“തിരിഞ്ഞോട്ടം” ഒരു “തിരിഞ്ഞു നോട്ടം”

Prashobh
Prashobh
 Brother of Dinoop 

ഭാഗം – 4

രണ്ടാം ദിവസം:-

 

(കഥയും കഥയിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം)

വൈകുന്നേരത്തെ ഉറക്കം കൊണ്ടാവണം, രാത്രി തീരെ ഉറക്കം വന്നില്ല. ആനയായിരുന്നു പ്രധാന ചിന്താവിഷയം.  ആനകളുടെ സെൻസിറ്റീവ് സ്വഭാവം വെച്ച് നോക്കുമ്പോൾ, നാട്ടിൽ കാണുന്ന ആനകളുടെ പ്രയാസങ്ങൾ എത്രമാത്രം അധികമായിയിരിക്കും!…

അവര്‍ക്ക് സംസാരിക്കാൻ പറ്റിയാല്‍ മനസ്സുതുറന്ന് പറഞ്ഞേനെ…

“നാട്ടിലെ ജീവിതം എത്ര ദുസ്സഹം” എന്ന്‌!!!.

എന്തായാലും രാവിലെ നാലു മണിക്കു തന്നെ എഴുന്നേറ്റ്, സാറിനെ ഞാൻ വിളിച്ചു. സാര്‍ കണ്ണുതിരുമ്മിക്കൊണ്ടു ചോദിച്ചു, “”നല്ല ഉഷാറിലാണല്ലോ…?, നേരത്തെ എഴുന്നേറ്റോ…?”

രാത്രി ഉറങ്ങാൻ പറ്റിയില്ല എന്നൊന്നും പറയാൻ തോന്നിയില്ല. ഒന്നും മിണ്ടാതെ ശാന്തനായി ഇരിക്കാൻ തോന്നി.

പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു ഞാൻ 5 മണിക്ക് തയ്യാറായി നിന്നു. സാര്‍ ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ തയ്യാറായി എന്റെ അടുത്തു വന്നു. എന്നിട്ട് ചോദിച്ചു,

“ഇന്നത്തെ ആക്റ്റിവിറ്റി എന്താണെന്നറിയാമോ?”

നിഷ്കളങ്കമായി “ഇല്ല” എന്ന്‌ തലകുലുക്കി കാട്ടി.

എന്നാൽ കേട്ടോ…

 ഗാര്‍ഡ് ഉൾപ്പടെ നമ്മൾ 5 പേർ ഉണ്ടാകും. നമ്മളെ കാടിന്റെ കേന്ദ്രഭാഗത്തേക്ക് കൊണ്ടുപോയി വിടും. എല്ലാ ഗ്രൂപ്പിനേയും വ്യത്യസ്ത വഴിയിലുടെയായിരിക്കും കൊണ്ടുപോവുക. രണ്ടു ഗ്രൂപ്പുകൾ തമ്മിൽ കാണാതിരിക്കാൻ വേണ്ട അകൽച്ച സര്‍വേ കോര്‍ഡിനേറ്റര്‍ നിശ്‌ചയിക്കും. നിശ്‌ചയിച്ച സ്ഥലത്തു ഞങ്ങളെ ഇറക്കി ജീപ്പ് മടങ്ങും. ഗാര്‍ഡും ഞങ്ങളും തിരിച്ചു വന്നവഴിയെ നടന്നു വരണം. കാട്ടിൽ വാഹനം ഓടിയുണ്ടായ ഉരുള്‍പ്പാടുകളിലൂടെയെ നടക്കാവു. വളരെ ശ്രദ്ധയോടെ വേണം നടക്കാൻ. എന്തെങ്കിലും തെറ്റുകണ്ടാൽ ഗാര്‍ഡ്, വയര്‍ലെസ്സിലൂടെ ക്യാമ്പിലേക്ക് വിളിക്കും. പിന്നെ ക്യാമ്പിലെ ടെന്റില്‍ പോയി ഇരിക്കാം…

വരുന്നവഴി കാണുന്ന മാംസഭുക്കുകളല്ലാത്ത മാൻ, മ്ലാവ്, കാട്ടുപോത്ത്, ആന തുടങ്ങിയവയുടെ എണ്ണം ഇരട്ടിപ്പ് സംഭവിക്കാതെ എടുക്കുക. ഏകദേശം 6 കിലോമീറ്റർ നടക്കണ്ടിവരും. വൈകുന്നേരം 4 മണിക്ക് തിരിച്ചു ക്യാമ്പിൽ റിപ്പോര്‍ട്ട് ചെയ്യണം. 6 മണിയോടെ തിരിച്ചു നാട്ടിലേക്ക് മടങ്ങാം.

എല്ലാവരും വെള്ളം കരുതണം എന്ന്‌ നിർദ്ദേശമുണ്ട്. ചുമലിൽ ഒരു ബാഗ് ആവാം.

ബ്രേക്ക്ഫാസ്റ്റിനും ലഞ്ചിനും ബ്രെഡ് ആണ് മെനുവിലെ ഏക ഐറ്റം! ഗാര്‍ഡ് തന്റെ ബാഗിൽ 5 പാക്കറ്റ് ബ്രെഡ് കരുതും.

ഇത്രയും പറഞ്ഞപ്പോഴേക്കും സമയം 5.30.

വണ്ടിയും ഗാര്‍ഡും റെഡി. വനംവകുപ്പിന്റെ ജീപ്പ് ആയിരുന്നു എല്ലാം.

സന്നദ്ധപ്രവര്‍ത്തകരായ ഞാനും സാറും മറ്റു രണ്ടുപേരും ജീപ്പില്‍ കയറി. ഡ്രൈവര്‍ ഞങ്ങളെ നോക്കി ചിരിച്ചു. ഗാര്‍ഡ് വന്നപ്പോൾ ഡ്രൈവര്‍, സീറ്റിൽ ഇരുന്നു വണ്ടി സ്റ്റാര്‍ട്ട് ആക്കി.

ഗാര്‍ഡ് വണ്ടിയിൽ ഇരുന്നതും ഞങ്ങളെ നോക്കി പറഞ്ഞു, “ഇവിടത്തെ ആനക്കൂട്ടങ്ങള്‍‌ക്കിടയില്‍‌ ചില നീക്കങ്ങള്‍‌ കാണുന്നുണ്ട്. നമ്മള്‍‌ ഒന്നു കരുതിയിരിക്കണം‌”.

എന്നിട്ട് ഒരു ചിരിയും.

വണ്ടി ഓടാൻ തുടങ്ങിയപ്പോൾ, സാര്‍ നേരത്തെ പറഞ്ഞുതന്ന കാര്യങ്ങൾ ഗാര്‍ഡ് ഒന്നുകൂടി വിശദമാക്കി പറഞ്ഞു.

