മൂടില്ലാത്താളി
———–
പരിണാമത്തിൻറെ
പ്രകാശവേഗങ്ങൾക്കിപ്പുറം
പ്രപഞ്ചത്തിൻറെ
ഇങ്ങേക്കരയിൽ
ചരിത്രത്തിലേയ്ക്ക്
വേരുകളാഴ്ത്തിയും
ഭാവിയിലേയ്ക്ക്
ചില്ലകൾ നീർത്തിയും
ഒരു
അരയാൽ വൃക്ഷം;
അധിനിവേശത്തിൻറെ
ജ്വലനപാതങ്ങളെ
അതിജീവിച്ച മഹാവൃക്ഷം …
അതിൻറെ ഇലകളിൽ
ഉണ്ണിക്കണ്ണൻ
ഇടയ്ക്കിടെ
ഉറങ്ങാനെത്തും …
ഭൂമിയിലേക്ക് പെയ്തിറങ്ങിയ
വേരുകളിൽ
ഒരു ക്രൂശിത രൂപം
കരുണയോടെ
തെളിഞ്ഞു നിൽക്കും..
അതിൻറെ ഇലയനക്കങ്ങളിൽ
ഒരു ബാങ്കുവിളിയൊച്ച
മർമ്മരമാകും…
ഒരിയ്ക്കൽ
വടക്കുനിന്നെത്തിയ
കഴുകൻറെ കാലിൽപ്പറ്റി
ഒരു വള്ളിച്ചെടി
അരയാൽ കൊമ്പിൽ
തങ്ങിയിരുന്നു …
സ്നേഹം നടിച്ച് കള്ളം വിതച്ച്
ആ വള്ളിച്ചെടി
അരയാലിനെ പറ്റി വളർന്നു ….
വിഡ്ഡിത്തത്തിൻറെ
വിത്തുകളെറിഞ്ഞ്
പാരമ്പര്യത്തെ കൂട്ടുപിടിച്ച്
അത്
അരയാൽക്കൊമ്പിൽ ഇഴഞ്ഞു നടന്നു…
ഒടുവിലൊരു നാൾ
മുടിയോളം പടർന്നുപിടിച്ച്
ഉടലാകെ ചുറ്റിവരിഞ്ഞ്
അത് അരയാലിനോട്
മന്ത്രിച്ചു:
“ആ രേഖയെവിടെ…?”
“രേഖയോ…!!!! “
അരയാലിൻറെ ആശ്ചര്യത്തിൽ
വള്ളിച്ചെടി നാവുചുഴറ്റി…
“അതെ രേഖ തന്നെ…
ഈ മണ്ണിൽ വേരുകളാഴ്ത്താൻ
നിനക്കുളള
അവകാശത്തിൻറെ ….
ഈ വാനിൽ
ചില്ല വിടർത്താൻ
നിനക്കുള്ള
സ്വാതന്ത്ര്യത്തിൻറെ….. “
“അത് ചോദിക്കാൻ
നീയാരാ ….!!???”
“ഞാനോ….
ഞാനൊരു മൂടില്ലാത്താളി…”
വള്ളിച്ചെടി അലറിച്ചിരിച്ചു…
“വേരുകളുടെ
ചരിത്രമില്ലെങ്കിലും
സമരവേവുകളുടെ
ഇലപാകമില്ലെങ്കിലും
ഒറ്റിക്കൊടുത്തും
നക്കിത്തുടച്ചും
ഊറ്റിക്കുടിച്ചും
സ്വയം സേവിച്ച് സേവിച്ച്
ഇതുവരെയെത്തിയത്
എനിക്കു മാത്രമായി …
എന്റേതു മാത്രമായി..
ഇടമൊരുക്കാൻ
തന്നെയാണ് …. “
വളളിച്ചെടി ചിരിച്ചു..
പഞ്ചഗവ്യത്തിനും
ഗോമൂത്രത്തിനുമപ്പുറം
കളകൾ മാത്രം
ഇല്ലാതാക്കുന്ന
പുതിയ കാലത്തെ
കളനാശിനികളെ-
ക്കുറിച്ചറിയാതെ…
സഹനകലയുടെ .
ഒടുവിലത്തെ
ചുവടും വച്ച
പൊതുജനം
അതേ
കളനാശിനിയായ്
സ്വയം മാറിയതറിയാതെ,
വള്ളിച്ചെടി പിന്നെയും
ചിരിച്ചു…
ഒടുവിലത്തെ ചിരി….