മദാലസയായ ഒരു സ്ത്രീയുടെ ഗന്ധം
ജ്യോതി അരയമ്പത്ത്
മലയാള സാഹിത്യത്തിലെ ശ്രദ്ധേയമായ സ്ത്രീശബ്ദങ്ങളിലൊന്ന്. സ്ത്രീയുടെ സ്വയംനിര്‍ണ്ണയം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ പുതിയ ഭാവുകത്വത്തിനു വേണ്ടി നിലകൊള്ളുന്നു.
യു. കെ.യില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യുന്നു.
“ആർട്ട് ഗ്യാലറിയിൽ ഒരു ചിത്രമുണ്ട്. കാണേണ്ടതു തന്നെ”, മമത പറഞ്ഞു. അവൾ നാട്ടിൽ നിന്നുള്ള ചില ആർട്ടിസ്റ്റുകളുടെ എക്സിബിഷൻ തരപ്പെടുത്തുവാൻ പോയതാണ്.
ഈയിടെയായി രാവും പകലും അവിടെത്തന്നെ.
“ആ ചിത്രത്തിന് ഒരു പ്രത്യേക മണമുണ്ട്. അതിന്റെ ആർട്ടിസ്റ്റ് ആ ചിത്രത്തിനിട്ടിരിക്കുന്ന പേരോ- ‘മദാലസയായ ഒരു സ്ത്രീയുടെ ഗന്ധം’ എന്നും”.
“നീ അപ്പറഞ്ഞ ആ ആർട്ടിസ്റ്റ് ഒരു നമ്പർ വൺ ഫ്രോഡാവണം. അയാൾ മണത്തെക്കുറിച്ച് തലക്കുറി കൊടുത്ത് ചിത്രം വരച്ചാൽ ആൾക്കാർക്ക് ചിത്രത്തിനു മണമുള്ളതുപോലെ തോന്നില്ലേ? അയാളൊരു സൈക്കിയാട്രിസ്റ്റാവേണ്ടതായിരുന്നു” ഞാൻ പിറുപിറുത്തു.
”അതിനു നിങ്ങളെന്താ പറയുക- അങ്ങനെ കാണുന്ന ഒരു സംഗതി മണം എന്ന സെൻസേഷൻ ഉണ്ടാക്കുന്നതിനെ? എന്റെ നാവിൽ വരുന്നില്ല!
“അതോ- ശരിക്കുള്ളതാണെങ്കിൽ അതാണ് സൈനസ്തേഷ്യ. എന്തോ ഞാനീ കേസ്സിൽ അതാണെന്ന് വിശ്വസിക്കുന്നില്ല”.
“നിങ്ങൾ നാളെ ലഞ്ച് ബ്രേയ്ക്കിന് എന്റെ കൂടെ വരൂ. ഞാൻ കാണിച്ചു തരാം. നിങ്ങളുടെ ആസ്പത്രിയിൽ നിന്ന് ഒരു കാലെടുത്തു വെച്ചാൽ മതിയല്ലോ ഗ്യാലറിയിലേയ്ക്ക്”.
അവൾക്കെപ്പോഴും അവളുടേതെന്നല്ല, ആരുടെ കലയായാലും അതിനേക്കുറിച്ചുള്ള എന്റെ അഭിപ്രായമറിയണം. അതിനെനിക്കു വിരോധം തോന്നിയിട്ടല്ല; സത്യത്തിൽ അതിൽ രഹസ്യമായി സന്തോഷിക്കുന്നു പോലുമുണ്ട് ഞാൻ! അല്ലാതെ എനിക്കു കലയുമായി എന്താണ് ബന്ധം?
തീർത്തും ഇല്ല എന്നു പറഞ്ഞാൽ ശരിയാവില്ല; നിരുപമ എന്ന പെൺകുട്ടിയുടെ നീണ്ട കൈവിരലുകളിലൂടെയായിരുന്നു എന്റെ കലയുമായുള്ള ആദ്യസമ്പർക്കം.