പക്ഷെ ഞാൻ ഒന്നും കേട്ടില്ല…. എന്റെ മനസ്സ് മുഴുവന്‍ ആനമയമായിരുന്നു…

ക്യാമ്പിൽ നിന്ന്‌ അര കിലോമീറ്റര്‍ കുഴപ്പമില്ലാത്ത വഴിയായിരുന്നു. പക്ഷെ അതിന്‌ശേഷം വണ്ടി ഇഴഞ്ഞ് കൊണ്ടാണ്‌ നീങ്ങിയത്. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ നല്ല മഞ്ഞുണ്ടെന്നു മനസ്സിലായി. കുലുങ്ങിയുള്ള യാത്രക്കിടയിൽ ‍ഞങ്ങള്‍ നാലുപേരും അന്യോന്യം നോക്കി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് സ്വയം പരിചയപെട്ടു. ഒരാളുടെ പേര് ശങ്കർദാസ്, മറ്റെയാളുടെ പേര് വിനയ് മല്‍ഹോത്ര. കാഴ്ചയിൽ രണ്ടുപേരും അത്യാവശ്യം തടിച്ചവർ. ഇവർ മുൻപ്പും പല സര്‍വെകളിൽ പങ്കെടുതിട്ടുണ്ട്.

വെളിച്ചം അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് ഡ്രൈവര്‍ ജീപ്പിന്റെ ഹെഡ് ലൈറ്റ് ഓഫ് ചെയ്തു. വണ്ടി ഇഴഞ്ഞു നീങ്ങികൊണ്ടേയിരുന്നു… കുറച്ചു ദൂരം ചെന്നതും പെട്ടെന്ന് ഒരു ശബ്ദം..

“ടിഷ്യൂം…..”

ഒരു ചെറിയ പൊട്ടലും പിന്നെ സോഡാക്കുപ്പിയുടെ അടപ്പ് തുറക്കുമ്പോൾഉള്ളതുപോലെ “ശൂ…” എന്നൊരു ശബ്ദവും… വണ്ടി ഡ്രൈവര്‍ ചവുട്ടി നിർത്തി. ഇറങ്ങി വലതു ടയറിൽ നാല് ചവിട്ട്… എന്നിട്ട് ടയറിന്റെ കാറ്റുപോയി എന്ന്‌ കന്നഡയിൽ ഞങ്ങളെ അറിയിച്ചു.

അതുവരെ അനുഭവപ്പെടാത്ത ഒരു ഭീതി എന്നിൽ ഉയർന്നു, മനസ്സിനു ഭാരം വെച്ചതുപോലെ ഒരു തോന്നൽ. ചുറ്റും നോക്കി… കാട്ടിലെ ഒരു പുൽക്കൊടി പോലും അനങ്ങുന്നില്ല..

ഗാര്‍ഡ് ഞങ്ങളോട് ഇറങ്ങാൻ പറഞ്ഞപ്പോഴാണ് സ്ഥലകാലബോധം വന്നത്. സാര്‍ ഇറങ്ങുമ്പോൾ

പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു….

“ഇന്ന് ആരെയാവോ കാണികണ്ടത്…”

ഞാൻ ഒന്നും കേൾക്കാത്ത ഭാവത്തിൽ അവിടെ നിന്നു.

ഡ്രൈവര്‍, ടയര്‍ മാറ്റാൻ തുടങ്ങി. സ്റ്റെപ്പിനി ടയര്‍ എടുക്കാൻ ഞങ്ങളും സഹായിച്ചു… വണ്ടി ശരിയാക്കി ഞങ്ങളോട് കയറാൻ പറഞ്ഞപ്പോൾ, എവിടെനിന്നോ ഒരു പരിചിത ഗന്ധം മൂക്കിലേക്ക് തുളഞ്ഞുകയറി. രണ്ടു തവണ നല്ലവണ്ണം ദീര്‍ഘശ്വാസം എടുത്ത്, മണം അറിഞ്ഞു മനസ്സിലാക്കുമ്പോഴേക്കും സാര്‍ പതിഞ്ഞ ശബ്ദത്തില്‍ മ ന്ത്രിച്ചു:

“ആനച്ചൂര്‌”….

ബോധം വീണ്ടെടുത്തു ചുറ്റും നോക്കി… ഒന്നും കാണാനില്ല. ജീപ്പ് വീണ്ടും ഇഴഞ്ഞു നീങ്ങാൻ

തുടങ്ങി. പക്ഷെ ഞാൻ മണം വന്നയിടത്തേക്ക് ശ്രദ്ധയോടെ നോക്കിയിരുന്നു. പെട്ടെന്നാണ് എന്തോ അനങ്ങുന്നതുപോലെ തോന്നിയത്.

ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ, മസ്തകവും രണ്ടു കൊമ്പും ജീപ്പ് നിന്നിടത്തെ കുറ്റിക്കാട്ടിൽ നിന്ന് പുറത്തേക്കി തള്ളിനില്‍ക്കുന്നു.

വര : ദിനൂപ്

ആ കൊമ്പൻ അനങ്ങിയില്ല… വിദൂരതയിലേക്കു മറയുന്ന ഞങ്ങളുടെ ജീപ്പിനെ നോക്കി ഒന്നു മുരണ്ടുകൊണ്ട് അവിടെത്തന്നെ നിന്നു. ആ മുരള്‍ച്ചയുടെ ശബ്‌ദം എന്നെ വളരെ അസ്വസ്ഥനാക്കി.

ആറു മണിക്ക്‌ എത്തേണ്ടിയിരുന്ന ഞങ്ങൾ, വളരെ വൈകിയാണ് യാത്ര ചെയ്യുന്നത്. 20 മിനിറ്റ് ടയര്‍ മാറ്റാൻ എടുത്തു. കാര്യം മനസ്സിലാക്കി ഗാര്‍ഡ് ഡ്രൈവറോട്, കുറച്ചുകൂടി വേഗത്തിൽ പോകുവാൻ നിർദേശിച്ചു.

വേഗത കൂടിയപ്പോൾ വണ്ടിയുടെ കുലുക്കത്തിന്റെ കാഠിന്യവും കൂടി! എന്തായാലും പെട്ടെന്ന് ഒന്ന്‌ എത്തിയാൽ മതിയെന്നായി. ഇതിലും ഭേദം നടക്കുന്നതായിരുന്നു എന്നും ഒരു നിമിഷം ചിന്തിച്ചുപോയി…

ഒരു വളവ് തിരിഞ്ഞതും, ഡ്രൈവര്‍ വണ്ടി വീണ്ടും ചവിട്ടി നിർത്തി.

