ഫ്യോദോർ ദസ്തയേവ്സ്കി
സോമരാജന്. ആര്
1991 CE
ഫ്യോദോർ ദസ്തയേവ്സ്കി -സർഗപ്രതിഭയുടെ സൂര്യതേജസ്സ്
ഫ്യോദോർ ദസ്തയേവ്സ്കി (1821-1881) -ലോകം കണ്ട ഏറ്റവും വലിയ നോവലിസ്റ്റിന്റെ ഇരട്ട ജന്മ ശതാബ്ദി വർഷമാണ് 2021. വിശ്വസാഹിത്യത്തിലെ അത്ഭുതമായ ‘കരമസോവ് സഹോദരന്മാർ‘ പിറന്നതിന്റേയും, രചയിതാവ് അന്തരിച്ചതിന്റേയും 140-ാം വർഷവുമാണ്.
ലോകസാഹിത്യചരിത്രം ദസ്തയേവ്സ്കിയെ സർഗപ്രതിഭയുടെ സൂര്യതേജസ്സായാണ് കണക്കാക്കുന്നത്. റഷ്യയിലെ സാർ ഭരണത്തിനെതിരെ ബൌദ്ധികപ്രവർത്തനങ്ങള് നടത്തിയിരുന്ന പെട്രോഷെവ്സ്കി പ്രസ്ഥാനത്തിലെ ഇരുപത് അംഗങ്ങള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. 28 വയസ്സുകാരനായ ദസ്തയേവ്സ്കി ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. 1849 നവംബറിലാണ് വധശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചത്. അവസാനനിമിഷത്തിലാണ് സാർ ചക്രവർത്തിയുടെ ദൂതനെത്തി വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തുകൊടുത്ത തീരുമാനം അറിയിക്കുന്നത്. ആ ‘മനസ്സു മാറലിന്റെ’ നൂല്‍പ്പാലത്തിലൂടെയാണ് ലോകത്തിന് ‘കുറ്റവും ശിക്ഷയും’, ‘കരമസോവ് സഹോദരന്മാർ’ എന്നീ വിശ്വസാഹിത്യകൃതികള്‍ ലഭിച്ചതും.
അസാധാരണമായിരുന്നു ദസ്തയേവ്സ്കിയുടെ ജീവിതം. 1821 നവംബർ 11 നായിരുന്നു ഫ്യോദോർ മിഖായിലോവിച്ച് ദസ്തയേവ്സ്കിയുടെ ജനനം. മോസ്കോയില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂർവ്വാർധത്തില്‍ റഷ്യന്‍ സാഹിത്യകാരന്മാരില് ടോള്‍സ്റ്റോയ്, തുർഗനേവ് തുടങ്ങിയവർ ഉന്നതകുലജാതന്മാരോ സമ്പന്നതയുടെ പശ്ചാത്തലമുള്ളവരോ ആയിരുന്നെങ്കില്‍, ദസ്തയേവ്സ്കി വന്നത് അരക്ഷിത സാമ്പത്തികാവസ്ഥയിലുള്ള ഒരു ഇടത്തരം കുടുംബത്തില്‍ നിന്നാണ്. സൈന്യത്തില്‍ ഡോക്ടറായിരുന്ന പിതാവ്, വിരമിച്ചശേഷം മോസ്കോയില്‍ ദരിദ്രർക്ക് വേണ്ടിയുള്ള ആശുപത്രിയില്‍ തുച്ഛ ശമ്പളത്തിന് ജോലി ചെയ്യുകയായിരുന്നു.
-2-
പിതാവിന്റെ ആഗ്രഹപ്രകാരം മിലിട്ടറി എഞ്ചിനീയറിംഗ് അക്കാദമിയില്‍ പഠനം പൂർത്തിയാക്കിയെങ്കിലും എഞ്ചിനീയറിംഗുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിനായില്ല. ജ്യേഷ്ഠനെപ്പോലെ, ചെറുപ്പം മുതല്‍ സാഹിത്യത്തിലായിരുന്നു ആവേശം. റഷ്യന്‍ സാഹിത്യകൃതികള്‍ മാത്രമല്ല, വിദേശസാഹിത്യവും കൌമാരത്തില്ത്തന്നെ വായിച്ചുകൂട്ടിയിരുന്നു. ദസ്തയേവ്സ്കി ബിരുദമെടുത്തതിനുശേഷം, ഇരുവരും ചേർന്ന് കുറെ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി. അവയിലൂടെ ദസ്തയേവ്സ്കിയുടെ ചില ചെറുകഥകളും വിവർത്തനങ്ങളും പുറത്തിറങ്ങി.
