അള്ളു പുരാണം

Sumitha -Passport Photo_Resized_100x100

സുമിത മാത്യു

1993 EC

മെക്കാനിക്കൽ ബ്രാഞ്ച് അഥവാ MECH എന്നതിൻ്റെ ഫുൾഫോം ‘മൊത്തത്തിൽ എല്ലാ ചട്ടമ്പിത്തരത്തിൻ്റെയും ഹോൾസെയിൽഷോറൂം’ എന്നാണെന്നായിരുന്നു എഞ്ചിനിയറിംഗ് കോളജിൽ പഠിക്കുമ്പോൾ എൻ്റെ ധാരണ. എൻ്റെ മാത്രം ധാരണ അല്ല, ആ ഒരു നയൻറീസ് ഗേൾസ് ജെനറേഷൻ മൊത്തം ഇങ്ങനെ തന്നെ ധരിച്ചിരുന്നു. ഏറെക്കുറെ ഇതു തന്നെയാണ് ഞങ്ങൾക്കു ഏറ്റവും സ്യൂട്ടബിൾ ആയ ഡെഫനിഷൻ എന്നു പ്രൂവ് ചെയ്യുന്നതായിരുന്നു മെക്കൻമാരുടെ കയ്യിലിരിപ്പും.
മെക്കില്ലാത്ത പോക്രിത്തരമില്ല,
മെക്കൻ കുഞ്ഞിനെ ഗുണ്ടായിസം പഠിപ്പിക്കേണ്ട,
മെക്കിലെ പൂച്ച മെക്കാനിക്സിലെ പുലി,
ഉണ്ണിയെ കണ്ടാലറിയാം സപ്ലിയുടെ എണ്ണം,
മെക്കില്ലാത്ത കോളജ് മ്യൂസിക്ക് കേറ്റാത്ത കല്യാണ വീഡിയോ പോലെ, (ടച്ചിംഗ്സില്ലാത്ത സ്മോള് പോലെ എന്നൊക്കെയാണ് അണ്ണൻമാരുടെ സ്വന്തം വേർഷൻ),
മെക്കൻ മെലിഞ്ഞാൽ ലെയ്ത്തിൽ കെട്ടുമോ?
തുടങ്ങിയ പഴഞ്ചൊല്ലുകൾ ഒക്കെ അന്നത്തെക്കാലത്തു പ്രചാരത്തിലിരുന്നവയാണ്. മെക്ക് അണ്ണൻമാരെ അതിഭീകരൻമാരായ ഖബ്ബർ സിങ്ങ്കളായിട്ടാണ് ഒരു നല്ല ശതമാനം പെമ്പിള്ളേരെല്ലാം കണ്ടു പോന്നിരുന്നത്. എന്നാലീ അഭിപ്രായം ഒന്നു മാറ്റിപ്പിടിപ്പിക്കാൻ അണ്ണൻമാരുടെ ഭാഗത്തുനിന്ന് ങേ ഹേ! ആത്മാർത്ഥമായ ഒരു എഫോർട്ടും ഉണ്ടായിട്ടേയില്ല. പെമ്പിള്ളേരുടെ സൈഡിൽ നിന്ന് ചുമ്മാ കുറച്ചു ഭയവും കൂടെ ബൈ പ്രൊഡക്ട്സായിട്ടു സ്വൽപ്പം ഭക്തിയും (ഏയ്, ആ ഒരു ലൈൻ ആർക്കും ഇവരോടു തോന്നാൻ വഴിയില്ല) ബഹുമാനവും ഫ്രീ ആയിട്ടു വലിയ അധ്വാനമൊന്നും കൂടാതെ കിട്ടിയാൽ ആർക്കാ ചേതം എന്നതായിരുന്നു അണ്ണൻമാരുടെ ജനറൽ ആറ്റിറ്റ്യൂഡ്. അതു