എല്ലാവരുടെയും കണ്ണ്‌ മുമ്പിലേക്കായി…

10 മീറ്റര്‍ അകലെയായി, വഴിയുടെ നടുവിലായി, ഒരു മ്ലാവ് നിൽക്കുന്നു. അത്‌ നമ്മളെ ഒന്ന് നോക്കി. എന്നിട്ട് ജീപ്പിനു വലതുവശത്തേക്കായി ഏകദേശം 30 മീറ്റര്‍ അകലെയുള്ള പൊന്തക്കാട്ടിലേക്ക്, ചെവികൾ രണ്ടും മുമ്പിലേക്ക് പിടിച്ചു നോക്കിനിന്നു.

കൂടെയുള്ള യാത്രികർ വളരെ പുച്ഛസ്വരത്തിൽ പറഞ്ഞു…

“Why do you stop for a Sambar Deer? Just move the vehicle forward, It will sprint”.

സാര്‍ പറഞ്ഞു, “ശരിയാണ്, മ്ലാവ് പൊതുവെ മനുഷ്യരെ കണ്ടാൽ ഓടി രക്ഷപ്പെടും… പിന്നെന്താ ഇവൻ ഇങ്ങനെ?”

ഗാര്‍ഡ് പെട്ടെന്ന് “ശു… ശു…” എന്ന്‌ പറഞ്ഞു…

“Be Silent… Something more terrifying than human is there in the bushes. Let’s wait”.

അപ്പോഴാണ് സാര്‍ ഉൾപ്പെടെയുള്ള എല്ലാവർക്കും കാര്യത്തിന്റെ ഗൗരവം പിടികിട്ടിയത്.

എന്തായിരിക്കും ആ പൊന്തക്ക് അപ്പുറം?

എല്ലാവരും മ്ലാവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒരേയിടത്തേക്ക് നോക്കിനിന്നു.

മിനിറ്റുകൾ മണിക്കുറുകളെപ്പോലെ തോന്നി.

മന്ദമാരുതൻ തഴുകിവീഴുന്ന ഇലകളുടെ ശബ്ദം പോലും ആ കനത്ത നിശ്ശബ്‌ദതയില്‍ വലിയ മുഴക്കങ്ങളായി അനുഭവപ്പെട്ടു.

എന്തായാലും കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട്, നിശബ്ദതയെ കീറിമുറിച്ച്, പതുങ്ങിയ സ്വരത്തിൽ….

“ഗീർ…” എന്ന ശബ്‌ദം  ആ വായുവിൽ മുഴങ്ങി കേട്ടു.

ഗാര്‍ഡ് ഉടനെ ജീപ്പില്‍ എഴുന്നേറ്റു നിന്നു; കൂടെ ഞങ്ങളും.

ശബ്ദം വന്നിടത്തേക്ക് എല്ലാവരും വളരെ ശ്രദ്ധയോടെ കണ്ണും നട്ടിരുന്നു…

സാറിന് സന്തോഷം അടക്കാൻ വയ്യാതായി.. എന്റെ കയ്യിൽ മുറുക്കെ പിടിച്ചിട്ടു പറഞ്ഞു, “You are lucky enough to spot a tiger or leopard in your first Jungle Safari…”

പുലിയോ, കടുവയോ എന്തോ ഒന്ന്‌ നടന്നുവരുന്നുണ്ട്.

പെട്ടെന്ന് വീണ്ടും ഒരു “ഗീർ…” ശബ്ദം!!! ഇപ്പോഴത്തെ ശബ്‌ദം കുറേക്കൂടി അടുത്തു നിന്നു വരുന്നതു പോലെ എനിക്ക് തോന്നി.

വളരെ ഗംഭീര്യം കലർന്ന ഒരു ശബ്‌ദം, ശരീരത്തിലേക്ക് തുളച്ചുകയറുന്നതു പോലെ തോന്നി.

ശ്രവണേന്ദ്രിയങ്ങളിൽ പതിക്കുന്ന ആ ശബ്‌ദം, മനസ്സിൽ ഒരു ആശയക്കുഴപ്പവും ഭീതിയും ഉണർത്തുന്നു.

പെട്ടെന്ന്… മറവുകൾ നീക്കി അവൻ പുറത്തേക്ക് ചാടി…

“Tiger… Tiger… Tiger…” എന്ന്‌ കൂടെയുള്ളവർ മന്ത്രിച്ചു…

ഇത് സത്യമോ എന്ന്‌ വിശ്വസിക്കാനാകാതെ, ഞാനും ആ സുന്ദരനെ കോരിത്തരിപ്പോടെ നോക്കിനിന്നു. ഒന്ന് കണ്ണടച്ചപ്പോൾ തിരുവങ്ങൂർ നരസിംഹസ്വാമി ക്ഷേത്രത്തിന്റെ മുൻപിൽ വെച്ച ശില്‍പ്പം മനസ്സിൽ തെളിഞ്ഞു. ആ ശില്‍പ്പത്തെ അനുസ്മരിപ്പിക്കും വിധത്തിലായിരുന്നു അവന്റെ വരവ്…

കണ്ണുതുറന്നപ്പോൾ അവൻ ഞങ്ങളെ നോക്കുന്നു.

തീരെ പ്രതീക്ഷിക്കാത്ത ഇടത്ത് ഞങ്ങളെ കണ്ട ആശ്ചര്യം അവന്റെ കണ്ണുകളിൽ കണ്ടു.

“ഇവർ എങ്ങനെ ഇവിടെ???” എന്ന മട്ടിലാണ് കടുവയുടെ പിന്നെയുള്ള നോട്ടവും നിൽപ്പും.

നേരെ നടക്കണോ അതോ തിരികെ പോകണോ എന്നമട്ടിൽ അവൻ ഇടവും വലവും നോക്കി.

പിന്നെ അവന്റെ കണ്ണുകൾ മ്ലാവിന് നേരെയായി.

കൊതിതീരുംവരെ അവനെ കാണണം എന്ന ആഗ്രഹം എന്നില്‍  ജനിച്ചു. ഇമചിമ്മാതെ ഓരോ നിമിഷവും ഞാൻ അവനെ മനസ്സിൽ പകർത്തി.

പെട്ടെന്നാണ് എന്റെ മനസ്സിൽ മ്ലാവിനെപ്പറ്റിയുള്ള ചിന്തകൾ കടന്നുവന്നത്. ബാക്കിയുള്ളവർ പുലിയെ നോക്കിനിന്നപ്പോൾ, ഞാൻ ജീപ്പിന്റെ മുൻപിൽ നിൽക്കുന്ന മ്ലാവിനെ ഒന്ന് ശ്രദ്ധിച്ചുനോക്കി.

ആ നിഷ്ക്കളങ്കമായ മുഖത്ത് പേടിയും ശ്രദ്ധയും മാത്രമേ കാണാൻ സാധിക്കൂ. ഏതു നിമിഷവും ഓടാൻ എന്ന രീതിയിലാണ് അവന്റെ നിൽപ്പ്.

