വീടുകൾ കാത്തിരിക്കുന്നു.
——————————————–
ചില്ലലമാരകളിൽ
ചിതലരിച്ചു കിടക്കുന്നുണ്ട്
ചിറകറ്റ പുസ്തകങ്ങൾ..
അടുക്കി വെച്ചിട്ടുണ്ട്,
ഓർമ്മകളോരോന്നു
മുണങ്ങിക്കിടക്കുന്ന
പട്ടുചേലകൾ .
പൊടിപിടിച്ചങ്ങനെ കിടക്കുന്നുണ്ട്,
നിറം പിടിപ്പിച്ചതും
നിറം മങ്ങിയതുമായ
കൗതുക ശേഖരങ്ങൾ
ചുമരിൽ തൂങ്ങിക്കിടക്കുന്നത്
ജീവിത യാത്രകളിലെ
ചിരിച്ചിത്രങ്ങൾ.
സ്വീകരണ മുറിയിൽ
വില കൊടുത്തു വാങ്ങിയ
ഒരു തെരുവിന്റെ ചിത്രമുണ്ട്.
വഴി വിളക്കുകളും കൽത്തൂണുകളും മനോഹരമാക്കിയ തെരുവ്. ചിത്രത്തിൽ …
വീടില്ലാത്ത ഒരുവൻ
ഒരു മൂലയിൽ ചുരുണ്ട് കിടപ്പുണ്ട്.
ദാഹിച്ചുണങ്ങിയ അകച്ചെടികൾ,
ചൂടും പുകയും
പരിഭവങ്ങളുമില്ലാത്ത
ഒരടുക്കള.
ജീവിതച്ചുളിവുകൾ
വീഴാതെ വിരിച്ചിട്ട
അതിഥി മുറികൾ …
മഴയും കാറ്റും വെയിലും
മുട്ടി വിളിച്ചിട്ടും
തുറക്കാത്ത
ജനൽപ്പാളികൾ …
സ്വപ്നങ്ങൾ അടച്ചിട്ട ഒരു വീടും
ഇലകൾ പൊഴിഞ്ഞു
കിടക്കുന്ന വഴിയും
ഒച്ചയില്ലാതെ ഒരു താക്കോൽക്കൂട്ടവും കാത്തു കാത്തിരിക്കുന്നുണ്ട്
ഒരു വിരൽ സ്പർശം..
വീട്ടകം നിറക്കാൻ
വീടു വിട്ടു പോയവന്റെ
വിരൽ സ്പർശം….