അലോഷി പറഞ്ഞത്

PaasportPhoto_Lakshmi
അമ്മു വള്ളിക്കാട്ട്
2008 CS

ജനകീയ ഗായകൻ അലോഷി ആഡംസും, എഴുത്തുകാരായ അമ്മു വള്ളിക്കാട്ടും, രാജീവ്‌ മഹാദേവനും തമ്മിൽ മസ്കറ്റിൽ വച്ചു നടന്ന സംഭാഷണം

Q. അലോഷീ കമ്മ്യൂണിസ്റ്റ് ആണോ?

A. പാർട്ടിമെമ്പർ ഒന്നുമല്ല, കമ്മ്യൂണിസം ഇഷ്ടമാണ്. ജനിച്ചത് കോൺഗ്രസ് പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്. കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ ഒരുപാട് സഖാക്കളുമായി നല്ല സൗഹൃദം ഉണ്ട്. അടിസ്ഥാന വർഗത്തിനായി മനുഷ്യപക്ഷത്ത് നിന്ന് പൊരുതുന്നവരോട് എന്നും സ്നേഹം. എല്ലാവരും നല്ലവരാണെന്ന തെറ്റിദ്ധാരണ ഇല്ല.

Q. അമ്മയുടെ പാട്ട് കേട്ടാണ് ഞാൻ വളർന്നത് എന്ന് വേദിയിൽ വച്ച് പറയുന്നത് കേട്ടു. അലോഷി കടന്നു വന്ന സംഗീത വഴികളെ കുറിച്ച് വിശദീകരിക്കാമോ?

A. എന്റെ മമ്മിയാണ് എന്റെ സംഗീതം.. മമ്മിയുടെ പാട്ട് കേട്ടാണ് ഞാൻ വളർന്നത്. മമ്മി വീട്ടിൽ എല്ലായ്‌പ്പോഴും പാടിക്കൊണ്ടിരിക്കുന്ന ആളാണ്. ഭരതനാട്യവും മയൂരനൃത്തവും ഒക്കെ നന്നായി പഠിച്ചിട്ടുള്ള നൃത്ത അധ്യാപികയായിരുന്നു. കഥക് പഠിക്കാൻ ചെറുപ്പത്തിൽ വടക്കേ ഇന്ത്യയിൽ പോയ കഥയും കേട്ടിട്ടുണ്ട്. പത്താം ക്ലാസ് വരെയൊന്നും കലോത്സവങ്ങളിലും മറ്റു മത്സരങ്ങളിലും പാടി വന്നിട്ടുള്ള ആളല്ല ഞാൻ. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒന്നും ഞാൻ പാടിയിട്ടേ ഇല്ല എന്ന് പറയുന്നതായിരിക്കും ശരി. ഞാൻ പാടുമെന്നു ആർക്കും അറിഞ്ഞു കൂടായിരുന്നു. വീടിനടുത്തുള്ള ചർച്ചിൽ ക്വയർ പാടിയാണ് തുടക്കം. നന്നായി പാടുന്ന ഒരുപാട് സുഹൃത്തുക്കളെ നാട്ടിൽ തന്നെ എനിക്ക് കിട്ടി. ഒരു മൈക്ക് വച്ച് ഞങ്ങൾ എട്ടോ പത്തോ പേര് ആ ചെറിയ പള്ളിക്കകത്തു തീർത്ത ഹാർമ്മണി ഇന്നും കാതിലുണ്ട്. പയ്യന്നുർ കോളേജിൽ ആയിരുന്നു പഠനം. അവിടെ ഞാൻ പാട്ടുകാരൻ അലോഷിയായി ഓടിനടന്നു. വലിയ സുന്ദരൻ ഒന്നും അല്ലാതിരുന്നിട്ടും പാട്ടുകൊണ്ട് പിടിച്ചുനിന്നു. ഇഷ്ടപ്പെട്ട പാട്ടുകൾ റീവൈൻഡ് ചെയ്ത് കേൾക്കുന്ന ആളാണ് ഞാൻ. അതൊക്കെ തന്നെയാണ് എന്റെ പാട്ടുപഠിത്തം എന്ന് പറയാം. കൊച്ചിയിൽ ജോലി ചെയ്തിരുന്ന സമയത്ത് ശാസ്ത്രീയമായ പഠനം തുടങ്ങിയിരുന്നു. പെട്ടെന്ന് യുഎഇയിലേക്ക് പ്രവാസിയായി പോകേണ്ടിവന്നു പഠനം ഉപേക്ഷിച്ചു. ദുബായിയിൽ സംഗീതം ആസ്വദിക്കുന്ന സുഹൃത്തുക്കൾ ഉണ്ടായി. ജോലികഴിഞ്ഞുള്ള സമയം പാട്ടുകേട്ടും പാടിയും നടന്നു. പല പാട്ടുകൂട്ടങ്ങളിലും നിത്യസന്ദർശകനായി.

