മുഖക്കുറിപ്പ്
മാർച്ച് 2022
“ദ ഐ” മാഗസിന്റെ ഈ ലക്കം “പെണ്‍ പതിപ്പ്” ആയിട്ടാണ് പ്രസിദ്ധീകരിക്കുന്നത്. ദര്‍ശനയുടെ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന, “ഹെര്‍ സ്റ്റോറി” എന്ന, ചരിത്രത്തിന്റെ പെണ്‍പരിപ്രേക്ഷ്യം തേടിയുള്ള സെമിനാറിനോട് ഐക്യപ്പെട്ടുകൊണ്ടാണ് ഈ തീരുമാനം. ലോക വനിതാ ദിനമായ മാര്‍ച്ച് 8-ഉം ഈ ലക്കത്തിന്റെ കാലയളവിനുള്ളില്‍ വരുന്നു എന്നതും കാരണമായി. ഈ ലക്കത്തില്‍ സ്ത്രീകളുടെ സൃഷ്ടികള്‍ മാത്രമേയുള്ളൂ. സമൂഹത്തിന്റെ നിഷ്പക്ഷമല്ലാത്ത നടപ്പുകളെ അവര്‍ നോക്കിക്കാണുന്നതെങ്ങനെ എന്ന അന്വേഷണമാണ് ഇവയില്‍ നിങ്ങള്‍ക്ക് കാണാനാവുക. വായിക്കുക. സ്വന്തം ജീവിതങ്ങള്‍ വിമര്‍ശന വിധേയമാക്കുക.
പൊതു സമൂഹത്തിലേക്കു നോക്കുമ്പോള്‍, ഇന്ത്യയിലെ എല്ലാ വിഭാഗം തൊഴിലാളികളും ഇന്ന് വലിയൊരു പ്രതിസന്ധിക്കു മുന്നിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ലോകത്തെമ്പാടും തൊഴില്‍ മേഖലയില്‍ വന്‍ പരിഷ്കരണങ്ങള്‍ വന്നു. തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ ഉണ്ട് എന്ന് അംഗീകരിക്കലായിരുന്നു അതിന്റെയൊക്കെ ആണിക്കല്ല്. അത് അംഗീകരിക്കപ്പെട്ടത് ഒട്ടനവധി പ്രക്ഷോഭങ്ങളിലൂടെയാണ്. ക്രമാനുഗതമായ ഇടപെടലുകളിലൂടെ അല്‍പ്പകാലം മുമ്പു വരെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെട്ടുകൊണ്ടിരുന്നു. അതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. മുതലാളിത്തത്തിന് ദഹിക്കാത്ത, സാമൂഹികോല്‍പ്പാദനത്തിന്റെ ചില മാതൃകകള്‍. അവ തങ്ങളുടെ നിലനില്‍പ്പിന് ഒരു ഭീഷണിയാണെന്ന ബോധം.
പക്ഷേ, സാഹചര്യങ്ങള്‍ മാറിയതോടെ അടുത്ത കാലത്തായി തൊഴില്‍മേഖലയില്‍ നിന്ന് നല്ല വാര്‍ത്തകളല്ല കേള്‍ക്കുന്നത്. നേടിയെടുത്ത അവകാശങ്ങള്‍ നിലനിര്‍ത്താനാവാത്ത അവസ്ഥ. തൊഴില്‍ സ്ഥിരത ഇല്ലാതാകുന്നു, കുറഞ്ഞ വേതനം ഉറപ്പല്ലാതാകുന്നു, തൊഴില്‍ സമയം ക്ലിപ്തമല്ലാതാകുന്നു. ഇന്നലെ വരെ സംഭവിക്കില്ലെന്നു കരുതിയ പലതും സംഭവിച്ചു കൊണ്ടിരിക്കുന്നു.