അവളുടെ മൃദംഗത്തിലെ ചാപ്പുകൊട്ടിന്റെ മുഴക്കം ഇന്നും എന്റെ ഓർമയിലെവിടെയോ! പിന്നീടെല്ലാ മൃദംഗധ്വനികളും അവളുടെ വിരലുകളായി ഞാൻ കാണാൻ തുടങ്ങിയിട്ടുമുണ്ടായിരുന്നു! സൈനസ്തേഷ്യയെപ്പറ്റി മമതയെ പറഞ്ഞു മനസ്സിലാക്കാൻ പറ്റിയ ഉദാഹരണമല്ല. അവൾ അസൂയകൊണ്ടു തുടുക്കും.
പാവം മമത! അവൾ മാസങ്ങളായി ഓടി നടക്കുകയാണ് ഈ എക്സിബിഷനിൽ നാട്ടിൽ നിന്നുള്ള അവളുടെ കൂട്ടുകാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ. എന്തായാലും ഇനി രണ്ടു ദിവസങ്ങൾ കൊണ്ട് അവയെല്ലാം ഇവിടെ എത്തും. അവൾ പറഞ്ഞതനുസരിച്ചു നോക്കിയാൽ നല്ല വില കിട്ടുന്ന ചിത്രങ്ങളാണ്.
ഇവിടത്തെ മാതിരി സംഗതികൾ നീക്കാൻ അവൾ നല്ല ഗ്ലോസ്സി കടലാസ്സുകളിൽ അവയെപ്പറ്റി ബ്രോഷറുകൾ അടിപ്പിച്ചെടുത്തിട്ടുമുണ്ട്.
“എല്ലാം നമ്മള്‍ സെൽ ചെയ്യുന്നതു പോലിരിക്കും”. മമത ആത്മവിശ്വാസത്തോടെ പറയും.
റൗണ്ട്സ് കഴിഞ്ഞു നോക്കിയപ്പോൾ ഉച്ചയ്ക്കുള്ള റ്റീച്ചിംഗ് സെഷൻ ക്യാൻസൽ ചെയ്തിരിക്കുന്നു. ഗ്യാലറിയിലേയ്ക്ക് മമതയെ വിളിച്ചിട്ടുപോകാൻ നേരമില്ല. തനിയെ നേരെ ഒന്നു പോയി നോക്കിയാലോ?
സിറ്റി ആർട്ട് ഗ്യാലറിയിലേയ്ക്ക് സ്ലേറ്റ് സ്റ്റോൺ പാകിയ നിരത്തിലൂടെ നടന്നു. നേരെ ചെല്ലുന്ന ഗ്രെയ്റ്റ് ഹാളിന്റെ ഇടതുവശത്താണ് അത്രയൊന്നും പ്രശസ്തരല്ലാത്ത ആർട്ടിസ്റ്റുകളുടെ ചിത്രങ്ങൾ.
വാതിൽ പിന്നിട്ടപ്പോഴേ വലിയ ബഹളം.
പേരും നാടുമറിയാത്ത സൈനസ്തേഷ്യക്കാരന്റെ ചിത്രം എവിടെയാണെന്നു വെച്ചാണ് തിരയുക! അര മണിക്കൂറിൽ തീർക്കാവുന്ന പണിയല്ലിത്.
കുറച്ചങ്ങുമിങ്ങും നടന്നു. അപ്പോൾ ഏതോ ഒരു മൂലയിൽ നിന്നും വല്ലാത്ത ഒരു മണം.
മുന്നിലൂടെ ഒരു സ്ത്രീ നടന്നപ്പോൾ അവരുടെ പെർഫ്യൂമിന്റെ കടുത്ത മണത്തിൽ ആ മണം മാഞ്ഞു. തണുപ്പു രാജ്യത്തെ കനം കൂടിയ വായുവിൽ എല്ലാത്തരം മണങ്ങളും തങ്ങി നിൽക്കും.അതുകൊണ്ട് ആൾക്കാർ പതിവിൽക്കൂടുതൽ പെർഫ്യൂം ഉപയോഗിക്കും ഇവിടെ.
മമത ആദ്യമായി വന്നപ്പോൾ അവളുടെ ജാക്കറ്റിനും മുടിയ്ക്കും എപ്പോഴും മസാലമണമായിരുന്നു. അവൾക്കിപ്പോഴാകട്ടെ ഞാനത് പരാമർശിക്കുന്നതു തന്നെ ഇഷ്ടമല്ല. ഏതായാലും ഇനി സമയം മിനക്കെടുത്തേണ്ട. മമതയോടു ചോദിച്ചു പിന്നെ വരാം. പോകുന്നതിനു മുമ്പ് മറ്റു വല്ലതും കണ്ടുകളയാം.