കൊണ്ട് ആ ഭീകര ഇമേജ് അതിൻ്റെ ടെംപർ ഒട്ടും ചോരാതെ സൂക്ഷിക്കാൻ ഇവർ പ്രത്യേകം കെയർ എടുത്തിരുന്നു. വേഷത്തിനോടൊക്കെ പൊതുവേ ഒരു ഐ ഡോണ്ട് കെയർ മനോഭാവമായതുകൊണ്ട് ഒന്നുകിൽ ഓവർസൈസ് അല്ലെങ്കിൽ സ്മോൾസൈസ് എന്ന രണ്ട് അളവുകളിൽ മാത്രം ലഭ്യമാവുന്ന ഷർട്ട്, വെള്ളം കണ്ടിട്ട് ആഴ്ചകളായോ എന്നു തോന്നിപ്പിക്കുന്ന ജീൻസ്. വളർന്നു വളർന്ന് ഒന്നായിച്ചേർന്നതിനാൽ തലമുടി എവിടെ അവസാനിക്കുന്നു, താടി എവിടെ തുടങ്ങുന്നു എന്നറിയാനൊരു മാർഗ്ഗവുമില്ല. അടുത്തുകൂടെ പാസ് ചെയ്താൽ വീശുന്ന ഇളം സിഗരറ്റിൻ്റെ ഗന്ധമടിച്ച് ആ പോകുന്നവൻ്റെ ശ്വാസകോശം കൂടെ സ്പോഞ്ചായിപ്പോകും.ഒരു ശരാശരി മെക്ക് ഭായിയെ ഡിസ്ക്രൈബ് ചെയ്യാൻ ഇത്രയും മതിയാകും.


പക്ഷേ മെക്കിലെ എല്ലാ അണ്ണൻമാരും ഇങ്ങനെയാണെന്നും മറ്റു ബ്രാഞ്ചുകളിലെ അണ്ണന്മാരെല്ലാം നിഷ്ക്കളങ്ക സുശീലൻമാരാണെന്നും എനിക്കഭിപ്രായമില്ല കേട്ടോ. കസ്തൂരിമാനിലെ കുഞ്ചാക്കോ ബോബനെപ്പോലെ ടിപ്ടോപ്പായി വരുന്ന പഠിപ്പിസ്റ്റ് അണ്ണൻമാരും ധാരാളമുണ്ടായിരുന്നു. പക്ഷേ അത്തരക്കാരൊക്കെ ‘ഔട്ട് സ്റ്റാൻഡിംഗ് ‘അല്ലാത്തതു കൊണ്ട് അവരവരുടെ ക്ലാസ് റൂമുകളിൽ തന്നെ കഴിയാൻ ഇഷ്ടപ്പെടുന്നവരായിരുന്നു. തൽഫലമായി ക്യാംപസിനകത്ത് പൊതുവേ കാണപ്പെട്ടിരുന്ന, ഛോട്ടാ മുംബൈയിലെ ലാലും ബഡ്ഡീസും പോലെ തോന്നിപ്പിക്കുന്ന ചില സ്പെഷ്യൽ ഗാംഗ്സിനെ മാത്രം ബേസ് ചെയ്തിട്ടാണ് എൻ്റെയീ കാഴ്ചപ്പാടുകൾ. അത്തരം സംഘങ്ങളിൽ പൊതുവേ മെക്കൻമാർ എണ്ണത്തിൽ കൂടുതലും സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെൻ്റേഷൻ തുടങ്ങിയ ബ്രാഞ്ചുകളിലെ അംഗങ്ങൾ കുറവും ആയിരുന്നു. അതു കൊണ്ടിതൊരു ഗ്ലോബൽ വ്യൂ അല്ലെന്ന് ആദ്യമേ ജാമ്യമെടുക്കുന്നു.