1846-ലാണ് ആദ്യത്തെ പ്രധാന കൃതി ‘പാവപ്പെട്ടവർ’ എന്ന നോവല്‍ രചിക്കപ്പെട്ടത്. അതിന്റെ കയ്യെഴുത്തുപ്രതി ദസ്തയേവ്സ്കി ഒരു സുഹൃത്ത് വഴി, കവി നെക്രസോവിന് എത്തിച്ചു. അതു വായിച്ച നെക്രസോവ്, രചനയുടെ മനശാസ്ത്രപരമായ ആഴം കണ്ടു വിസ്മയിച്ചു. രാത്രി വെളുക്കാന്‍ കാത്തിരിക്കാതെ അദ്ദേഹം സുഹൃത്തിനൊപ്പം ദസ്തയേവ്സ്കിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. താനെഴുതിയ നോവല്‍ ഒരു മാസ്റ്റർപീസാണെന്ന് ദസ്തയേവ്സ്കി നെക്രസോവില് നിന്നു കേള്‍ക്കുമ്പോള്‍ പുലർച്ചെ നാലുമണി. അന്നുതന്നെ നെക്രസോവ് ആ നോവല്‍ പ്രസിദ്ധനിരൂപകനായ ബെലിന്സ്കിയെ ഏല്‍പ്പിച്ചു. നെക്രസോവിന്റെ വിസ്മയം പങ്കുവെച്ച് ബെലിന്‍സ്കി ദസ്തയേവ്സ്കിയോടു ചോദിച്ചു, ‘നിങ്ങള്‍ക്കറിയുമോ നിങ്ങള്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന്?’ താന്‍ ജീവിതത്തില്‍ ഏറ്റവും സന്തോഷിച്ച ദിവസം അതായിരുന്നുവെന്ന് ദസ്തയേവ്സ്കി പില്ക്കാലത്ത് എഴുതിയിട്ടുണ്ട്.
ഗുമസ്തനായി ജോലി ചെയ്യുന്ന ദരിദ്രനായ യുവാവും ദാരിദ്യത്തില്‍ കഴിയുന്ന യുവതിയും തമ്മിലുള്ള പ്രേമത്തിന് അവർ തമ്മിലുള്ള കത്തുകളിലൂടെ സാക്ഷിചേരുന്ന ‘പാവപ്പെട്ടവർ’ ആ പ്രേമത്തിന്റെ വിഘ്നത്തെത്തുടര്ന്ന് മനുഷ്യാവസ്ഥകളുടെ ആഖ്യാനമായി മാറുന്നു. അന്തഃസാരശൂന്യനായ ഒരു സമ്പന്നനോട് അവള് കടപ്പെട്ടിരിക്കുന്നു. അവസാനം അവള് അയാളുടെ ഭാര്യയാകേണ്ടിവരുന്നു. ദരിദ്രരുടെ മാനസികാവസ്ഥകളെ അടിത്തട്ടുവരെയെന്നു വിശകലനം ചെയ്യുന്ന ഈ നോവല്‍ ദസ്തയേവ്സ്കിയെ പെട്ടെന്ന് പ്രസിദ്ധനാക്കി.
‘വെളുത്ത രാത്രികള്‍’ പോലുള്ള ഏതാനും ചെറുകഥകള്‍ എഴുതിയതിനു പിന്നാലെ, ഒരു നോവലിന്റെ രചനയ്ക്ക് ഒരുങ്ങുമ്പോഴാണ് പെട്രോഷെവ്സ്കി പ്രസ്ഥാനത്തില്‍ അംഗമായതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതും വധശിക്ഷാനാടകത്തിലൂടെ കൊല്ലാക്കൊല ചെയ്യപ്പെട്ടതും, നാലുവർഷത്തെ തടവിനും നിർബന്ധിത തൊഴിലിനും ശിക്ഷിക്കപ്പെട്ട് സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടതും.