ഞാൻ നോക്കുന്നുണ്ടെന്ന് എങ്ങനെയോ മനസ്സിലാക്കിയെന്നോണം, മ്ലാവ് ദയനീയമായി എന്നെയും നോക്കി. ഒരു ഇര ആകാതിരിക്കാൻ വേണ്ട മുന്‍കരുതലുകളൊന്നും മ്ലാവിന് ചുറ്റും ഇല്ല. കടുവ ഒന്ന്‌ ആഞ്ഞുപിടിച്ചാൽ, മ്ലാവിന്റെ കാര്യം finish…

എന്നിട്ടും മ്ലാവ് കടുവയെ വീണ്ടും നോക്കി നിന്നു.

“മ്ലാവ് കടുവയുടെ സൗന്ദര്യം ആസ്വദിക്കുകയായിരിക്കും” എന്ന്‌ ചിരിച്ചുകൊണ്ട് ഞാൻ

മനസ്സിൽ പറഞ്ഞു.

വീണ്ടും “ഗീർ…” എന്ന ശബ്‌ദം കാട്ടിൽ മുഴങ്ങി. ഞാൻ വീണ്ടും പുലിയുടെ ഭാഗത്തേക്ക് നോക്കി. ഭാവമാറ്റങ്ങളൊന്നും കാണിക്കാതെ അവൻ തിരിഞ്ഞുനടക്കാൻ തുടങ്ങി. നിമിഷങ്ങൾക്കുള്ളിൽ അവൻ കാട്ടിൽ അപ്രത്യക്ഷനായി.

സാറിന്റെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ ആവില്ല…

ആഗ്രഹം സാധിച്ചെടുത്ത ഒരു ഭാവം അദ്ദേഹത്തിൽ കാണാമായിരുന്നു. എല്ലാവരും ജീപ്പിൽ ഇരുന്നു.

ഞാൻ സാറോട് ഇതെന്താ എന്ന മട്ടിൽ ചോദിച്ചു, “”ദാ.. വന്നു, ദേ… പോയി… ഇത്രക്കും ഒച്ചയുണ്ടാക്കി വന്നിട്ട് എന്തേ ഒന്നും ചെയ്യാതെ തിരിഞ്ഞു നടന്നത്?”

സാര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, അത്‌ ഒരു “Mating Call” ആയിരുന്നു, അതു മനസ്സിലാക്കിയതു കൊണ്ടാണ് മ്ലാവ് അനങ്ങാതെ അവിടെ നിന്നത്.

ഈ കിട്ടിയ അറിവിനോട് ആശ്ചര്യവും, സാറിനോട് ബഹുമാനവും തോന്നി.

എല്ലാവരും വീണ്ടും മ്ലാവിനെ ശ്രദ്ധിക്കാൻ തുടങ്ങി. ഡ്രൈവര്‍ പതിവുപോലെ വണ്ടി സ്റ്റാര്‍‌ട്ടാക്കി.

ഉറക്കത്തിൽനിന്നു ഞെട്ടിയതുപോലെ മ്ലാവ് ഞങ്ങളെ ഒന്നു നോക്കി, എന്നിട്ട് ഒരു ഓട്ടവും.

അങ്ങിനെ മ്ലാവിനെയും കാട്ടിലേക്കയച്ച് ഞങ്ങൾ യാത്ര വീണ്ടും തുടങ്ങി….

++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

 

ഭാഗം – 5

ഏകദേശം 10 മിനിറ്റ് ഞങ്ങൾ ജീപ്പിൽ യാത്ര ചെയ്തു. നിർദേശിച്ച സ്ഥലം എത്തിയപ്പോൾ ഡ്രൈവര്‍ നിർത്തി. ഗാര്‍ഡും ഡ്രൈവറും എന്തോ കുശുകുശുക്കുന്നുണ്ടായിരുന്നു. വണ്ടിയിൽ നിന്നിറങ്ങിയ ഞങ്ങളോട് വിടപറഞ്ഞ് ഡ്രൈവർ ജീപ്പ് ഓടിച്ചു പോയി.

ഞങ്ങളും തിരിച്ചു നടക്കാൻ തുടങ്ങി.

കാട്ടാനയും പുലിയും മേയുന്ന കാട്… അതിലുടെയാണല്ലോ ഞാൻ നടക്കുന്നത്… ചെറിയൊരു അഹങ്കാരം സ്വയം തോന്നിയോ എന്ന്‌ എനിക്കുതന്നെ സംശയം… ഏതായാലും സംഭവബഹുലമായ യാത്രയുടെ അകമ്പടിയോടെയാണ് ഇന്നത്തെ സര്‍വെ നടക്കുന്നത്.

എന്തോ ആലോചിച്ചു നടക്കുന്ന എന്റെ ചുമലിൽത്തട്ടി സാര്‍ പറഞ്ഞു…

“ചുറ്റും നോക്കി നടക്കു…”

Photo:Prashobh

കാര്യം മനസ്സിലാക്കിയ ഞാൻ വളരെ ശ്രദ്ധാലുവായി നടന്നുതുടങ്ങി. ഓരോ 5 മുതൽ 10 മീറ്ററിനുള്ളിലും മാനുകളെ കണ്ടുകൊണ്ടേയിരുന്നു. ഞങ്ങൾ 1, 2, 3…. എന്ന്‌ എണ്ണിത്തുടങ്ങി. നടത്തം വളരെ പതുക്കെയാകുമ്പോള്‍ ഗാര്‍ഡിന്റെ വക ഒരു മുന്നറിയിപ്പും ഉണ്ടാകും.

“നടത്തം‌ കുറച്ചുകൂടി വേഗത്തിലാക്കണം‌. നമുക്ക് ക്യാമ്പില്‍ സമയത്തിന്‌ എത്താനുള്ളതാണ്‌.”.

ഇങ്ങോട്ടുള്ള യാത്രയിൽ പല കാരണങ്ങളാൽ നഷ്ടപ്പെട്ട സമയം, ഒരൽപ്പം വേഗത്തിൽ നടന്ന് നികത്താനാണ് ഗാര്‍ഡ് ആവശ്യപ്പെടുന്നത്.

ഏകദേശം 2 കിലോമീറ്റര്‍ നടന്നപ്പോഴേക്കും, കൂട്ടത്തിലെ മറ്റു രണ്ടു യാത്രികർക്കു വിശക്കുന്നു എന്നു പറഞ്ഞു.

ഗാര്‍ഡ് ഞങ്ങളോട് പറഞ്ഞു,

“ഓക്കെ…, പക്ഷേ നമുക്ക് നടന്നുകൊണ്ടുതന്നെ അഹാരം‌ കഴിക്കാം. ഇല്ലെങ്കില്‍‌ വൈകും…”

എല്ലാവരും ഒരേ സ്വരത്തിൽ “ശരി” എന്നു പറഞ്ഞു.