ക്ലാസിൽ ചോദ്യം ചോദിച്ച് പബ്ലിക്കായി എഴുന്നേൽപ്പിച്ചു നിർത്തിയുള്ള ചൊറിയൽ പതിവാക്കിയ സാറിനെ കോളജിൻ്റെ മെൻസ് ടോയ്ലറ്റിൽ പുറത്തു നിന്നു പൂട്ടിയിടുക, MH(മെൻസ് ഹോസ്റ്റൽ, പ്ളീസ് ഡോണ്ട് മിസ്ണ്ടർ സ്റ്റാൻഡ്) ഇൽ വെള്ളമില്ലാത്ത ദിവസം ബക്കറ്റും സോപ്പും തോർത്തുമെടുത്ത് കൂട്ടമായി കോളജിൻ്റെ മുന്നിലെ പൈപ്പിനു മുന്നിൽ ചെന്നു കുളിസീൻ നടത്തുക, പരീക്ഷാ ഫീസ് പത്തു രൂപയിൽ നിന്ന് പതിനഞ്ചു രൂപയിലേക്ക് കുത്തനെ ഉയർത്തിയ കുറ്റത്തിന് വിസിയെ ഘെരാവോ ചെയ്യുക തുടങ്ങിയ ചെറു ക്വട്ടേഷനൊക്കെ ഏറ്റെടുത്ത് ‘ഇത് ചെറുത്’ എന്നു പപ്പു പറയുന്ന അതേ ഭാവത്തോടെ എക്സിക്യൂട്ട് ചെയ്യുക തുടങ്ങിയ കാര്യങ്ങളിലൊക്കെ ഇവർ ഒരേ തൂവൽപക്ഷികളായിരുന്നു. . എന്തൊക്കെ തിരക്കുണ്ടെങ്കിലും വൈകുന്നേരം അടിപൊളി പാരഡികളൊക്കെ പാടി LH ൻ്റെ മുൻപിൽ ജാഥയായി പ്രത്യക്ഷപ്പെട്ട് ഹാജർ വെക്കാൻ ഇവർ മറന്നിരുന്നില്ല.


ധാരാവി ചേരി ഒരു രാത്രി കൊണ്ട് ഒഴിപ്പിക്കുന്നതു പോലെ നിസ്സാരമായിരുന്നു ഓർക്കാപ്പുറത്ത് ഒരു സമരം പ്രഖ്യാപിച്ച് മുഴുവൻ വിദ്യാർത്ഥികളെയും കോളജിൽ നിന്ന് ഒഴിപ്പിക്കുക എന്നത്. ഏതു കാര്യം ചെയ്താലും അതിൽ നൂറു ശതമാനം ആത്മാർത്ഥത എന്നതായിരുന്നു ഇവരുടെ മുദ്രാവാക്യം. ആത്മാർത്ഥത കൂടിപ്പോയി ഒടുക്കം തച്ചോളി ഒതേനനപ്പോലെ നെഞ്ചുവിരിച്ചു നിന്ന് സസ്പെൻഷൻ ഏറ്റുവാങ്ങിയ വില്ലാളിവീരൻമാരുമുണ്ടായിരുന്നു.

ആത്മാർത്ഥമായി പ്ലാൻ ചെയ്തിട്ടും എക്സിക്യൂഷൻ ടൈമിലെ പിഴവു കാരണം ഏറ്റെടുത്ത കൊട്ടേഷൻ 3G ആയിപ്പോയ കഥ കേട്ടിട്ടുണ്ടോ? ഛോട്ടാ മുംബൈ ഗാംഗിനെക്കുറിച്ച് അത്തരമൊരു കഥയുണ്ട്.