Q സ്വന്തം കഴിവ് എന്നാണ് തിരിച്ചറിഞ്ഞു തുടങ്ങിയത്?

A. അങ്ങനെ വലിയ കഴിവുള്ള ആളൊന്നുമല്ല. പൊതുവേ മടിയനുമാണ്. ക്യാമ്പസ്സിനകത്തും പുറത്തും സൗഹൃദങ്ങൾ തന്നെയാണ് പ്രോത്സാഹിപ്പിച്ചതും ആത്മവിശ്വാസം തന്നതും അവസരങ്ങൾ ഒരുക്കിയതും. വലിയ പാട്ടുകാരൻ ആവണമെന്ന മോഹവും ഉണ്ടായിരുന്നില്ല. സുഹൃത്തുക്കൾക്കൊപ്പം ഉള്ള ഇരിപ്പാണ് എന്നെ ഒരു പാട്ടുകാരനാക്കിയത്. എവിടെ യാത്രപോയാലും ആരെങ്കിലും ഇണ്ടാകും സ്വന്തമെന്ന് പറയാൻ. പയ്യന്നൂർ കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ എല്ലാം സജീവമായി. അവിടുന്നിങ്ങോട്ട് ഞങ്ങളുടെ കോളേജ് തന്നെയാണ് തുടർച്ചയായി ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ടിരിക്കുന്നത്. എവിടെ പാടുമ്പോഴും, അന്ന് പാടുന്ന അതേ പോലെയാണ് എനിക്ക് തോന്നാറുള്ളത്. ഇടയിൽ ഒരു മൈക്ക് ഉണ്ട്, കുറച്ചാളുകൾ അധികമുണ്ട്, കുറച്ചു ഉയരത്തിലാണ് ഇരിപ്പ് എന്ന വ്യത്യാസം മാത്രം. കൂട്ടമായി ഇരുന്ന് പാട്ടുകൾ പാടാനാണ് ഇഷ്ടം. വേദി ഒരുപാട് ഉയരത്തിൽ ആവാതിരിക്കാൻ ഞാൻ ആഗ്രഹിക്കാറുണ്ട്. സാധാരണക്കാർക്കിടയിൽ കവലകളിലിരുന്ന് പാടുന്നത് ഒരു സുഖംതന്നെയാണ്. നാട്ടിൻപുറങ്ങളിൽ ആളുകൾ വളരെ സ്നേഹത്തോടുകൂടിയാണ് ഇടപെടുന്നത്. അവർക്ക് ഇഷ്ടപ്പെട്ട പാട്ടുകൾ ആണ് പൊതുവേ പാടാറ്. ഒരു ലിസ്റ്റുമായി ഞാൻ ഒരു പരിപാടിക്കും ഇന്നേ വരെ പോയിട്ടില്ല. ഇത്രയിത്ര പാട്ടു പാടണം ഇത്ര സമയം പാടണം എന്ന തീർപ്പ് ഒക്കെ ഇല്ലാതെയാണ് എന്റെ പോക്ക്. ആളുകൾ പറയുമ്പോൾ അറിയാവുന്നതുപോലെ അവരുടെ കൂടെ പാടുക. അവർ എന്നെയല്ല, ഞാൻ സദസ്സിൽ ഉള്ളവരെയാണ് ആസ്വദിക്കുന്നത് എന്ന് എല്ലായിപ്പോഴും തോന്നാറുണ്ട്.