ഈ കടന്നുകയറ്റം നടക്കുമ്പോള്‍ തൊഴിലാളര്‍ പ്രതികരിക്കാന്‍ പോലും പാടില്ലെന്ന് പലര്‍ക്കും ആഗ്രഹമുണ്ട്. ഭീഷണിയും പ്രതികാര നടപടികളും മാത്രമല്ല പ്രചരണവും അവര്‍ അതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നു. “ഇരുട്ടു മാറുന്നതു മുതല്‍ ഇരുട്ടു വീഴുന്നതുവരെ” പണിയെടുക്കേണ്ടി വന്ന തൊഴിലാളി, ഓരോ തലമുറ മാറുന്തോറും മെച്ചപ്പെട്ട രീതിയില്‍ ജീവിച്ചു തുടങ്ങിയതിന് ആ പ്രക്ഷോഭപഥങ്ങളില്‍ അവരനുഭവിച്ച എതിര്‍പ്പിനും അവജ്ഞയ്ക്കും മുന്നില്‍ കൂസാതിരുന്നതിനും വലിയ പങ്കുണ്ട്. ആയിരങ്ങളുടെ ചെറുത്തുനില്‍പ്പുകള്‍ക്കിടയില്‍ ആര്‍ക്കോ സംഭവിച്ച ചില്ലറ അക്ഷമകള്‍ എന്നും തലക്കെട്ടുകള്‍ തീര്‍ത്തിട്ടുണ്ട്. അത് നാം നേടിയെടുക്കുന്ന ഓരോ അവകാശങ്ങള്‍ക്കും, അവര്‍ക്കു നഷ്ടപ്പെടുന്ന ഓരോ അധികാരത്തിനും ആനുപാതികമായി കൂടിവന്നതേയുള്ളൂ.
കാലം കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊന്നു കൂടി സംഭവിച്ചു. നേരത്തെ ചെയ്ത സമരങ്ങളിലൂടെ ജീവിതത്തില്‍ അല്‍പ്പം മുന്നേറാന്‍ കഴിഞ്ഞവരുടെ പിന്‍തലമുറക്കാരില്‍ ചിലര്‍ക്ക് അല്‍പ്പം മെച്ചപ്പെട്ട ജീവിതമൊക്കെയായി. അതോടെ മുതലാളിമാര്‍ മാത്രമല്ല, ഈ വിഭാഗത്തില്‍പ്പെട്ട ചിലരേയും ഈ എതിര്‍പ്പും അവജ്ഞയും വിതറാന്‍ കൂടെക്കിട്ടി. തങ്ങള്‍ ജീവിക്കുന്നത് മുന്‍കാലത്ത് ആരെങ്കിലും തിരിഞ്ഞു നിന്നതിന്റെ ഫലമാണെന്ന തിരിച്ചറിവ് നഷ്ടമായപ്പോള്‍, അവര്‍ക്ക് സമരങ്ങളൊക്കെ കാലഹരണപ്പെട്ടു എന്നങ്ങ് തോന്നിത്തുടങ്ങി. തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത് “ജനജീവിതം സ്തംഭിപ്പിക്ക”ലാണെന്ന് ഈ ജനജീവിതം എങ്ങനെ ഉണ്ടായി എന്നറിയാത്തവര്‍ വിധിയെഴുതി!
ഈ പശ്ചാത്തലത്തിലാണ് മാര്‍ച്ച് 28,29 തിയതികളില്‍ ഇന്ത്യയിലെ വിവിധ ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിക്കുന്ന പൊതു പണിമുടക്കിനെ അഭിസംബോധന ചെയ്യേണ്ടത്. തൊഴിലാളികളുടെ അവകാശങ്ങള്‍ തിരിച്ചെടുക്കുന്നതിന്റെ ഉദാഹരണമായ ലേബര്‍ കോഡ് ബില്ല് ഇന്ത്യയില്‍ നടപ്പാക്കപ്പെടാതിരിക്കാന്‍ നിര്‍ണ്ണായകമാണ് ഈ പണിമുടക്ക്. 2008-ലെ ലോക സാമ്പത്തികക്കുഴപ്പത്തില്‍ ഇന്ത്യയെ താങ്ങി നിര്‍ത്തിയ കമ്പനികള്‍ തുച്ഛവിലയ്ക്ക് വിറ്റില്ലാതാകാതിരിക്കാന്‍ നിര്‍ണ്ണായകമാണ് ഈ പണിമുടക്ക്.
