വെട്ടിയിട്ട ചില്ലയിൽ നിന്ന് പറിച്ചു കൊണ്ടുവന്ന്
ഇന്നലെ ജനൽപ്പടിയിൽ വെച്ച ചെമ്പകപ്പൂവ്
ഇന്നു പുലർച്ചെ എന്നെ ഉണർത്തുന്നു.
സുഗന്ധമാണതിന്റെ ഭാഷ.
മരിച്ചാലും ഉണങ്ങിയാലും
അത് അതിന്റെ ഭാഷയിൽ ഉറച്ചു നിൽക്കുന്നു.
ഭംഗിയിൽ മുടി കെട്ടി പൗഡറും പൊട്ടുമിട്ട്
സ്കൂളിലേക്ക് പോകുന്ന കുഞ്ഞുങ്ങൾ
അവരുടെ അമ്മമാരെ ഓർമ്മിപ്പിക്കുന്നതു പോലെ
ചെമ്പകപ്പൂമണം ഓർമ്മിപ്പിക്കുന്നൂ ;
അതിനെ പറഞ്ഞയയ്ക്കുന്ന ഇതളുകളുടെ മൃദുലത.
ഈ പ്രഭാതം എന്നോടു പറയുന്നു:
അമ്മമാരിൽ ഉറച്ചു നിൽക്കുന്ന,
അവരവരുടെ അമ്മമാരെ ഓർമ്മിപ്പിക്കുന്ന
പിഞ്ചുകുഞ്ഞുങ്ങളാണ്
എല്ലാ സുഗന്ധങ്ങളും.
ഞാനും എന്റെ അമ്മയെ ഓർമ്മിപ്പിക്കുന്ന സുഗന്ധമായിരുന്നു.
പൂക്കളുടെ ഭാഷ ഞാൻ എവിടെയാണ് ഉപേക്ഷിച്ചത്?