Q. പാട്ടിന് കൂലി കൊടുക്കേണ്ടതില്ല എന്ന് കാഴ്ചപ്പാട് പലർക്കും ഉണ്ട്. അതിനോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?

A. കല ഉപജീവനം ആയി കാണുന്നവരെ പരിഗണിക്കുക തന്നെ വേണമല്ലോ. അവർക്കും ജീവിതവും കുടുംബവും ഉണ്ടല്ലോ. രണ്ടായിരം മുതൽ രണ്ടുകോടി വരെ പ്രതിഫലം വാങ്ങുന്നവരുണ്ട്. കലയെ കലയായും ബിസിനസ്‌ ആയും കാണുന്നവരുണ്ട്. എന്റെ ജീവിതം ഇപ്പോൾ മുന്നോട്ട് പോകുന്നത് പാട്ട് കൊണ്ടാണ്. പണം വാങ്ങാതെ പാടിയ നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഞാൻ ഫുൾടൈം പാട്ടുകാരൻ ആണ്. എന്റെ കൂടെയുള്ളവരെല്ലാം സംഗീതം കൊണ്ട് ഉപജീവനം കഴിക്കുന്നവരാണ്. അവർക്കുള്ള വേതനം തീർച്ചയായും ലഭിക്കണം. പിന്നെ ഇത് മുന്നോട്ടു കൊണ്ടുപോകാനുള്ള തുക മാത്രമേ ഞാൻ ആവശ്യപ്പെടാറുള്ളൂ. അവസരം എന്നുള്ളത് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. കൊറോണ കാലത്തൊക്കെ വരുമാനം ഇല്ലാതായി എന്നുള്ളതായിരുന്നില്ല എന്നിലെ കലാകാരന്റെ മുഖ്യപ്രശ്നം, അവതരിപ്പിക്കാൻ വേദി കിട്ടുന്നില്ല എന്നുള്ളതായിരുന്നു. അവതരണം ഇല്ലെങ്കിൽ പിന്നെ കലയില്ല. എവിടെയെങ്കിലും പാടണം. അന്ന് ഓൺലൈനായി കിട്ടുന്ന വേദികളിൽ ഞങ്ങൾ പാടി. സദസ്യരെ കാണാതെ, അക്ഷരങ്ങൾ ( സന്ദേശങ്ങൾ) നോക്കി കൊണ്ട് പാടണം. പാടുക, അതിനാണ് പ്രഥമ പരിഗണന.

Q. സംഗീതം കൊണ്ട് മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം എന്താണ്?

A. എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. ആസ്വാദകന്റെ രാഷ്ട്രീയം ഏതെന്ന് തിരക്കാറില്ല. സാധാരണക്കാരന് അപ്രാപ്യമായി ഒരു കലയും ഉണ്ടാകാൻ പാടില്ല. അടിസ്ഥാനവർഗത്തെ ഉണർത്തുകയും അനാവശ്യ ജാതിമത വർഗീയ ചിന്തകളെ വിട്ടുവീഴ്ചയില്ലാതെ തുറന്നുകാട്ടുകയും ചെറുക്കുകയും ചെയ്യുക എന്നുള്ളത് ഒരു ഉത്തരവാദിത്വമാണ്. അതിനാവശ്യമായ പാട്ടുകൾ എഴുതാനും പാടാനും ആണ് ഇനി എന്റെ ശ്രമം. മനുഷ്യനെ ഒരുമിപ്പിക്കാൻ ഉള്ളതാണ് കല. ഒറ്റവർഗ്ഗം എന്ന ബോധത്തോടെ ഒരുമിച്ച് പാടാനും ആടാനും നാടകം കളിക്കാനും കൈകോർക്കുന്ന ഒരു സമൂഹമാകണം നമ്മൾ.