ഗാര്‍ഡ്, ബാഗില്‍ നിന്ന് ബ്രെഡ് എടുത്തു എല്ലാവർക്കും തന്നു. സമയം 9 മണി കഴിഞ്ഞിരുന്നു. നല്ല വിശപ്പു കൊണ്ടായിരിക്കും, ബ്രെഡ്ഡിന് അസ്സല്‍ സ്വാദ്!

ബ്രെഡ് കടിച്ച്, വെള്ളവും കുടിച്ച് ഞങ്ങൾ മൃഗങ്ങളെ എണ്ണി നടന്നുനീങ്ങി.

ഒരു മാൻകൂട്ടത്തിൽ ചുരുങ്ങിയത് 30 മുതൽ 40 വരെ മാനുകൾ കാണാം. മൃഗങ്ങൾ ഇല്ലാത്ത ഇടത്ത് ഞങ്ങൾ നടത്തം ഒന്ന്‌ വേഗത്തിലാക്കും. മൃഗങ്ങളെ കണ്ടാൽ അവിടെ ഒരു നിമിഷം നിന്ന് അവരെ എണ്ണും. ഓരോ നില്‍പ്പിലും, ഗാര്‍ഡ് ഞങ്ങളുടെ ചുറ്റുമുള്ള കുറ്റിക്കാട്ടിൽ വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്നത് പലപ്പോഴായി ഞാൻ ശ്രദ്ധിച്ചുപോന്നു. ഗാര്‍ഡ് ഇടക്ക് തമാശകൾ പറയും. മുറിഞ്ഞുമുറിഞ്ഞുള്ള ഇംഗ്ലീഷ് കേൾക്കാൻ നല്ല രസമായിരുന്നു. ഒന്നോ രണ്ടോ തവണ ആനച്ചൂര് മൂക്കിനെ തേടിയെത്തി. അപ്പോഴൊക്കെ ഞങ്ങൾ അച്ചടക്കത്തോടെ ഒരു ടീം ആയി നടന്നുനീങ്ങി.

ശങ്കര്‍ദാസിനും വിനയ് മല്‍ഹോത്രയ്ക്കും, കുറച്ച് ഇരുന്നാൽ കൊള്ളാം എന്നായി. ഗാര്‍ഡ് വാച്ചില്‍ നോക്കി, സമയം 1.30 PM ആയതായി അറിയിച്ചു. എന്നാൽ ഇരുന്നു കഴിക്കാം എന്നു പറഞ്ഞ് ഒരു പുൽത്തകിടിൽ എല്ലാവരും ഇരുന്നു. മൂന്ന് നാല് ബ്രെഡ് കഴിച്ചപ്പോഴേക്കും വയറ് നിറഞ്ഞു. കുറച്ചു വെള്ളവും കുടിച്ചപ്പോൾ വയറങ്ങു വീർത്തു. പിന്നെ ഒട്ടും മടിച്ചില്ല മെല്ലെ ഒന്ന് ചെരിഞ്ഞു എന്നിട്ട് കണ്ണടച്ചു ഇരുന്നു.

ഓരോ ശ്വാസത്തിലും മൂക്കിന്റെ അറ്റം തണുക്കുന്നത് പോലെ തോന്നി. ശുദ്ധമായ വായു…

ഓപ്പറേഷന്‍ തീയേറ്ററില്‍, ഓക്സിജന്‍ മാസ്‌ക് മൂക്കിൽ ഘടിപ്പിച്ചു മയക്കുന്നതു പോലെ…

ഞാൻ കാടെന്ന മാസ്‌ക് മൂക്കിൽ ഘടിപ്പിച്ച് ശുദ്ധവായു ശ്വാസിച്ചുകൊണ്ട് ഒന്നു മയങ്ങി.

എന്തോ കാലിൽ തട്ടുന്നതുപോലെ തോന്നി ഞെട്ടി കണ്ണു തുറന്നു…

സാര്‍ പുഞ്ചിരിച്ചുകൊണ്ട് മുൻപിൽ നിൽക്കുന്നു. മൂപ്പരുടെ കൈയ്യിലെ ഒരു വടി കൊണ്ടു തട്ടിവിളിച്ചതാണ്.

“വാ എഴുനേല്‍ക്കൂ… നടക്കാം… ഏകദേശം 2 കിലോമീറ്റര്‍ കൂടിയേ ഉള്ളു… ഇപ്പോ‌ള്‍ പോയാല്‍‌  ക്യാമ്പില്‍ സമയത്തിന്‌ എത്താം…”

കുറേനേരം ഉറങ്ങിയതുപോലെ എനിക്കു തോന്നി. ഒരു സ്വപ്നം പോലും ഉറക്കത്തെ അലട്ടിയില്ല. തികച്ചും ശാന്തമായ നിദ്ര…

കാട്ടിലെ ശുദ്ധവായുവിന് സ്തുതി… എനിക്ക് നല്ല ഊർജം അനുഭവപ്പെട്ടു.

ഞാൻ വളരെ ഉഷാറായി നടത്തം തുടങ്ങി. തൊട്ടു പിന്നിലായി ഗൈഡും അതിന് പിന്നിലായി സാറും  മറ്റുള്ളവരും. കുറച്ചകലെയായി ഒരു കാട്ടുപോത്തിന്റെ കൂട്ടം പുല്ലുതിന്ന് നിൽക്കുന്നു.

ഗാര്‍ഡ് എന്നോട് നിൽക്കാൻ പറഞ്ഞു.

ഞാൻ തിരിഞ്ഞുനിന്ന്‌ “Why?” എന്ന്‌ ചോദിച്ചു.

മറുപടിയായി അദ്ദേഹം ഷര്‍ട്ട് പൊക്കി ക്കാണിച്ചു -പൊക്കിളിനടുത്തായി ഒരു നീണ്ട മുറിവിന്റെ പാട്!

“They did this to me…” എന്ന്‌ ഗാര്‍ഡ് കുറച്ചു സ്വരം കനപ്പിച്ചു പറഞ്ഞു…

ഞാൻ ഒന്ന് പതറി… കാട്ടുപോത്ത് ഇത്ര അക്രമകാരികളാണെന്നു ഞാൻ മനസ്സിലാക്കിയിരുന്നില്ല.

എന്തായാലും ആ ഗാര്‍ഡിന്റെ ശരീരത്തിലെ മുറിവ്, എന്റെ മനസ്സിൽ വരച്ചത് പോലെ തോന്നി.

എന്നിട്ടും ഈ ഗാര്‍ഡിനെ സമ്മതിക്കണം… ഇത്രയ്ക്കെല്ലാം അനുഭവിച്ചിട്ടും കാടിനെ പറ്റി പറയുമ്പോൾ നൂറു നാവാണ്… അയാളുടെ സംസാരത്തിൽനിന്ന് അറിയാം, ഈ കാട് അയാളുടെ ജീവവായുവാണെന്ന്.

