മുഖക്കുറിപ്പ്

December  2023

നമ്മുടെ കാലത്തെ പുതിയ നിഘണ്ടുകളില്‍‌ ഒന്നാണ്‌ “അര്‍‌ബന്‍ ഡിക്ഷനറി”. അതില്‍‌ പുതിയൊരു വാക്ക് ഇടം‌ പിടിച്ചിരിക്കുന്നു. “ഇസ്രായേല്‍‌ഡ്” (Israeled) എന്നാണ്‌ ആ വാക്ക്. നിങ്ങള്‍‌ ഒരു കോഫി ഷോപ്പില്‍‌ ഇരിക്കുമ്പോള്‍‌ ഒരു അപരിചിതന്‍ വന്ന് കൂടെ ഇരുന്നോട്ടെ എന്ന് ചോദിച്ച് അടുത്തിരിക്കുകയും, അല്‍പ്പസമയത്തിനു ശേഷം‌, അദ്ദേഹത്തിന്‌ അവിടെ ഒരു യോഗം‌ കൂടേണ്ടതിനാല്‍‌ നിങ്ങള്‍ അവിടെ നിന്ന് എഴുന്നേറ്റു പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ്‌ ആ വാക്കിനു നല്‍‌കിയിരിക്കുന്ന ഉദാഹരണം. “അറബി ഒട്ടകത്തിന്‌ ഇടം‌ നല്‍‌കിയതു പോലെ” എന്നൊരു പഴമൊഴി മലയാളത്തില്‍‌ പ്രചാരത്തിലുണ്ട്. അതും ഉദാഹരണമായി നല്‍‌കാം.

യഥാര്‍‌ത്ഥത്തില്‍‌ ഇത്ര ലളിതമായ ഒരു കാര്യത്തിനാണ്‌ ലോകത്താകെ വലിയ വാദപ്രതിവാദങ്ങള്‍‌ നടക്കുന്നത്. ഒരു ജനത ഊഹാതീതമായ കഷ്ടപ്പാടുകള്‍‌ അനുഭവിക്കുന്നത്. യുക്തിയുടെയും ശാസ്ത്രബോധത്തിന്റെയും കാര്യത്തില്‍‌ ഏറെ മുന്നേറിയെന്ന് അവകാശപ്പെടുന്ന ലോകജനത ലജ്ജിച്ചു തലതാഴ്‌ത്തേണ്ട സംഭവങ്ങളാണ്‌ കുറച്ചുകാലമായി ലോകത്ത് അരങ്ങേറുന്നത്.

 തങ്ങള്‍ ജീവിച്ചിരുന്ന ഭൂഭാഗത്തില്‍‌ എവിടെ നിന്നോ വന്നവര്‍‌ ഭരിക്കുമ്പോള്‍, തങ്ങള്‍‌ക്ക് ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കു പോകണമെങ്കില്‍‌ അവര്‍‌ തരുന്ന പാസ് കാണിച്ച് അവര്‍ സമ്മതിച്ചാലേ പറ്റുകയുള്ളൂ എന്നതാണ്‌ പലസ്തീനിലെ അവസ്ഥ. ലോകത്ത് ഒരിടത്തു നടക്കുന്ന ഭീകരമായ ഈ അനീതി സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തോലന്‍‌മാരായി ഭാവിക്കുന്ന ആളുകള്‍‌ക്ക് മനസ്സിലാവാത്തതാണോ? അവര്‍‌ക്ക് സ്വാതന്ത്ര്യത്തോടോ, അവര്‍‌ പറയുന്ന മറ്റ് ആദര്‍‌ശങ്ങളോടോ അല്ല കൂറ്, നേരെ മറിച്ച് അധികാരത്തോടും അധിനിവേശത്തോടുമാണ്‌ എന്നതിന്റെ തെളിവാണ്‌ ഇന്ന് ലോക വന്‍ശക്തികള്‍‌ കാണിക്കുന്ന നെറികേട്. അവര്‍‌ക്കെതിരെ അവരുടെ രാജ്യങ്ങള്‍‌ക്കകത്തുനിന്നു തന്നെ പ്രതിഷേധങ്ങള്‍‌ ഉയരുന്നു എന്നതിനും ഈ കഴിഞ്ഞ ദിവസങ്ങളില്‍‌ നാം സാക്ഷിയായി.

സ്വാതന്ത്ര്യം‌ നിഷേധിക്കപ്പെടുന്നവര്‍‌ക്കെല്ലാം മനസ്സിലാവുന്ന തീരാനോവാണ്‌ പലസ്തീനിലെ ജനത കടന്നുപോകുന്ന ദുരവസ്ഥ. അതുപോലെ, സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന രാജ്യങ്ങളില്‍ ജീവിച്ചിരുന്നവര്‍‌ക്കെല്ലാം മനസ്സിലാവുന്ന ഒന്നാണ്‌ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ ചെറുത്തുനില്‍‌പ്പുകളും കുതറലുകളും. അതിനെ അടിച്ചമര്‍‌ത്തുന്നവരുടെ ജയങ്ങള്‍‌ക്ക് അല്‍‌പ്പായുസ്സാണ്‌, അന്തിമ വിജയം‌ സ്വാതന്ത്ര്യകാംക്ഷികളുടേതാണ്‌ എന്നതിന്‌ ചരിത്രം തെളിവാണ്‌. പലസ്തീനിലെ ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളോട് അനുഭാവവും, അവരുടെ സമരപോരാട്ടങ്ങളോട് ഐക്യദാര്‍‌ഢ്യവും പ്രഖ്യാപിക്കാന്‍ ഈ അവസരം ദര്‍‌ശനയ്ക്കും, “ദ ഐ”യ്ക്കും വേണ്ടി ഉപയോഗപ്പെടുത്തുകയാണ്‌.

സ്വാതന്ത്ര്യത്തിന്റെ സ്വര്‍‌ഗത്തിലേക്ക് പലസ്തീന്‍ ജനത മിഴി തുറക്കുന്ന ആ ദിവസത്തിനു വേണ്ടി അവരെപ്പോലെ, ലോകത്തെമ്പാടുമുള്ള നീതിബോധമുള്ളവരോടൊപ്പം നമ്മളും കാത്തിരിക്കുന്നു.

പ്രതീക്ഷകളോടെ പത്രാധിപസമിതി

Share on facebook
Share on twitter
Share on linkedin
WhatsApp