Q. പിന്നണി ഗാനരംഗത്തേക്കുള്ള പ്രവേശന സാദ്ധ്യതകൾ?

A. സിനിമ പിന്നണിഗാനരംഗം എന്റെ മേഖല അല്ലെന്നുതോന്നുന്നു. ഭാവിയിൽ പാടിക്കൂടെന്ന് ഇല്ല കേട്ടോ. പഴയ കാലം അല്ല. സിനിമയിൽ തന്നെ പാട്ടുകൾ കുറഞ്ഞല്ലോ. പിന്നെ നടന്മാർ തന്നെ മിക്കവരും നല്ല പാട്ടുകാരും ആണ്. പൃഥ്വിരാജും ദുൽഖറും ഒക്കെ നന്നായി പാടുന്നുണ്ടല്ലോ. സ്വന്തം പാട്ടുകൾ ചെയ്യുക എന്നത് ഞാൻ ഏറെ ആസ്വദിക്കുന്നു. പ്രിയപ്പെട്ട സുഹൃത്ത് സക്കറിയ എഴുതിയ ചില പാട്ടുകൾ ഞാൻ പാടിയിട്ടുണ്ട്. ഖുർബത്ത്, തിരമാല, നീ.. തുടങ്ങിയ ആൽബങ്ങൾ. കുറച്ചു പാട്ടുകൾ പെട്ടിയിലുണ്ട് കുറേഎണ്ണം മനസ്സിലും. ശിഹാബുദ്ദീൻ പൊയ്ത്തിൻകടവിന്റെ ഒരു പാട്ട് തയ്യാറാവുന്നുണ്ട്. ട്യൂണിങ്ങ് എനിക്ക് ഇഷ്ടമുള്ള മേഖലയാണ്. ചെറുതായി ഹാർമോണിയം വായിക്കും . രാഗങ്ങൾ ഒന്നും അറിയില്ല. വരികൾ വായിക്കുമ്പോ മനസ്സിലേക്ക് വരുന്ന വികാരമാണ് പാട്ടാവുക. എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല. നന്നാക്കാൻ വേണ്ടി വിമർശിക്കുന്ന സുഹൃത്തുക്കളാണ് എന്റെ ശക്തി.

Q. സംഗീതത്തിൽ നിലനിൽക്കുന്ന വരേണ്യയെ കുറിച്ച് എന്താണ് അഭിപ്രായം?

A. ജാതിചിന്ത, അതിനുമപ്പുറം പുച്ഛം വേറൊന്നിനോടും തോന്നിയിട്ടില്ല. എല്ലാ കലയും എല്ലാവർക്കും പഠിക്കാനും അവതരിപ്പിക്കാനും ഇന്ന് അവസരം ഉണ്ട്. തൊലിയുടെ നിറവ്യത്യാസമനുസരിച്ചു കലയെ വീതം വെക്കുന്ന കാലം കഴിഞ്ഞു. അതിനേക്കാൾ കേമമാണ് ഇത് എന്ന് പറയുന്ന മണ്ടന്മാർ ഉണ്ട്. നഞ്ചിയമ്മയെ കൊച്ചാക്കിയത് നാം കണ്ടല്ലോ. നഞ്ചിയമ്മക്ക് അവാർഡ് കിട്ടിയതിൽ ഏറെ സന്തോഷം തോന്നി. എന്തൊരു രസമായിരുന്നു അവരുടെ പാട്ട്. ആ സിനിമയുടെ മൂഡ് തന്നെ സെറ്റ് ചെയ്‌ത പാട്ടാണത്. അധ്വാനിക്കുന്നവരുടെ സംഗീതത്തോടാണ് ആണ് താല്പര്യം. ‘ഐലേസാ’ എന്ന് ആളുകൾ കൂട്ടമായി പറയുമ്പോൾ അതിൽ ഒരു താളമുണ്ട്. ആ താളത്തിൽ വലിക്കുമ്പോൾ മാത്രമാണ് ആ തടി നീങ്ങുന്നത്. മനുഷ്യർക്കിടയിൽ പലതരം സംഗീതങ്ങൾ നിലനിൽക്കുന്നു. അത് അവരുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നു. അവരുടെ ജീവിതത്തെ, അധ്വാനത്തെ, സന്തോഷത്തെ പുറം ലോകത്തെത്തിക്കുന്നു. ഭക്ഷണത്തിനും ഉറക്കത്തിനും ഇടയിലുള്ള ചെറിയ ഏർപ്പാട് മാത്രമല്ല സംഗീതം.