-3-
സൈനികജീവിതത്തിനു ശേഷം, സെന്റ്പീറ്റേഴ്സ്ബർഗ്ഗില് ദസ്തയേവ്സ്കി തിരിച്ചെത്തിയത് അപസ്മാരരോഗിയും, തിടംവച്ച ദൈവവിശ്വാസിയുമായാണ്. തന്റെ ജീവിതത്തിലെയും മനുഷ്യജീവിതത്തിലെയും പീഢകളെ ക്രിസ്തുവിന്റെ പീഢാനുഭവവുമായി ബന്ധിപ്പിക്കുന്ന ഒരു വീക്ഷണം അദ്ദേഹത്തില്‍ വളർന്നുവന്നു. പത്രപ്രവർത്തനവും സാഹിത്യവും കൊണ്ട് ജീവിക്കാമെന്ന് കരുതി. എന്നാല്‍ പത്രപ്രവർത്തനത്തില്‍ സഹായിച്ചുപോന്ന ജ്യേഷ്ഠന്റെ മരണം ആ രംഗത്ത് അദ്ദേഹത്തെ തളർത്തി. സൈബീരിയന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ 1860-ല്‍ ദസ്തയേവ്സ്കി ‘മരിച്ചവരുടെ വീട്’ എന്ന നോവല്‍ എഴുതി. വ്യക്തിക്ക് സ്വാതന്ത്ര്യമില്ലെങ്കില്‍ മനുഷ്യനില്ല എന്നും ഈ നോവലിലൂടെ ദസ്തയേവ്സ്കി കാട്ടിത്തരുന്നു.
1861-ല്‍ ‘നിന്ദിതരും പീഡിതരും’ പുറത്തുവന്നു. 1864-ല്‍ എഴുതിയ ‘ഒളിവില്‍ നിന്നുള്ള കുറിപ്പുകള്‍’ (ണൊറ്റെസ് ഫ്രൊം തെ ഊന്ദെര്ഗ്രൌന്ദ്) ലോകസാഹിത്യത്തില്‍ ആദ്യത്തെ അസ്തിത്വവാദ ജനുസ്സില്‍പ്പെടുത്താവുന്ന കൃതിയാണ്. അന്ന് അസ്തിത്വവാദം (Existentialism) എന്നൊരു ദാർശനിക ശാഖ ഉടലെടുത്തില്ല. അല്ലെങ്കില്‍ത്തന്നെ, ആധുനികവിജ്ഞാനശാഖകളില് ചിലതിന്റെ അനൌപചാരിക ഉദ്ഘാടകന്‍ ദസ്തയേവ്സ്കി ആയിരുന്നല്ലോ! പ്രത്യേകിച്ച്, ആധുനികമായ മാനസിക വിശ്ലേഷണത്തിന്റെ -സൈക്കോ അനാലിസിസ്. പല മനശാസ്ത്രസിദ്ധാന്തങ്ങള്ക്കും ഫ്രോയിഡിന് പ്രചോദനമായതും ദസ്തയേവ്സ്കിയുടെ കൃതികളും വ്യക്തിത്വവുമാണ്. തന്റെ പ്രമുഖകഥാപാത്രങ്ങളെപ്പോലയോ അതിലേറെയോ മാനസിക സംഘർഷങ്ങളിലും ആത്മീയവ്യഥകളിലുമാണ് ദസ്തയേവ്സ്കി ജീവിച്ചത്.
ഇതിനിടെ 1857-ല്‍ ദസ്തയേവ്സ്കിയുടെ വിവാഹം നടന്നിരുന്നു. ക്ഷയരോഗിയായ മരിയ ഇസയേവ എന്ന വിധവയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. മധുവിധുകാലത്തുതന്നെ ദസ്തയേവ്സ്കിക്ക് അപസ്മാരത്തിന്റെ ആക്രമണമുണ്ടായി. അപസ്മാരരോഗിയായ ഭർത്താവും ക്ഷയരോഗിയായ ഭാര്യയും. ദാമ്പത്യം സന്തുഷ്ടമായിരുന്നില്ല. അവർക്ക് സന്താനങ്ങളുണ്ടായതുമില്ല. 1864-ല്‍ മരിയ മരിച്ചു. അതോടെ ഭൌതികാർത്ഥത്തിലും ദസ്തയേവ്സ്കി ഏകാകിയായി.