പല തിരുത്തല്‍ ശ്രമങ്ങളും വിജയിക്കാത്ത പശ്ചാത്തലത്തില്‍ മാസങ്ങള്‍ മുമ്പ് പ്രഖ്യാപിച്ചതാണ് 25 കോടി തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഈ പണിമുടക്ക്. പക്ഷേ ഒരു പ്രീമിയര്‍ ലീഗോ, ബോളിവുഡ് സിനിമയോ തുടങ്ങുന്നതിനു മുമ്പ് പല ദിനങ്ങള്‍ അതിനായി നീക്കിവെക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ ഇത്രയും വലിയൊരു ജനതതിയുടെ ഒരു പരിപാടിക്ക് അത്തരം എന്തെങ്കിലുമൊരു പ്രചരണം നല്‍കുന്നതായി നിങ്ങള്‍ കണ്ടോ? എന്നാണത് നടക്കുകയെന്നോ, എന്തൊക്കെയാണ് ആവശ്യങ്ങളെന്നതോ പോകട്ടെ, എത്ര ആവശ്യങ്ങളാണ് എന്നു പോലുമോ ജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കേണ്ട ഏതെങ്കിലും മാധ്യമം നിങ്ങളോട് പറഞ്ഞോ? മാര്‍ച്ച് 28-ന് ഈ രാജ്യത്തെ വലിയൊരു വിഭാഗം മനുഷ്യര്‍ക്ക് ഈ പ്രക്ഷോഭം ഒരു മുന്നറിവുമില്ലാതെ വന്നപോലെയല്ലേ തോന്നിയത്?
അന്നെങ്കിലും, നടന്ന പണിമുടക്ക് എന്തിനു വേണ്ടിയായിരുന്നെന്ന് അവര്‍ അറിയിച്ചോ? പണിമുടക്ക് എവിടെയൊക്കെ പ്രതികരണമുണ്ടാക്കിയില്ല എന്നല്ലേ തലക്കെട്ടുകളൊക്കെ? എവിടെയെങ്കിലും ചെറിയൊരു അനിഷ്ടസംഭവമുണ്ടായതിന്റെ പേരില്‍ സമരത്തില്‍ പങ്കെടുത്ത എല്ലാവരെയും കുറ്റപ്പെടുത്തലല്ലേ വാര്‍ത്തകള്‍ നിറയെ? അതിന്റെ പേരില്‍ പണിമുടക്കിനോട് പ്രത്യേകിച്ച് എതിര്‍പ്പില്ലായിരുന്ന നിങ്ങള്‍ക്ക്, ഇത് “നല്ലരീതിയില്‍” നടത്താന്‍ കഴിയാതിരുന്ന തൊഴിലാളി യൂണിയനുകളോട് നീരസമുണ്ടാവുകയല്ലേ ചെയ്തത്? ആണെങ്കില്‍ നിങ്ങള്‍ ആലോചിക്കുക, നിങ്ങളുടെ മനസ്സില്‍ ആരാണ് ആ വിഷം കയറ്റിയതെന്ന്.
ഒരാള്‍ വഴിയില്‍ പെട്ടുപോയതില്‍ നിങ്ങള്‍ ഖിന്നനായെങ്കില്‍, ആ ഖിന്നതയുടെ മറപിടിച്ച് ലക്ഷങ്ങള്‍ പെരുവഴിയിലാവുന്ന നിയമങ്ങളാണ് ഇവിടെ നടപ്പാവുക എന്നോര്‍ക്കുക. രണ്ടു ദിവസം ജോലിക്കുണ്ടായ തടസ്സം നിങ്ങളെ ഖിന്നനാക്കുമ്പോള്‍ നാളെ ആയിരങ്ങള്‍ ജോലിചെയ്യുന്ന കമ്പനികള്‍ ആ മറവില്‍ ഭരണകൂടത്തിന്റെ ചങ്ങാതികള്‍ക്ക് തീറെഴുതപ്പെടുകയാണുണ്ടാവുക എന്നോര്‍ക്കുക. നിങ്ങളെ ചുഴികളില്‍ വട്ടം കറക്കുന്ന പ്രചരണങ്ങള്‍ തിരിച്ചറിയുക. നമ്മുടെ കുറവുകളെ തിരിച്ചറിയുമ്പോള്‍ത്തന്നെ അത് നമ്മെ നേരിടുന്ന വലിയ പ്രശ്നങ്ങളെ മറക്കാന്‍ കാരണമാകുന്നില്ലെന്ന് ഉറപ്പുവരുത്തുക. ആ ലക്ഷ്യബോധമാണ് നമ്മെ അതിജീവിപ്പിക്കുക.
പ്രതീക്ഷകളോടെ പത്രാധിപസമിതി