അപ്പോളതാ വീണ്ടും ആ മണം. അതേ മൂലയ്ക്കു നിന്നാണതു വരുന്നത്. ഞാൻ മൂക്കു വിടർത്തി മണം പിടിച്ചു. ആരുടെയോ പരിചിതമായ മണം. മഴയുള്ള രാത്രിയിൽ വിരിഞ്ഞ ഗന്ധരാജന്റെ മണം.
ഏതോ പതിനെട്ടുകാരിപ്പെണ്ണിന്റെ പിൻകഴുത്തിന്റെ, മുടിക്കെട്ടിന്റെ മണം. പെട്ടെന്ന് ഉത്തേജിതനായ പോലെ!
കാന്തശക്തി പോലെ ആ മണം എന്നെ വലിച്ചെടുത്ത് ഹാളിന്റെ മറുഭാഗത്തെത്തിച്ചു. ഗ്യാലറിയുടെ അങ്ങേ അറ്റത്ത് സ്ഥലമില്ലാതെ ഞെങ്ങിഞെരുങ്ങി ഒരു ക്യാമറയുടെ ട്രൈപോഡു പോലെയുള്ള ഒരു സാധനത്തിൽ നിലത്തുമുട്ടുമാറ് തൂക്കിയിട്ടിരിക്കുകയായിരുന്നു അവളുടെ ചിത്രം.
അവളുടെ വലംകയ്യിൽ ഒരു കെട്ട് ആമ്പലുകൾ ഉണ്ടായിരുന്നു.
ഇടതുകാൽ വെള്ളത്തിലൂന്നി ഇടതുകൈകൊണ്ട് ആമ്പൽ പറിയ്ക്കുവാൻ ശ്രമിക്കുകയായിരുന്നു ആ മനോഹരി. ചിരപരിചിതമായ ഒരു ദൃശ്യം പോലെ അവൾ ചിത്രത്തിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു. നാട്ടിൻപുറത്തെ ആമ്പൽക്കുളത്തിലൊന്നിറങ്ങി അവൾക്ക് ആമ്പലും അല്ലിക്കായും പൊട്ടിച്ച് കയ്യിൽ വെച്ചു കൊടുക്കണം. അലസയായി കുളത്തിലിറങ്ങി പൂവിറുക്കുന്ന അവൾക്ക് വല്ലാത്തൊരു മാദകത്വം ഉള്ളതായി എനിക്കു തോന്നി.
അവൾ ധരിച്ചിരുന്ന നിറയെ ഞൊറികളുള്ള വെള്ള ഉടയാട അവളുടെ തോളിനു താഴെയായി തുടങ്ങി മുട്ടിനു സ്വല്പം കീഴിലായി അവസാനിക്കുന്നുണ്ടായിരുന്നു. അവളുടെ ഇളം നീല ഉത്തരീയം സ്ഥാനഭ്രംശം വന്ന പോലെ മുടിക്കെട്ടിൽ മാത്രം കുരുങ്ങി നിലത്തിഴയുന്നുണ്ടായിരുന്നു.
അവൾ മുഖം തിരിച്ചാണ് നിന്നിരുന്നത്. പണ്ട് കയ്പ്പാടിൽ നിന്ന് ഞാൻ ആമ്പൽ പറിച്ചു കൊടുത്തിരുന്ന ഒരു പെൺകുട്ടിയുടെ മുഖം അവളുടെ ഉടലിനു മീതെയായി സങ്കൽപ്പിക്കാൻ ഞാൻ ശ്രമിച്ചു. അല്ല – ഇവൾക്ക് ഏതോ പേർഷ്യൻ കഥയിലെ ഹൂറിയുടെ മുഖമാണ് ചേരുക- ഒരു ദേവകന്യകയുടെ!