-4-
കഥാപാത്രങ്ങളും ദരിദ്രർ
ടോള്‍സ്റ്റോയിയെയും തുർഗനേവിനേയും പോലുള്ള എഴുത്തുകാർ സാഹിത്യം കൊണ്ട് വലിയ സമ്പാദ്യം ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോള്‍, കടങ്ങളിലും ചിലപ്പോള്‍ പട്ടിണിയിലും കഴിയാനുള്ള വിധിയാണ് ദസ്തയേവ്സ്കിക്ക് ഉണ്ടായിരുന്നത്. ദസ്തയേവ്സ്കിയെപ്പോലെ ദരിദ്രരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില്‍ ഏറിയപങ്കും. വീക്ഷണങ്ങളിലും അദ്ധേഹം ദരിദ്രരോടൊപ്പം നിന്നു. വിപ്ലവാശയങ്ങള്‍ പടർന്നുനിന്നിരുന്ന അക്കാലത്ത് ദസ്തയേവ്സ്കി ദൈവവിശ്വാസിയും ക്രിസ്തുവിശ്വാസിയമായിരുന്നുവെന്നു മാത്രമല്ല ദരിദ്രവിഭാഗങ്ങള്‍ പിന്തുടരുന്നതുപോലുള്ള പരമ്പരാഗതവിശ്വാസമാണ് സ്വീകരിച്ചിരുന്നതും. തന്റെ അനുഭവങ്ങളെപ്പോലെ വീക്ഷണങ്ങളും തീവ്രമായിരുന്നു. വിശ്വാസവും അങ്ങനെതന്നെ.
1866-ലാണ് ‘കുറ്റവും ശിക്ഷയും’ പുറത്തുവന്നത്. അതീവദരിദ്രനും ബുദ്ധിശാലിയുമായ റോഡിയണ് റസ്കോള്‍നിക്കോവ് എന്ന യുവാവ്, പണം തേടി സ്വന്തം കാര്യം നേരെയാക്കുന്നതിനും ലോകത്തിന് നല്ല കാര്യങ്ങളും ചെയ്യുന്നതിന് വേണ്ടി, മനുഷ്യത്വം തീരെയില്ലാത്ത ഒരു വട്ടിപ്പലിശക്കാരി വൃദ്ധയെ കൊല്ലുന്നു. തെളിവുകളൊന്നുമില്ലാതെയാണ് അയാള്‍ കൊല നടത്തിയത്. എന്നാല്‍ ആകസ്മികമായി ഒരു യുവതി അതിന് ദൃക്സാക്ഷിയായി. യുവതിയേയും അപ്പോള്‍ തന്നെ അയാള്‍ കൊലപ്പെടുത്തി. പോലീസുദ്യോഗസ്ഥന് റസ്കോള്‍നിക്കോവിനെ സംശയമുണ്ട്. പക്ഷെ തെളിവില്ല. ഉദ്യോഗസ്ഥന്റെ ആവർത്തിച്ചുള്ള ചോദ്യംചെയ്യലില്‍ അയാളുടെ അയാള്‍ ഉറക്കിയിട്ടിരുന്ന മനഃസാക്ഷി ഉണർന്നുതുടങ്ങുന്നു. അയാളുടെ അശാന്തി ഭയത്തിലേക്കാണ് വളരുന്നത്. ഇപ്പോള്‍ അയാളുടെ കാമുകിയായ സോണിയയുടെ സ്നേഹമാണ് അയാള്‍ക്ക് ആശ്വാസം. അവള് അയാളെ ദൈവചിന്തയിലേക്ക് നയിക്കുന്നു. കുറ്റം ഏറ്റുപറഞ്ഞ് ശിക്ഷ വാങ്ങുകയാണ് കുറ്റബോധത്തില്‍ നിന്നു രക്ഷപ്പെടാനുള്ള മാർഗ്ഗം. സോണിയയുടെ ഉപദേശപ്രകാരം അയാള്‍ കുറ്റം ഏറ്റു പറഞ്ഞ് ശിക്ഷ സ്വീകരിക്കുന്നു.
‘ചൂതാട്ടക്കാരന്’ എന്ന കൃതി 30 ദിവസംകൊണ്ട് എഴുതിനല്കാന് പ്രസാധകരാല്‍ കരാറുവച്ചു. 30 ദിവസംകൊണ്ട് തീർത്തില്ലെങ്കില്‍ വരുന്ന 9 വർഷത്തേക്ക് ദസ്തയേവ്സ്കിയുടെ കൃതികള്‍ പ്രതിഫലം കൂടാതെ പ്രസിദ്ധീകരിക്കാന്‍ പ്രസാധകന് അവകാശം നല്കുന്ന കരാറായിരുന്നു. തനിക്ക് തന്നെ എഴുതി 30 ദിവസം കൊണ്ട് പൂർത്തീകരിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ദസ്തയേവ്സ്കി പകർത്തിയെഴുതാന്‍ 20 കാരിയായ പെണ്‍കുട്ടിയെ നിയോഗിക്കുന്നു. 30 ദിവസം കൊണ്ട് പൂർത്തിയാക്കിയശേഷം 20 കാരിയെ 45 കാരനായ ദസ്തയേവ്സ്കി വിവാഹം ചെയ്തു – അന്ന സ്വിറ്റ്കിന. ദസ്തയേവ്സ്കിയുടെ ജീവിതത്തില്‍ അടുക്കും ചിട്ടയും വന്നതും സാമ്പത്തികപ്രശ്നങ്ങള്‍ ഒതുങ്ങിയതും അന്നയോടൊത്തുള്ള ജീവിതകാലത്താണ്. അവർക്ക് നാലുകുട്ടികള്‍ ജനിക്കുകയും ചെയ്തു.