തലച്ചോർ പോലും ഉരുകി രണ്ടു ചെവിയിലൂടെയും ഒലിച്ചിറങ്ങി വരുന്ന പാലക്കാട്ടെ ഒരു വേനൽക്കാലം. വെള്ളത്തിൻ്റെ ദൗർലഭ്യം മൂലം കുളി, അലക്ക് എന്നിവയൊക്കെ ആഴ്ചയിലൊരിക്കൽ എന്ന കണക്കിലാണ്.ഹോസ്റ്റലിലേക്ക് അന്ന് വെള്ളമെത്തിക്കുന്നത് മലമ്പുഴയിൽ നിന്നും ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്ന കുടിവെള്ള ലോറികളിലാണ്.ഈ ലോറി വരവ് മുടങ്ങിയാൽ കോളജിൽ പോക്കും പഠിത്തവും ഗോവിന്ദയാകുന്ന ദിവസങ്ങൾ. ഛോട്ടാ മുംബൈക്കാരുടെ മെൻസ് ഹോസ്റ്റലിലും ഈ ലോറികൾ തന്നെയാണു വാട്ടർ സപ്ലൈ. അങ്ങനെയിരിക്കെ യൂണിവേഴ്സിറ്റി എക്സാമിന് ഇനി ഒരു ദിവസം മാത്രം അവശേഷിക്കുന്നു. വെള്ളത്തിൻ്റെ ക്ഷാമം കാരണം ആയിരിക്കാം പഠിച്ചിട്ട് ഒന്നും തലയിൽ കയറുന്നില്ല. അല്ലെങ്കിലും പരീക്ഷയുടെ തലേ ദിവസം ആണല്ലോ പഠിക്കാനുള്ള ശുഷ്കാന്തിയും അതുവരെ പഠിക്കാതെ ഉഴപ്പിയതിൻ്റെ മനസ്സാക്ഷിക്കുത്തും തമ്മിലുള്ള പൊരിഞ്ഞ അടി നടക്കുക. ഒടുവിൽ ഉഴപ്പ് തന്നെ ജയിച്ചു. എന്തായാലും ഒരു ദിവസം കൊണ്ട് പഠിച്ചു തീർന്ന് പാസാകാനൊന്നും പോകുന്നില്ല.
‘കൊറച്ചൂടെ സമയം കിട്ടിയാൽ പഠിക്കാമായിരുന്നു അല്ലേ’ ഗാംഗിലെ ഒരു അലവലാതിയുടെ സംശയം.
‘ശരിയാ, നാളത്തെ പരീക്ഷ മാറ്റി വെച്ചാൽ അടുത്ത ചാൻസിന് ഞാൻ ഉറപ്പായും നൂറ്റൊന്നു തിരി കത്തിച്ചു വെച്ച് പഠിച്ചോളാമേ എൻ്റെ അന്തോണീസു പുണ്യാളാ’ മറ്റൊരലവലാതി പ്രതികരിച്ചു.
അങ്ങനെ പരീക്ഷ മാറ്റി വെപ്പിക്കാനുള്ള കുറുക്കുവഴികളെപ്പറ്റിയായി സംഘാംഗങ്ങളുടെ കംബയിൻഡ് സ്റ്റഡിയും ഗ്രൂപ്പ് ഡിസ്കഷനും. ഹോസ്റ്റലിൻ്റെ ജനലുകളിൽക്കൂടി വെളുത്ത പുക പുറത്തു വരാൻ തുടങ്ങി. പരീക്ഷ പോസ്റ്റ്പോൺ ചെയ്യാനുള്ള മാർഗ്ഗങ്ങളാലോചിച്ച് പുകച്ച ലവൻമാരുടെ തലകളിൽ നിന്നും വരുന്നതു തന്നെ. ആലോചനയ്ക്കൊടുവിൽ ‘യുറേക്കാ’ എന്ന നിലവിളി ശബ്ദം ഒരു ബുദ്ധിമാൻ്റെ കണ്ഠ നാളത്തിൽ നിന്നുയർന്നു.

‘ഒരു വഴിയുണ്ട്. എക്സാമിൻറന്നു രാവിലെ വെള്ളം കിട്ടാതെ വന്നാൽ പ്രിൻസിപ്പാളിനും സാറൻ മാർക്കും പിള്ളേർക്കുമൊന്നും കുളിക്കാനും കക്കൂസിൽ പോകാനും പറ്റില്ല. ഇതൊന്നും ചെയ്യാൻ പറ്റാതെ അവർ കോളജിൽ വന്ന് അവിടത്തെ ബാത്റൂമുകൾക്കായി ഇടികൂടും. നിവൃത്തിയില്ലാതെ പ്രിൻസിപ്പൽ പരീക്ഷ മാറ്റി വെയ്ക്കും!