ഞാൻ എന്റെ സ്ഥാനം ഗാര്‍ഡിന്റെ പുറകിലായി ഉറപ്പിച്ചു. ഇന്നലെ കരടി ഓടിച്ചതു പോലുള്ള എന്തെങ്കിലും സംഭവിച്ചാൽ ഓടി ഒന്നാമനാവാൻ വേണ്ടി ഞാൻ എല്ലാ തയ്യാറെടുപ്പോടെയും നടന്നു തുടങ്ങി.

ഞങ്ങൾ കാട്ടുപോത്തിന്റെ അരികിലൂടെ മെല്ലെ നടന്നു നീങ്ങി. എല്ലാവരും തങ്ങളുടെ കണ്ണുകൾ കാട്ടുപോത്തിൽ ഉറപ്പിച്ചുകൊണ്ടു നടന്നു. ഞാൻ രണ്ടാമനായി നടന്നു. കാട്ടുപോത്തിന്റെ കൂട്ടത്തിലെ Alpha Male എന്ന് വിശേഷിപ്പിക്കാവുന്ന കാട്ടുപോത്ത് ഒരു ആജാനബാഹു തന്നെ. കരിമ്പാറയിൽ എണ്ണ പുരട്ടിയപോലെയുള്ള ശരീരം…

അവൻ ഒരു അതികായന്‍ തന്നെ…

ഞങ്ങൾ കുറച്ചങ്ങ് നടന്നപ്പോൾ ആ ഉശിരൻ കാട്ടുപോത്ത് ഞങ്ങളെ ഒന്ന് തലപൊക്കി നോക്കി. ഞങ്ങളുടെ സാന്നിദ്ധ്യം അവന്‌ ഒട്ടും ഇഷ്ടപ്പെടാത്തതു പോലെയുള്ള ഒരു നോട്ടം… ഏന്തായാലും ഞങ്ങൾ നിൽക്കാതെ നടന്നുകൊണ്ടേയിരുന്നു. കാട്ടുപോത്തുകളുടെ കൂട്ടത്തിൽനിന്ന് കുറച്ചു വിട്ടു ഞങ്ങൾ നിന്നു.

എന്റെ പുറകിൽ നടന്ന ശങ്കർദാസിനെ തിരിഞ്ഞു നോക്കിയപ്പോൾ വളരെ വിചിത്രമായ കാഴ്ച്ച ഞങ്ങൾ കണ്ടു.

ചിരിക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ഞാൻ ആലോചിച്ചു.

ശങ്കർദാസ് ആ കാട്ടുപോത്തിന്റെ അരികിലെത്തിയപ്പോൾ…

നടക്കാൻ മറന്ന്, എണ്ണാൻ തുടങ്ങിയിരിക്കുന്നു! വിചിത്രമായ ഒരു കാഴ്ച്ച… ഒരു കൂസലും കൂടാതെ അദ്ദേഹം ആ കാട്ടുപോത്തിന്റെ കൂട്ടത്തെ എണ്ണിക്കൊണ്ടിരുന്നു.

ഗാര്‍ഡ് പതിഞ്ഞ സ്വരത്തിൽ ശങ്കർദാസിനെ കൈകാട്ടി വിളിച്ചു…

വിളികേട്ട ശങ്കർദാസ് ഉറക്കത്തിൽനിന്നു ഞെട്ടിയത് പോലെ ഞങ്ങളെ നോക്കി, എന്നിട്ടു ഓടി വന്നിട്ട് 12 എന്ന്‌ പറഞ്ഞു.

സാര്‍ അദ്ദേഹത്തെ ഒന്നു ശകാരിക്കുന്ന മട്ടിൽ പറഞ്ഞു,

“Please always stick to the group”…

സാര്‍ പറഞ്ഞതിലും നേരുണ്ട്. കാട്ടുപോത്ത് ആക്രമിച്ചാൽ ശങ്കർദാസ് ഒറ്റപ്പെട്ടുപോകും. പിന്നെ എന്തും സംഭവിക്കാം. മനസ്സിൽ തോന്നിയ ചിരിയെ കടിച്ചമർത്തിക്കൊണ്ട് ഞാനും നെറ്റി ചുളിച്ച് അദ്ദേഹത്തെ ഒന്നു നോക്കി.

ശങ്കർദാസ് ഒട്ടും മടിച്ചില്ല, എല്ലാവരോടുമായി അദ്ദേഹം മാപ്പ് പറഞ്ഞു.

ഞങ്ങൾ വീണ്ടും നടക്കാൻ തുടങ്ങി… അപ്പോൾ സാര്‍ ശങ്കർദാസിനോട് ചോദിച്ചു…

“ശങ്കർ, what was the count?”…

ചിരിച്ചുകൊണ്ട് 12 എന്ന്‌ ശങ്കർദാസ് പറഞ്ഞു.

ആ ഉത്തരം എല്ലാവരെയും ചിരിപ്പിച്ചു.

അവശേഷിക്കുന്ന 2 കിലോമീറ്ററില്‍, ഏകദേശം ഒന്നര കിലോമീറ്റർ ഞങ്ങൾ നടന്നു കാണും. നിറയെ മാനുകളും മയിലുകളും ഒക്കെയായിരുന്നു. എല്ലാത്തിന്റെയും കണക്കെടുത്ത് വളരെ ശാന്തരായി ഞങ്ങൾ നടന്നു. പലതരം പക്ഷികളെയും സാര്‍ എനിക്ക് കാണിച്ചുതന്നു. സമയം ഏതാണ്ട് 3.30 PM ആയി.

അര മണിക്കൂറിൽ, അര കിലോമീറ്റർ.

ഇത്രയും എഴുതിയത് ഇനിയുള്ള ഒരു സംഭവം വിവരിക്കാൻ വേണ്ടിയാണ്.

അര കിലോമീറ്ററിൽ, അല്ലങ്കിൽ മുപ്പത്‌ മിനുട്ടിൽ സംഭവിച്ച ഒരു ജീവൻമരണ പോരാട്ടം…

എന്നാൽ കഥയിലേക്കി തിരിച്ചുവരാം…

എല്ലാവരും തമാശകൾ പറഞ്ഞും വളരെ ലാഘവത്തോടെ നടന്നുകൊണ്ടിരുന്നു. ക്യാമ്പിലേക്കുള്ള വഴി ദൂരെ അകലെ വരെ ഏതാണ്ട് നേര്‍രേഖയായി മുന്നില്‍ കാണാം… പെട്ടെന്നാണ് ഒരു മണവും ഒരു ശബ്ദവും ഞങ്ങൾ തിരിച്ചറിഞ്ഞത്…

ആനച്ചൂരിന്‌ അകമ്പടിയായി എത്തിയ ആനയുടെ ചിന്നംവിളി ഞങ്ങളെ സ്തബ്ധരാക്കി…

“ഓടിക്കോ…” എന്നവാക്കിന്‌ ഇത്രയേറെ അർത്ഥം സാര്‍ കല്പിച്ചിരുന്നു എന്ന്‌ തിരിഞ്ഞു നോക്കിയപ്പോൾ മനസ്സിലായി.

