അറിവ് മനുഷ്യസമൂഹത്തോടൊപ്പം തന്നെ വളർന്നു് വികസിച്ചതാണു്. അദ്ധ്വാനത്തിന്റെ സൃഷ്ടിയായ അറിവു് തന്നെ അദ്ധ്വാനം ലഘൂകരിക്കുന്നതിന്റേയും അദ്ധ്വാനശേഷി (അദ്ധ്വാനത്തിന്റെ സൃഷ്ടിപരമായ കഴിവു്) വര്‍ദ്ധിപ്പിക്കുന്നതിന്റേയും ഉപാധിയുമാണു്.
ഒരിക്കല്‍ രൂപപ്പെട്ട് ക്രോഡികരിക്കപ്പെട്ട് കഴിയുമ്പോള്‍ അറിവ്, ആപേക്ഷികമായി, സ്വതന്ത്രമായ അസ്തിത്വം കൈവരിക്കുന്നു. അറിവില്‍ നിന്ന്, അതുപയോഗിച്ചുള്ള മാനസികാദ്ധ്വാനത്തില്‍ നിന്ന്, ചിന്തയില്‍ നിന്നു തന്നെ പുതിയ അറിവ് സൃഷ്ടിക്കാന്‍ കഴിയുന്നു. പുതിയ ആശയങ്ങള്‍, പുതിയ തത്വങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയുന്നു. ഇതു് മൂലം അദ്ധ്വാനമല്ല, അറിവ് മാത്രമാണു് സൃഷ്ടിയുടെ ഉപാധിയെന്ന തോന്നല്‍ പോലും ഉളവാക്കപ്പെടുന്നു. പക്ഷെ, അദ്ധ്വാനത്തോടു് (പ്രയോഗത്തോടു്) ബന്ധപ്പെടുത്താത്ത അറിവുകള്‍ അപ്രസക്തമാണു്. അവയ്ക് മൂല്യമില്ല. ചുരുക്കത്തില്‍, അറിവ് അദ്ധ്വാനശേഷിക്കു് വഴങ്ങുന്നതും അതില്‍ നിന്നു് വേറിട്ട് സാമൂഹ്യ പ്രസക്തിയില്ലാത്തതുമാണു്. അതിനാല്‍, അദ്ധ്വാനശേഷിക്കു് സ്വതന്ത്രമായി അറിവുപയോഗിക്കാന്‍ കഴിയുന്ന വ്യവസ്ഥയാണു് സാമൂഹ്യ പുരോഗതിക്കാവശ്യം. അദ്ധ്വാന ശേഷിയുടെയും അറിവിന്റെയും മേലെ ചെലുത്തപ്പെടുന്ന എല്ലാത്തരം നിയന്ത്രണങ്ങളും സാമൂഹ്യ പുരോഗതി തടയുന്നതാണു്.