(ഈ ഐഡിയ മുന്നോട്ടുവച്ച തലയുടെ ഉടമയെ നമ്മൾ ‘തല’ എന്നു തന്നെ വിളിക്കണം.)
‘പക്ഷേ വെള്ളം കിട്ടാതിരുന്നാലല്ലേ ഇത് വർക്ക് ചെയ്യൂ, അതിനെന്തു ചെയ്യും?’ കൂട്ടത്തിൽ കോൺഫിഡൻസ് ലെവൽ ലോ ആയ ഒരു പാവത്താൻ ചോദിച്ചു.
‘കുടിവെള്ളലോറി വെള്ളവുമായി കോളജിൻ്റെ പരിസരത്തെങ്ങും ടയറു കുത്തരുത്. വണ്ടിയുടെ ടയറിന് അള്ളു വെയ്ക്കണം’! (ഇങ്ങനെ ഇതുവരെ ആരും സഞ്ചരിക്കാത്ത അള്ളുവഴികളിലൂടെയൊക്കെ സഞ്ചരിക്കുന്നതു കൊണ്ടാണല്ലോ ഈ അളിയനെ നമ്മൾ തല എന്നു വിളിക്കുന്നത് )
ഐഡിയ ബോധിച്ച ബഡ്ഡീസ് ഓരോരുത്തരായി വന്ന് ‘വെൽഡൺ മിസ്റ്റർ പെരേര’ എന്ന് അഭിനന്ദിച്ച് തലയ്ക്ക് ഷേയ്ക്ക് ഹാൻഡ് കൊടുത്തു.
നൗ ഹൂ വിൽ ബെൽ ദ ക്യാറ്റ്?
ആരു വെയ്ക്കും അള്ള് എന്ന ചോദ്യത്തിന് നാലിലധികം കൈകൾ വായുവിൽ ഉയർന്നു നിന്നു. നേരത്തേ പറഞ്ഞ പാവത്താൻ രണ്ടു കൈയ്യും പൊക്കിപ്പിടിച്ചിരിക്കയാണ്.
‘അള്ളുവെച്ച് എക്സ്പീരിയൻസ് ഉണ്ടോ നിനക്കൊക്കെ?’ തലയുടെ ഈ ചോദ്യത്തിന് നേരത്തേ പൊങ്ങിയ നാലു കൈകളും താഴുകയും പുതിയ ഒരു വെളുത്ത കൈ വായുവിൽ പൊങ്ങുകയും ചെയ്തു. ആ വെളുത്ത കൈയുടെ ഉടമയായ സുന്ദരക്കുട്ടൻ കോൺഫിഡൻറായി പറഞ്ഞു, ‘എനിക്ക് അംബാസഡർ കാറിന് അള്ളു വച്ച എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുണ്ട് ‘.
‘ഓകെ സുന്ദർ ജി, നാളത്തെ മിഷൻ അള്ളുവെപ്പിൻ്റെ C.O.O. ആയി നിന്നെ നാം നോമിനേറ്റ് ചെയ്തിരിക്കുന്നു’, തല കൽപ്പിച്ചു.
അന്നു രാത്രി അവരുടെ കൈകൾ വിശ്രമമില്ലാതെ പ്രവർത്തിച്ച് ഒരു വീലിനൊരെണ്ണം എന്ന കണക്കിൽ നാല് മീഡിയം സൈസ് അള്ളുകൾക്ക് ജൻമംകൊടുത്തു. രാത്രിയിൽ തന്നെ അള്ളുകൾ നാലിനെയും ലോറി വരുന്ന വഴിയിൽ കൊണ്ടു പോയി പ്ലാൻ്റ് ചെയ്തു. എന്നിട്ട് തലയും പിള്ളേരും സുഖമായി പോയിക്കിടന്നുറങ്ങി. തലയുടെ കഴിവിൽ അത്രയ്ക്ക് ആത്മവിശ്വാസമായിരുന്നു അവർക്ക്.