സൂക്ഷിച്ചു നോക്കിയപ്പോൾ അവളുടെ വലതു തോളിനു താഴെ നിന്നാണ് ആ മണം വരുന്നതെന്നു തോന്നി. ഞാൻ നിലത്തിരുന്ന് മുന്നോട്ടാഞ്ഞ് അവളുടെ കക്ഷത്തിൽ എന്റെ മൂക്കു ചേർത്ത് മണം പിടിച്ചു. ചൂണ്ടു വിരൽ കൊണ്ട് അവളുടെ കവിളിൽ സ്പർശിച്ചു. അപ്പോൾ എന്റെ ഇടത്തേ കവിളിനോടു ചേർന്ന് പുകയിലയുടെ മണം പരന്നു.
ഞാൻ ധൃതിയിൽ എണീറ്റു നിന്നപ്പോൾ പുകയിലക്കറ പിടിച്ച പല്ലുകളുമായി ഒരു വൃദ്ധൻ എന്റെയരുകിൽ നിൽക്കുകയായിരുന്നു. ചുകന്ന നിറത്തിലുള്ള താടി പിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു; “ഞാൻ ഫിർദൗസ് ഘാനി. ഇറാനിൽ നിന്നു വരുന്നു. ഇതെന്റെ മകളാണ്”.
ഞാൻ കുറ്റബോധത്തോടെ തല കുനിച്ചു.
“നിങ്ങളുടെ പക്കൽ തെറ്റൊന്നുമില്ല. ഈ പടം ആരേയും ആകർഷിക്കും”.
അയാൾ എന്നെ സമാധാനിപ്പിച്ചു. “നിങ്ങൾ മജ്ജയും മാംസവുമുള്ള ഒരു സാധാരണ ചെറുപ്പക്കാരനാണ്”. ഞാൻ സമാധാനിച്ചു. എന്റെ ചേഷ്ടകളിൽ അയാൾ അരോചകമായി ഒന്നും കണ്ടില്ല: ഭാഗ്യം!
അസ്വസ്ഥത മായ്ച്ചു കളയാൻ ശ്രമിച്ചു കൊണ്ട് ഞാൻ ചോദിച്ചു- “ഇതാരാണ് വരച്ചത്?” അയാൾ ഗ്യാലറിയുടെ പഴയ ജനലിലൂടെ നിരത്തിലെ കാഴ്ചകൾ കാണുകയായിരുന്നു. ഒരു ചെറിയ മടുപ്പ് അയാളുടെ പെരുമാറ്റത്തിൽ പ്രകടമായി. അയാൾ കേട്ടുവോ എന്തോ- പക്ഷേ ഉത്തരം നല്‍കിയില്ല. “ഈ പടത്തിന്റെ മണം- അതിനു പിന്നിലെ രഹസ്യമെന്താണ്? അയാൾ തിരിഞ്ഞു നിന്ന് എന്നെ രൂക്ഷമായി നോക്കി. ഞാൻ വീണ്ടും അസ്വസ്ഥനായി. അയാൾക്കത് ഇഷ്ടപ്പെട്ടിട്ടില്ല.
ഞാൻ തിരിഞ്ഞു നടന്നു. ഗേറ്റ് കടന്നിറങ്ങിയപ്പോൾ അയൾക്ക് നന്ദി പറഞ്ഞില്ലല്ലോ എന്നോർത്തു. ഇപ്പോൾത്തന്നെ പറഞ്ഞു കളയാം. ഇനിയൊരു പക്ഷേ അയാളെ കാണാൻ പറ്റിയില്ലെങ്കിലോ!
തിരിച്ച് ഗ്യാലറിയുടെ കരിങ്കൽപടവുകൾ കയറുമ്പോൾ ഇടതുഭാഗത്തു നിന്നും കാറ്റ് ശവംനാറിപ്പൂവിന്റെ മണം കൊണ്ടുവന്നു.
ശവംനാറിപ്പൂവിന്റെ കാലമല്ലല്ലോ എന്നു ഞാൻ വിചാരിക്കുകയും ചെയ്തു. എനിയ്ക്കു കുറേശ്ശെ പേടി തോന്നുന്നുണ്ടായിരുന്നു.
വൃദ്ധൻ ട്രൈപോഡിൽ വേറൊരു പടം തൂക്കി നിർത്താൻ പാടുപെടുകയായിരുന്നു അപ്പോൾ.