‘കുറ്റവും ശിക്ഷയും’ എന്നതു പോലെ ‘വിഡ്ഢി’യിലും, ‘ഭൂതാവിഷ്ട’രിലും, ‘കരമസോവിലും’ ഇതിവൃത്ത കേന്ദ്രബിന്ദു കൊലപാതകമാണ്. അതിനേക്കാള്‍ പ്രധാനമായി അവ തമ്മിലുള്ള സാമ്യം കഥാപാത്രങ്ങള്‍ സ്വന്തം ഉള്ളിലേക്ക് തുരന്നിറങ്ങി പരിശോധന നടത്തുന്നുവെന്നതാണ്. റസ്കോള്‍നിക്കോഫ് താന്‍ നടത്തിയ കൊലയുടെ ഉദ്ദേശം അഥവാ കാരണം എന്താണെന്ന് എത്രയോ പ്രാവശ്യമാണ് ആത്മപരിശോധന നടത്തുന്നത്.
1868-69-ല്‍ വായനക്കാരില്‍ എത്തിയ ‘വിഡ്ഢി’യിലെ നായകന്, അത്യന്തം ഉദാരശീലനും അതീവനിഷ്ക്കളങ്കനും അതുകൊണ്ടുതന്നെ വിഡ്ഢിയെന്നു പരക്കെ അറിയപ്പെടുന്നവനുമായ മിഷ്ക്കിന് എന്ന പ്രഭുകുടുംബാംഗമാണ്. അയാളുടെ പല നല്ലപ്രവൃത്തികളും ഉണ്ടാക്കുന്നത് വിപരീതഫലമാണ്. മറ്റുള്ളവരുടെ രക്ഷയ്ക്ക് ചെയ്യുന്നത് അവർക്ക് ശിക്ഷയാകുന്നു. ക്രിസ്തുവിനെപ്പോലെ നന്മനിറഞ്ഞവനാകാന് ഒരു മനുഷ്യന് സാധിക്കുമോ എന്ന അന്വേഷണം കൂടിയാണീ നോവല്‍. സാധിക്കും എന്ന് വിശ്വസിച്ചയാളാണ് ദസ്തയേവ്സ്കി.
‘ഭൂതാവിഷ്ടർ’ 1872 ലാണ് പുറത്തുവന്നത്. രാഷ്ട്രീയപ്രവാചകന് എന്ന വിശേഷണം ദസ്തയേവ്സ്കിക്ക് നേടിക്കൊടുത്തിട്ടുള്ള നോവലാണിത്. റഷ്യയില്‍ വിപ്ലവകാരികള്‍ വിജയിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് അദ്ദേഹം മുന്‍കൂട്ടികണ്ടു. ദസ്തയേവ്സ്കിയുടെ കാലത്ത് ഒരു വിപ്ലവകാരി കൊലചെയ്യപ്പെട്ട സംഭവത്തില്‍ നിന്നാണ് അദ്ദേഹം ഈ നോവലിന്റെ രണ്ട് പ്രമേയങ്ങളിലൊന്നിന് പ്രചോദനം ഉള്‍ക്കൊണ്ടത്.
1879-80-ല്‍ ദസ്തയേവ്സ്കി എഴുതിയ ‘കരമസോവ് സഹോദരന്മാർ‘ അദ്ദേഹത്തിന്റെ അവസാനത്തേതും ഏറ്റവും മഹത്തായതുമായ നോവലാണ്. ഒരു പക്ഷേ വിശ്വസാഹിത്യത്തിലെ തന്നെ ഏറ്റവും മഹത്തായ നോവല്‍.