ഒരു ഒന്നൊന്നര വലുപ്പം വരുന്ന കൊമ്പൻ… മണ്ണും പറത്തി ഞങ്ങളുടെ നേർക്ക് ഓടിയടുക്കുന്നു…

അതിവേഗം ഓടിയടുക്കുന്ന കൊമ്പന് മുൻപിൽ കൈകാലുകൾ മരവിച്ച മട്ടിൽ ഞാൻ

സ്വബോധം നശിച്ചു നിന്നു.

വരിയിലെ അവസാനക്കാരനായ സാര്‍ ഓടിവന്ന് കൈയ്യിൽ പിടിച്ചപ്പോഴാണ് ബോധം വീണത്…

സാറിന്റെ കൂടെ ക്യാമ്പ് ലക്ഷ്യമാക്കി ഞാനും ഓടി…

എല്ലാവരും എന്നെ പിന്‍തള്ളി ഓടി… ഞാൻ എത്ര ശ്രമിച്ചിട്ടും ഒരാളെപ്പോലും മറികടക്കാൻ പറ്റിയില്ല… ആനയുടെ സാമിപ്യം തൊട്ടു പുറകിലായി എനിക്ക് അനുഭവപ്പെട്ടുതുടങ്ങി…

കാലുകൾ മരവിക്കുന്നതുപോലെ തോന്നുന്നു…

ഓരോ ചുവടും ഉറപ്പിച്ചു വെക്കാൻ കഴിയാത്തതുപോലെ തോന്നി… കണ്ണിൽ വെള്ളം നിറയുന്നു… കാഴ്ച്ച മങ്ങാൻ തുടങ്ങുന്നു… തൊണ്ട വരളുന്നു… ഉറക്കെ കരയണം എന്നുണ്ടെങ്കിലും, ശബ്ദം പുറത്തേക്ക് വരുന്നില്ല…

ഹൃദയമിടിപ്പ് ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു… കഷ്ടപ്പെട്ടു ശ്രമിച്ചിട്ടും, പതുക്കെ ഓടുന്നതു പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്.

ആനയുടെ കാലടി ശബ്‌ദം ഓരോ നിമിഷവും അടുത്തുകൊണ്ടിരുന്നു…

കൈകൊണ്ട് കണ്ണുകൾ തുടച്ചു നോക്കുമ്പോൾ കൂടെയുള്ള എല്ലാവരും ക്യാമ്പിന്റെ ഗെയ്‌റ്റില്‍ നിന്ന് കൈവീശി വേഗത്തിൽ ഓടാൻ ആഗ്യം കാട്ടുന്നു. ഏകദേശം അന്‍പത് മീറ്റർ കൂടിയേയുള്ളൂ ഓടാൻ എന്ന്‌ മനസ്സിലാക്കിയ ഞാൻ, ഒരു ദീര്‍ഘശ്വാസം വലിച്ചെടുത്ത് ആഞ്ഞുപിടിച്ചു.

ക്യാമ്പിൽ പെട്ടെന്ന് എത്താനുള്ള വ്യഗ്രതയും, കണ്ണിൽ നിറഞ്ഞ കണ്ണുനീരും കാരണം, പാതയിലെ ഒരു ചെറിയ കുഴിയില്‍ കാൽ ചവിട്ടി കമഴ്ന്നടിച്ചു വീണു.

കാൽമുട്ടും കൈമുട്ടും ഒരുപോലെ മണ്ണിൽ ഉരഞ്ഞുവീണു.

വീണിടത്തു നിന്ന് ഞാൻ ആദ്യം ക്യാമ്പിന്റെ വശത്തേക്ക് നോക്കി…

സാര്‍ കൈകൊണ്ട് ആഗ്യംകാട്ടി അലറി ഓടിവരുന്നത് ഞാൻ ഒരുനോക്കു കണ്ടു.

ഏതു നിമിഷവും ആനയുടെ ചവിട്ടു പ്രതീക്ഷിച്ചുകൊണ്ട്,

ഞാൻ മലർന്നു കിടന്നു… തല പൊന്തിച്ചു നോക്കി…

ഒരു അഞ്ചു മീറ്റർ അകലെയായി ആന നിൽക്കുന്നു!

അവന്റെ വലതുകാൽ കൊണ്ട് മണ്ണിൽ ചിന്തിക്കൊണ്ടിരിക്കുന്നു….

തലയും തുമ്പിക്കൈയ്യും ഇടവും വലവുമായി കുലുക്കിക്കൊണ്ടിരുന്നു….

ഇരുകണ്ണുകളുടെ അരികിലായി ഒരു ദ്രാവകം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു….

മണ്ണിൽ കുളിച്ചു അക്രമാസക്തനായ ആ കൊമ്പന്റെ അടുത്ത നീക്കം എന്തായിരിക്കും എന്ന്‌ ഒരു നിമിഷം ചിന്തിക്കുമ്പോഴേക്കും സാര്‍ എന്നെ ആഞ്ഞുവലിച്ച് എഴുന്നേൽപ്പിച്ചു. എന്നിട്ട് എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട് ഞങ്ങൾ ക്യാമ്പ് ലക്ഷ്യമിട്ടു ഓടി. അങ്ങിനെ ഞാൻ ജീവനോടെ ക്യാമ്പില്‍ കയറിപ്പറ്റി…

ക്യാമ്പിൽ കയറിയ ഞങ്ങൾ ആനയെ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കി… അവൻ അവിടെത്തന്നെ നിൽപ്പുണ്ട്.

സാര്‍ എന്നെ വന്നു കെട്ടിപ്പിടിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞുപോയി.

വിവരം അറിഞ്ഞു ക്യാമ്പിലെ മറ്റു അംഗങ്ങൾ എന്റെ ചുറ്റും കൂടി. മരുന്നും വെള്ളവും തന്ന് എന്നെ ശുശ്രുഷിച്ചു.

അഞ്ചു മണിയോടെ സമാപന ചടങ്ങുകൾ ആരംഭിച്ചു. എനിക്ക് ഒന്നിനോടും ഒരു താല്പര്യം തോന്നിയില്ല. ആ ആനയായിരുന്നു എന്റെ മനസ്സു മുഴുവന്‍. സമാപന ചടങ്ങിനിടയില്‍ ഇടക്കിടെ ഞാൻ കാട്ടിലേക്ക് തിരിഞ്ഞു നോക്കും, അവൻ അവിടെ നില്പുണ്ടോ എന്ന്‌ അറിയാൻ…

പങ്കെടുത്തവർക്ക്, NGO-യുടെ വക ഒരു സര്‍ട്ടിഫിക്കറ്റ് തന്നു. സര്‍ട്ടിഫിക്കറ്റുകള്‍ ആ റെയ്‌ഞ്ച് ഡി. എഫ്. ഒ. ആയിരുന്നു വിതരണം ചെയ്തത്. അദ്ദേഹം എനിക്ക് കൈ തന്നിട്ട് പറഞ്ഞു “You are a brave man, all the best”.