Q. പാടുന്ന വരികളെപ്പറ്റി?

A. ലളിതമായ വരികൾ കൂടുതൽ പാടാൻ ഇഷ്ടം ആണ്. സമൂഹത്തിന് നല്ല സന്ദേശങ്ങൾ പകരുന്ന എഴുത്തുകരോട് ആരാധനയാണ്. “മൃഗാങ്ക തരളിത മൃണ്മയ കിരണം മഴയായ് തഴുകുമ്പോൾ” അതിനേക്കാൾ ഇഷ്ട്ടം ” ഞാൻ വളർത്തി ഖല്ബിലെ മോഹം പോത്ത് പോലെ വളർന്നല്ലോ” എന്ന എഴുത്താണ്. എഴുത്തിന്റെ ഒരു സിംപ്ലിസിറ്റി ഉണ്ട് അതാണ് സാധാരണക്കാർ തേടുന്നത്. സംഗീതം മാത്രമായി ആസ്വദിച്ചാൽ അതിനു പൂർണ്ണതയില്ല. വരികൾ നമ്മുടെ സംസ്കാരത്തെ അടയാളപ്പെടുത്തുന്നത് ആയിരിക്കണം. നമ്മുടെ മനസ്സിൽ തോന്നുന്ന വികാരങ്ങൾ പാട്ടായി എത്തിക്കുക, അതിനു ചേർന്ന വരികൾ എഴുതുക. ഒരെഴുത്തും മോശമാണെന്ന അഭിപ്രായം ഇല്ല.. ഭാസ്കരൻ മാഷേ ഏറെ ഇഷ്ടം ആണ്.

Q. എത്തരത്തിലുള്ള പാട്ടുകൾ പാടുവാനാണ് താല്പര്യം?

A. മെഹബൂബ്നെ ഉമ്പായിക്കയെ ബാബുക്കയെ ഒക്കെ പാടാൻ നല്ല ഇഷ്ടം ആണ്. ചില ഗസലുകളും ശ്രമിക്കാറുണ്ട്. പരിപാടികൾക്ക് ഗസൽ സന്ധ്യ എന്നൊക്കെ പേര് വെക്കുന്നതിനോട് യോജിക്കുന്നില്ല. ഞാൻ ഒരു ഗസൽ ഗായകൻ ഒന്നും അല്ല. പൂർണമായും ഹിന്ദുസ്ഥാനി ഗസൽസ് മാത്രം ഉൾക്കൊള്ളിച്ച് കേരളത്തിന്റെ തെരുവോരങ്ങളിൽ പരിപാടികൾ നടക്കാറുണ്ടോ എന്ന് അറിയില്ല. ഞാൻ തോന്നും പടി പാടാൻ ഇഷ്ടപ്പെടുന്ന ആളാണ്. ഞാൻ പാടുന്നത് കേട്ടിട്ട് നിങ്ങൾക്കെന്ത് തോന്നി. ഇനി പാടരുതെന്നു പറയാൻ തോന്നിയോ. നിങ്ങൾ വരൂ കൂടെയിരിക്കൂ.. എന്തും പാടാം.. കഥകൾ പറയാം.

Q. പാട്ടുപാടുന്നവരെ, പ്രത്യേകിച്ച് വരികൾ എഴുതുന്നവരെയോ പൊതുസമൂഹം പലപ്പോഴും അംഗീകരിക്കാറോ അറിയാറോ ഇല്ല. പാട്ട് ആസ്വദിച്ച് കേട്ട് പോവുകയാണ് പതിവ്. എന്താണ് പറയാനുള്ളത്?