“ഞാൻ ചെയ്തു തരാം”
അയാളെ സഹായിക്കുന്നതിനിടയിൽ ഞാൻ ആ പടം ശ്രദ്ധിച്ചു.
അതിൽ ആ പെൺകുട്ടി ഉണ്ടായിരുന്നില്ല. അവളുടെ കയ്യിലുണ്ടായിരുന്ന ആമ്പൽപൂക്കൾ കുളക്കരയിൽ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. അവളുടെ വെള്ള ഉടുപ്പിന്റെയറ്റം എന്നു തോന്നുമാറ് ഒരു വെളുത്ത കുമിള ആമ്പലുകളുടെ അടുത്തായി വീർത്തു നിൽക്കുന്നുണ്ടായിരുന്നു. ആ ചിത്രത്തിനു ശവംനാറിപ്പൂക്കളുടെ ഗന്ധമുണ്ടായിരുന്നു.
“അവളെവിടെ?” ഞാൻ അയാളെ കുലുക്കി വിളിച്ചു കൊണ്ട് ചോദിച്ചു. എന്റെ മനസ്സിനകത്ത് നിഗൂഢമായ ഒരു ഭയം പൊട്ടി വിരിയുന്നത് ഞാനറിഞ്ഞു.
അയാൾ കുളത്തിലേയ്ക്ക് കൈ ചൂണ്ടിക്കാണിച്ചു.
സ്ലേറ്റ്സ്റ്റോൺ പാകിയ പാതയിൽ ഞാൻ പലവട്ടം വഴുതി. നിർത്താതെ ഭ്രാന്തനായി ഓടുകയായിരുന്നു ഞാൻ. ആസ്പത്രിയ്ക്കു മുന്നിലെ സിഗ്നലിലെത്തിയപ്പോൾ ഞാൻ വല്ലാതെ കിതച്ചു.
ഉച്ച നേരത്തെ ക്ലിനിക് തുടങ്ങാൻ അഞ്ചു മിനിട്ട് മാത്രം ബാക്കി.
മുകൾഭാഗം താഴ്ത്തിവെച്ച ഒരു ചുകന്ന സ്പോർട്സ് കാർ പിന്നിൽ ബബ്ബിൾ റാപ്പിൽ പൊതിഞ്ഞ ഒന്നുരണ്ടു പെയിന്റിംഗുകളുമായി സിഗ്നലിൽ നിർത്തി.
വെള്ളയുടുപ്പിട്ട ഒരു മദാലസയുടെ ഗന്ധം വീണ്ടും മൂക്കിൽ നിറഞ്ഞപ്പോൾ തല കറങ്ങുന്നതുപോലെ തോന്നി. ദൈവമേ അവരെങ്ങോട്ടാണ് അവളെ കൊണ്ടുപോകുന്നത്?
ഞാൻ ഞെട്ടിയെഴുന്നേറ്റു. എന്റെ മൂക്കിൽ ശവംനാറിപ്പൂക്കളുടെ മണം!
“ഞാൻ എണീറ്റു റെഡിയാകട്ടെ. ഇന്ന് നേരത്തെ പോകണം. രാവിലെ ഒരു മീറ്റിംഗുണ്ട്. നിങ്ങള്‍ വരുന്നുണ്ടോ ഗ്യാലറിയിലേയ്ക്ക്?”
ഇന്നുച്ചയ്ക്ക് വരാമെന്നു പറഞ്ഞതല്ലേ?
“അല്ലെങ്കിൽ വേണ്ട. നിങ്ങളിനി വന്നിട്ടു കാര്യമില്ല. ഞാനിന്നലെ പറഞ്ഞില്ലേ ആ പേർഷ്യൻ പെയിന്റിംഗ് – മണമുള്ള… അതിന്നലെ വിറ്റുപോയി.അതിനി ഡിസ് പ്ലേ ചെയ്യേണ്ടെന്നു പറഞ്ഞ് ഒരു കൂട്ടർ പൊന്നും വില കൊടുത്ത് അത് വാങ്ങിപ്പോയത്രെ”!
എന്റെ മൂക്കിൽ ശവംനാറിപ്പൂക്കളുടെ ഗന്ധം മാത്രം