ആ നിമിഷം സാര്‍ കാട്ടിയ ധൈര്യം നന്ദിയായി മനസ്സില്‍ നിറഞ്ഞു. എന്നിട്ടു നേരെ സാറിന്റെ അടുക്കൽ ചെന്നു “Thank you, sir” എന്ന്‌ നിറകണ്ണുകളോടെ ഞാൻ പറഞ്ഞു.

5.30-ന് ഞങ്ങൾ ടെന്റിൽ കയറി ബാഗുകൾ പാക്ക് ചെയ്യാൻ തുടങ്ങി. ഇനി മടക്ക യാത്ര… സംഭവബഹുലമായ ഒരു യാത്രക്ക് അവസാനം കുറിച്ചുകൊണ്ട് ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞ് കാറില്‍ കയറി നാട്ടിലേക്ക് യാത്ര പുറപ്പെട്ടു.

കാര്‍ അധികദൂരം ഓടിക്കാണില്ല അപ്പോഴേക്കും ഞാൻ കോട്ടുവാ ഇടാൻ തുടങ്ങി. കാര്യം മനസ്സിലാക്കിയ സാര്‍ എന്നോട് ഉറങ്ങിക്കൊള്ളാന്‍ പറഞ്ഞു…

കൺപോളകൾക്കു താങ്ങാവുന്നതിലും ഭാരം തോന്നിത്തുടങ്ങിയപ്പോൾ ഞാൻ സ്വയം മറന്ന്‌ നിദ്രയെ പുൽകി.

ബാങ്ക് ജീവിത്തിലെ കണക്കുകളുടെ കൂട്ടലുകള്‍ക്കും കിഴിക്കലുകള്‍ക്കുമിടയില്‍ സാര്‍ എന്ന പദവി എനിക്ക് പലപ്പോഴും “Stupid – Idiot – Rascal” എന്നായിരുന്നു….

എന്നാല്‍ ശീതീകരിച്ച വൈറ്റ്കോളര്‍ ലൈഫ് സ്റ്റൈലില്‍ നിന്നും മാറി,

പ്രകൃതിയുടെ മടിത്തട്ടിലൂടെ…

പച്ചപ്പിന്റെയും ഭീതിയുടെയും തണുപ്പിന്റെയും ലോകത്തിലൂടെ…

കാടിന്റെ നിഗൂഢതയിലൂടെ മനസ്സു നിറയെ കൗതുകവുമായി സാറിനൊപ്പം നടന്നപ്പോള്‍….

സാര്‍ പകര്‍ന്നു നല്‍കിയ അറിവുകളും… അപ്രതീക്ഷിതമായി ഞാന്‍ ചെന്നു വീണ അപകടത്തില്‍ നിന്നും എന്നെ കൈപിടിച്ചു കയറ്റാന്‍ അദ്ദേഹം കാണിച്ച ധൈര്യവും മനസാന്നിധ്യവും “സര്‍” എന്ന വാക്കിനും വ്യക്തിക്കും പുതിയ അര്‍ത്ഥതലം എനിക്ക് സമ്മാനിച്ചു: “Someone I respect”

പിറ്റേ ദിവസത്തെ എന്റെ ഔദ്യോഗിക ജീവിതത്തില്‍…

എന്നത്തേയും പോലെ സാര്‍ ലേറ്റായി തന്നെയായിരുന്നു ഓഫീസില്‍ എത്തിയത്. കണക്കുകളോടും കംമ്പ്യൂട്ടറിനോടും മല്‍പ്പിടുത്തം നടത്തിക്കൊണ്ടിരുന്ന എന്നെ നോക്കി ഒരു നേര്‍ത്ത ചിരിയോടു കൂടി സാര്‍ കടന്നുപോയി. ഇത്തരം യാത്രകളില്‍ ഒട്ടും തല്‍പ്പരരല്ലാതിരുന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകരോട് യാത്രയുടെ അനുഭവങ്ങള്‍ ഞങ്ങള്‍ പങ്കുവെച്ചില്ല. സാറിനൊപ്പമുള്ള ആ യാത്രയിലെ നിമിഷങ്ങള്‍ ഇന്നും എന്റെ ഒരു സ്വകാര്യ അഹങ്കാരമായി ഞാന്‍ മനസ്സില്‍ സൂക്ഷിക്കുന്നു.

ഉറ്റവരുടെ പ്രാര്‍ത്ഥനയോ സാറിന്റെ അലര്‍ച്ചയോ…? എന്തായിരുന്നു ആ യാത്രയിലെ അപകടത്തില്‍ നിന്ന് എന്നെ രക്ഷിച്ചതെന്ന് ഇന്നും ഞാന്‍ അല്‍ഭുതത്തോടെ ഓര്‍ക്കാന്‍ ശ്രമിക്കാറുണ്ട്.

എന്തായാലും കൂടുതല്‍ കൗതുകങ്ങളിലേക്കും ഒപ്പം അതിശയിപ്പിക്കുന്ന വനസൗന്ദര്യങ്ങളിലേക്കും ഇന്നും ഞാന്‍ യാത്ര തുടര്‍‍ന്നുകൊണ്ടേയിരുക്കുന്നു….

വര: ദിനൂപ്
Share on facebook
Share on twitter
Share on linkedin

പ്രശോഭ് – ശ്രീശൈലത്തിലും ദേവഗിരി കോളേജിലും ആയി പഠനം. ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്തു. ഫോട്ടോഗ്രഫിയിലും യാത്രയിലും താല്പര്യം കൂടിയപ്പോൾ ജോലി രാജി വച്ചു . നിരവധി യാത്ര മാഗസിനുകളുടെ കവർ ചിത്രങ്ങൾക്കു ഫോട്ടോ നൽകി .സംസ്ഥാന സർക്കാരിന്റെ ഫോട്ടോ മത്സരങ്ങളിൽ ജേതാവായി . കുട്ടിക്കാലത്തു നിരവധി സിനിമകളിൽ ബാലതാരമായി വേഷമിട്ടു. ( രാജാവിന്റെ മകൻ , ആൾക്കൂട്ടത്തിൽ തനിയെ , കാറ്റത്തെ കിളിക്കൂട് , കാതോട് കാതോരം ) ബാലതാരമായി സംസ്ഥാന അവാർഡ് ജേതാവ് . വേഷമിട്ട സിനിമകൾ അധികവും എം ടി യുടെ തിരക്കഥകൾ ആയിരുന്നത് എഴുത്തിനോടുള്ള താല്പര്യത്തിനും കാരണമായി.

ഇപ്പോൾ എറണാകുളത്തു താമസിക്കുന്നു .

WhatsApp