകളും നേർന്നു കൊണ്ട് മനീഷ് ലേഡീസ് ഹോസ്റ്റലിലെ നമ്പര്‍ഡയൽ ചെയ്ത് ഡേവിഡിന് ഫോണ്‍കൈമാറി. ആദ്യത്തെ റിങിനുതന്നെ ആരോ ഫോണെടുത്തു കാണാന്‍കൊള്ളാവുന്ന ഏതോ പയ്യൻമാരുടെയോ ഫോണ്‍കാത്തുനിന്ന ആ കുട്ടിക്ക് ബീനായെ ലൈനിൽ വേണമെന്നുള്ള അഭ്യര്‍ത്ഥന അത്ര ഇഷ്ടപ്പെട്ടില്ല. അഞ്ചു മിനിറ്റ് വെയ്റ്റ ചെയ്യേണ്ട വരുമെന്ന് പറഞ്ഞുകൊണ്ട് അവള്‍ഒരു ശബ്ദത്തോടുകൂടി റിസീവർ ടേബിളിന്റെ പുറത്തേക്കെറിഞ്ഞിട്ട് പോയി. അഞ്ചു മണിക്കൂര്‍വരെ വെയ്റ്റ് ചെയ്യാന്‍മനസ്സൊരുക്കമുള്ളതിനാൽ ആർക്കും അവളോട് പ്രത്യേകിച്ച് പരിഭവമൊന്നും തോന്നിയില്ല.
അല്പസമയത്തിന് ശേഷം ഹലോ എന്ന ശബ്ദം ഫോണിലൂടെ ഒഴുകി വന്നപ്പോള്‍ഞങ്ങളുടെ റൂമില്‍ശാന്തത പടർന്നു. ബീനയല്ലെ ഞാന്‍ഇവിടെ ന്യൂമാൻസ് കോളേജില്‍പുതുതായി ചാർജെടുത്ത വാർഡൻ ജോസഫാണ്. ഡേവിഡ് തന്നെ പരിചയപ്പെടുത്തി. പറയൂ സാറെന്ന ഭക്തിപുരസരമുള്ള മറുപടി കേട്ടപ്പോള്‍തന്റെ ആദ്യത്തെ പാസ് കണക്ട് ചെയ്തുവെന്ന് ഡേവിഡിന് മനസ്സിലായി. നിങ്ങളുടെ കോളേജിലേ ചരിസ്മാറ്റിക് പ്രവര്‍ത്തനങ്ങളെ കുറിച്ച് വളരെ നല്ല് അഭിപ്രായം ഞങ്ങളുടെ പ്രിൻസിപ്പാൾ മാത്തൻ സാര്‍പറഞ്ഞത്‌കൊണ്ടാണ് വിളിക്കുന്നതെന്ന് കേട്ടപ്പോള്‍ബീന അവിടെ കസേരയില്‍ഒന്നു നിവർന്നിരുന്നു.
ഇവിടെ കുട്ടികള്‍തീരെ ദൈവവിശ്വാസമില്ലാതെയാണ് ജീവിക്കുന്നതെന്ന് പറഞ്ഞ് ഡേവിഡ് ചർച്ചയക്ക് തുടക്കമിട്ടു. ആധുനിക കാലത്ത് കുട്ടികളിൽ ദൈവവിശ്വാസം വളര്‍ത്തുന്നതിന്റെ പ്രധാന്യത്തെകുറിച്ചും അത് സമൂഹത്തില്‍ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചും പറഞ്ഞു കൊണ്ട് ചർച്ചയുടെ നിയന്ത്രണം ബീന ഏറ്റെടുത്തു. ഒരോ കുട്ടിയെയും കളഞ്ഞു പോയ കുഞ്ഞാടായി കാണണമെന്ന് ബീന പറഞ്ഞപ്പോള്‍’മേരി ഹാഡ് എ ലിറ്റലെലാംബ് ‘ എന്ന പാട്ട് പതുക്കെ മൂളി ഗോപാലൻ തന്റെ പോപ്പ് സംഗീതത്തിലുള്ള അറിവ് പ്രകടിപ്പിച്ചു.
അപ്പോഴും ചർച്ച അവിടെ നിർബാധം തുടരുകയാണ്. കുട്ടികളിൽ ബൈബിള്‍വായന ശീലം വളർത്തണമെന്ന അഭിപ്രായം ഉയര്‍ന്നു വന്നു. അതിന്റെ കൂടെ ഒരു സൈഡ് ഡിഷ് ആയിട്ട് മറ്റേതെങ്കിലും പുസ്തകങ്ങള്‍വേണമോ എന്ന് ഡേവിഡിൻ്റെ ചോദ്യമാണ് ഉച്ചയൂണിന് സമയമായിയെന്ന് എല്ലാവരെയും ഒാർമ്മിപ്പിച്ചത്. ബൈബിളിലെ വാക്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നത് നല്ലതായിരിക്കുമെന്നുള്ള ബീനയുടെ അഭിപ്രായം തരക്കേടില്ലാത്തതാണെന്ന് പറഞ്ഞു കൊണ്ട് താനതിന് തുടക്കമിട്ടു കഴിഞ്ഞുവെന്ന് ഡേവിഡ് പറഞ്ഞത്‌ഒരബദ്ധമായി പോയില്ലേ എന്ന് ഞങ്ങൾക്ക് തോന്നി. ഏതു വാക്യങ്ങൾ ആണ് പഠിപ്പിക്കുന്നതെന്നുള്ള ബീനയുടെ ചോദ്യം ഞങ്ങളെ വല്ലാതെ കുഴക്കി. അത് നമ്മുടെ ലാസറേട്ടൻ മരിച്ചപ്പോൾ ഈശോ കണ്ണീർ വാർത്തുവെന്ന വാക്ക്യമൊക്കെ ഞാന്‍പഠിപ്പിച്ചു തുടങ്ങിയെന്ന് പറഞ്ഞ് ഡേവിഡ് തടിതപ്പി. അത് യോഹന്നാൻ്റെ സുവിശേഷമല്ലെ, തുടക്കാർക്ക് സങ്കീർത്തനമാണ് നല്ലതെന്ന് പറഞ്ഞ ബീനയുടെ ശബ്ദത്തില്‍ഒരല്പം പരിഹാസം കലർന്നിട്ടുണ്ടായിരുന്നോ എന്നൊരു സംശയം.
അങ്ങനെ കുട്ടികളുമായി സംസാരിച്ചതിന് ശേഷം ഒരു കൗൺസിലിങ് സെഷൻ ഏർപ്പാടാക്കാമെന്ന് തീരുമാനിച്ച് സംഭാഷണം അവസാനിപ്പിച്ചപ്പോൾ ഡേവിഡിന്റെ ചെവിയുടെ വേദന പൂര്‍ണമായും മാറിയിരുന്നു.
ആറേഴു മാസങ്ങള്‍ക്ക് ശേഷം ഫൈനൽ ഇയേർസ് ഡേയിൽ നാല് കുപ്പി നോഖൗട്ട് അകത്താക്കി എല്ലാ പാപങ്ങളും ബീനയുടെ മുമ്പില്‍ഏറ്റു പറഞ്ഞപ്പോഴാണ് അവനറിയുന്നത് വഴിതെറ്റി പോയ ഇടയനും ആട്ടിൻകുട്ടികൾക്കും നല്ല ബുദ്ധി തോന്നാൻ വേണ്ടി ബീനയും സംഘവും എന്നും പ്രാർത്ഥിക്കാരുണ്ടായിരുന്നുവെന്ന്..