A. തിരസ്കരണം എന്നുള്ളത് മനപ്പൂർവമോ അല്ലാതെയോ എന്നുള്ളത് എല്ലാ മേഖലയിലുമുണ്ട്. പാട്ടുകൾ പലതും പാട്ടുകാരന്റെ പേരിൽ അറിയപ്പെടുമ്പോ അതിന്റെ സൃഷ്ടാവിനെ എഴുത്തുകാരനെ അറിയാതെ തിരസ്കരിക്കുന്നു. ആവശ്യമുള്ളവർ തിരഞ്ഞു പിടിച്ചു എഴുതുന്നു. തല്പരകക്ഷികൾ സർച്ച് ചെയ്ത് ഓർമ്മിക്കുന്നു. നമ്മുക്ക് അറിയാവുന്നതും അറിയുന്നവരും മാത്രം മതി എന്ന് ചിന്തിക്കരുത്. ഇതിനിടെ സൂരജ് സന്തോഷിന്റെ വീഡിയോയ്ക്ക് താഴെ വന്ന അശ്ലീല കമന്റുകൾ വായിച്ച് ലജ്ജതോന്നി. അദ്ദേഹം യൂത്തിന് വളരെ ഇഷ്ടമുള്ള, സംസ്ഥാന അവാർഡ് വരെ നേടിയ മികച്ച ഗായകനാണ്. അദ്ദേഹത്തിനെക്കുറിചുള്ള പോസ്റ്റിനു താഴെ വന്ന് ‘ഇയാൾ ആരാ’ എന്നുള്ള മട്ടിൽ ഒരുപാട് ചീത്ത വിളിക്കുന്നു. നമ്മൾക്ക് അറിയാത്തവരെല്ലാം മോശമാണ് എന്നുള്ള കാഴ്ചപ്പാട് തെറ്റാണ്. ഇത്തരത്തിലുള്ള വെർബൽ അബ്യുസിനെതിരെ ഹരീഷ് ശിവരാമകൃഷ്ണനെ പോലെയുള്ള ആളുകളൊക്കെ നന്നായി പ്രതികരിക്കുന്നവരാണ്. പക്ഷേ അങ്ങനെ പ്രതികരിച്ചിട്ടും വലിയ കാര്യമൊന്നുമില്ല. ഞങ്ങളുടെ പ്രതിരോധം പ്രതികരണം സംഗീതത്തിലൂടെയാണ്. എല്ലാത്തിനെയും വിമർശിക്കുന്ന നെഗറ്റീവ് പറയുന്ന ആളുകൾ ഉണ്ട്. നെവർ മൈൻഡ്. എല്ലാ ചെളിയും വൃത്തിയാക്കാൻ ആവില്ല. ചെരുപ്പിട്ടു നടക്കുക.

Q. നാളെ?
A. നാട്ടിലെത്തിയ ശേഷം ഉടൻ കുറച്ച് പ്രോഗ്രാമുകൾ ചെയ്യാനുണ്ട്. സ്വന്തമായി എഴുതി, സംഗീതം നൽകി പാട്ടുകൾ അവതരിപ്പിക്കണം എന്നാഗ്രഹിക്കുന്നു. കെട്ട കാലത്ത്, കെട്ട കാലത്തെക്കുറിച്ചുള്ള പാട്ടുകൾ എഴുതാനും പാടാനും ധൈര്യപ്പെടുന്നവരോട് തോൾ ചേർന്നു നിൽക്കാൻ കൊതിക്കുന്നു.

Q പ്രവാസികളെ കുറിച്ച്?

പ്രവാസികൾ എല്ലാം മറന്ന് പാട്ടിനൊപ്പം നൃത്തം വയ്ക്കുന്നു. ഇത് നമുക്ക് നാട്ടിൽ കാണാൻ സാധിക്കില്ല. കുടുംബമൊത്ത് കഴിയേണ്ട സമയം പിന്നീട് ഒരിക്കലും തിരിച്ചു പിടിക്കാൻ സാധിക്കില്ല. എല്ലാ സമ്മർദ്ദവും മറക്കാനായിട്ടാണ് അവർ കലാപരിപാടികൾക്ക് വരുന്നത്. മസ്ക്കറ്റിലെ കാണികളുടെ എനെർജിയും സ്നേഹവും അത്ഭുതപ്പെടുത്തി.

Q പാട്ടും കുടുംബവും

ഭാര്യയും മകനുമായി സന്തോഷമായി ജീവിക്കുന്നു. കുടുംബത്തിന്റെ പിന്തുണ വലിയ ഘടകം ആണ്. നിശിതനിയമങ്ങൾക്ക് അടിപെടാത്ത ജീവിതമാണ് എന്റേത്. അതുകൊണ്ട് കുടുംബവും പാട്ടും ഒത്തു കൊണ്ടുപോവാൻ ഒരു പ്രശ്നവും തോന്നിയിട്ടില്ല.

Share on facebook
Share on twitter
Share on linkedin
WhatsApp