തത്ത്വശാസ്ത്രപരവും ദൈവശാസ്ത്രപരവും മനശാസ്ത്രപരവുമായ ആഴങ്ങളുള്ള രചന. ധൂർത്തനും വിടനും എല്ലാറ്റിനെയും നിന്ദിക്കുന്നവനും കുത്സിതബുദ്ധിയുമായ ഫ്യോദോർ പാവ്ലോവിച്ച് കാരമസോവിന്റെ നാലുമക്കളെ നിരത്തിക്കൊണ്ടും പാവ്ലോവിച്ചിനെ കൊലപ്പെടുത്തിയത് അവരില്‍ ആരാണെന്ന് അന്വേഷിച്ചുകൊണ്ടും ജീവിതദുരിതം, ദൈവവിശ്വാസം, ജീവിതത്തിന്റെ അർഥം എന്നിവയെക്കുറിച്ച് അന്വേഷിക്കുകയാണ് ദസ്തയേവ്സ്കി.
പാവ്ലോവിച്ചിന്റെ ഏറ്റവും ഇളയ മകനായ അലോഷ ക്രിസ്തുവിന്റെ സ്നേഹം ജിവിതത്തില്‍ പകർത്താന്‍ ശ്രമിക്കുന്ന യുവാവാണ്. അലോഷയും ഫാദർ സോസിമയും തമ്മിലുള്ള ദാർശനികവും ദൈവശാസ്ത്രപരവുമായ ചർച്ചകള്‍ അനുവാചകരെ ചിന്തയുടെ ഉത്തുംഗതലങ്ങളിലേക്ക് എത്തിക്കും. പണത്തിനുവേണ്ടി കലഹിക്കുകയും കുടിലയായൊരു പെണ്ണിനുവേണ്ടി പിതാവുമായി മത്സരിക്കുകയും ചെയ്തുകൊണ്ടിരുന്ന മുത്തമകന് ഭൌമിത്രയാണ് പാവ്ലോവിച്ചിനെ കൊലപ്പെടുത്തിയെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. എന്നാല്‍ അവിഹിതസന്തതിയായ നാലാമന് സ്മെർഭിയാക്കോഫ് ആണ് കൊലനടത്തിയത്.
-5-
‘കരമസോവ് സഹോദരന്മാർ‘ പൂർത്തീയാക്കി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 1881 ജനുവരി 28ന് അപസ്മാരം മൂലം ദസ്തയേവ്സ്കിയുടെ അന്ത്യം സംഭവിച്ചു. 40,000 പേർ അദ്ധേഹത്തിന്റെ സംസ്ക്കാരത്തില്‍ പങ്കെടുത്തു എന്നു പറയുമ്പോള്‍ തന്നെ അദ്ദേഹം റഷ്യക്കാർക്ക് എത്ര പ്രിയപ്പെട്ടവനാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
വിശ്വവിഖ്യാതസാഹിത്യകാരന്മാരായ വില്യം ഫോക്നർ, ഴാങ്പോള്‍ സാർത്ര്, ആന്ദ്രേ മാല്‍റോ, ഏണസ്റ്റ് ഹെമിംഗ്വേ, ഓർഹന്‍ പാമുക്ക്, ഫ്രാന്‍സ് കാഫ്ക, ജയിംസ് ജോയ്സ്, ജോണ്‍ സ്റ്റെയിന്‍ബെക്ക് തുടങ്ങിയവരുടെമേല്‍ ദസ്തയേവ്സ്കി കൃതികള്‍ക്കുള്ള സ്വാധീനം അവർ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്.
മലയാളത്തിലെ പല സാഹിത്യകാരന്മാരെയും ദസ്തയേവ്സ്കി കൃതികള്‍ വലിയ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’, ആനന്ദിന്റെ ‘ആള്‍ക്കൂട്ടം’, ഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരും’, വിലാസിനിയുടെ പല കൃതികളും ഉദാഹരണം. നിരൂപകന് കെ.പി.അപ്പന് ബൈബിലിലും പരിശുദ്ധ കന്യാമറിയത്തെക്കുറിച്ചുള്ള പഠനങ്ങളിലുമുണ്ടായിരുന്ന അഭിനിവേശത്തിന് വിത്തുപാകിയതും ദസ്തയേവ്സ്കിയാണ്. അങ്ങനെ ലോകമെങ്ങുമുള്ള സാഹിത്യസപര്യയ്ക്ക് വഴികാട്ടിയായി ദസ്തയേവ്സ്കി നൂറ്റാണ്ടുകള്കു ശേഷവും നിലനില്ക്കുന്നു, ഇനിയും നൂറ്റാണ്ടുകള്‍ നിലനില്ക്കുകയും ചെയ്യും.