പക്ഷേ അതിരാവിലെ ലോറിയുടെ ഹോൺ കേട്ട് ഓടിച്ചെന്ന് നോക്കിയ തലയുടെ തല കറങ്ങി. ലോറി കയറി ചതഞ്ഞ അള്ളുകൾ നാലും കരഞ്ഞുകൊണ്ട് റോട്ടിൽ കിടപ്പുണ്ട്. ലോറിയുടെ ടയർ നാലും, പിന്നെ ഈയൊരു ഓപ്പറേഷനെക്കുറിച്ച് അറിഞ്ഞിട്ടേയില്ലാത്ത അതിൻ്റെ ഡ്രൈവറും, തലയെ നോക്കി ഇളിച്ചു കൊണ്ട് കടന്നു പോകുന്നു.
അള്ള്പദ്ധതി പാളിയതൊന്നും അറിഞ്ഞിട്ടില്ലാത്ത യൂണിവേഴ്സിറ്റി എക്സാം സാധാരണ പോലെ നടത്തി. ലോറി വന്നതിനാലും വെള്ളം കിട്ടിയതിനാലും പല്ലുതേപ്പും കുളിയും നടത്താൻ നിർബന്ധിതരായ തലയും സംഘവും ധൈര്യം ഒട്ടും ചോരാതെ പോയി പരീക്ഷയെഴുതി പത്തു നിലയിൽ പൊട്ടി.
അന്നു പരീക്ഷ കഴിഞ്ഞ് ‘നേരേ ചൊവ്വേ ഒരു അള്ളു പോലും ഡിസൈൻ ചെയ്യാനറിയാത്ത നീയൊക്കെ എവിടുത്തെ എഞ്ചിനീയറാടാവേ’ എന്നലറിക്കൊണ്ട് തലയെയും സുന്ദർജിയെയും ബാക്കിയുള്ളവർ പഞ്ഞിക്കിട്ടു. കിട്ടിയ പഞ്ഞി മൊത്തം സഞ്ചിയിൽ വാരിക്കെട്ടിയ സുന്ദർജി അപ്പോൾത്തന്നെ ‘പഞ്ഞിക്കെട്ട് ശബരിമലയ്ക്ക് അള്ളും മുള്ളും കാലുക്ക് മെത്തൈ’ എന്ന പാട്ടും പാടി സ്വന്തം നാടായ ആലുവാ വഴി മലയ്ക്കു പോയി. എന്നിട്ടും കലിപ്പു തീരാത്ത ഗ്രൂപ്പ് മെംബേർസ്, തലയെ പൊള്ളാച്ചിക്കു പോകുന്ന ഏതോ അണ്ണൻ ലോറിക്കു മുകളിൽ എടുത്തിട്ടു കളഞ്ഞു. ആ ലോറിയാണു മാന്നാർ മത്തായിയുടെ ക്ലൈമാക്സിൽ റാംജിറാവ് ഓടിച്ചു കൊണ്ടു പോകുന്നത്. സത്യത്തിൽ ആ ലോറിക്കു മുകളിൽ കിടന്നത് ബിജു മേനോനല്ലായിരുന്നു, നമ്മുടെ തലമേനോനായിരുന്നു! അങ്ങനെ ശരിക്കും തലയ്ക്കു മീതെ തീർത്താൽ തീരാത്ത പ്രശ്നങ്ങളുമായി റാംജി റാവിനോടൊപ്പം തലയും പൊള്ളാച്ചിയിലെത്തി. ആ പോക്കിൽ, വരുന്ന വഴിക്ക് പളനിയിലും പോയി തലയൊക്കെ വടിച്ച് ഒരാഴ്ച ഭജനവുമിരുന്ന് ഒരു പുതിയ മനുഷ്യനായിട്ടാണ് തലയെ പിന്നെ കോളജിൽ എല്ലാവരും കാണുന്നത്.

Share on facebook
Share on twitter
Share on linkedin
WhatsApp