മൂന്നാം കണ്ണ്
ബിന്ദു കെ എ
1991 EC
ഇരുൾ കനക്കുന്ന വഴികളിലേക്ക് ആണ് അയാൾ ഇറങ്ങിയത്.
ആരോടും ഒന്നും പറയാതെ.
ഒന്നും കയ്യിൽ കരുതാതെ ഇറങ്ങിയങ്ങു നടന്നു.
എത്ര ദൂരം ചെന്നെത്തണം എന്നോ,ഏതു വഴി പോകണം എന്നോ, മുൻ നിശ്ചയവും ഇല്ലാത്ത ഒരു യാത്ര.
ഉറക്കം ചെക്കാറാത്ത ചില വീടുകളിൽ എങ്കിലും വെളിച്ചം ബാക്കിയുണ്ട്.
തെരുവു വിളക്കുകളിൽ നിന്നും പരക്കുന്ന വെളിച്ചങ്ങളെ പിന്നിട്ട് മുന്നോട്ട് നടന്നു കൊണ്ടിരുന്നു. അപരിചിതനായ ഒരാളെ കണ്ടിട്ടാവണം പലേടത്തും നായ്ക്കൾ കുരച്ചു ചാടി.
അവയെ എതിർക്കാൻ നിന്നില്ല.
അവ ഒറ്റയ്ക്കും കൂട്ടമായും കുരച്ചുകൊണ്ട് പിറകേ കൂടുന്നു.
അവിചാരിതമായി കടന്നുപോകുന്ന വാഹനങ്ങളിലെ ആളുകളുടെ നോട്ടം പാറി വീഴുന്നുണ്ട്.
കാണുന്ന കാഴ്ചകളെ അത്രയും പിന്നിലാക്കി കൊണ്ട് മുന്നോട്ടു തന്നെ നടന്നു.
എല്ലാം ഉപേക്ഷിച്ച ഒരു യാത്ര.
അവൾ പറഞ്ഞ വാക്കുകൾ മനസ്സിന്റെ ആഴങ്ങളിൽ അലയടിക്കുന്നു.
” ഒന്നും ഉപേക്ഷിക്കണമെന്ന് പറയുന്നില്ല. നിങ്ങൾ നിങ്ങളെ തന്നെ ഉപേക്ഷിക്കാതിരുന്നാൽ മതി. “
സ്വയം നഷ്ടപ്പെട്ട ഒരു അവസ്ഥയിൽ അയാളെ കാണാൻ കഴിയില്ല.
ആരുടെ മുന്നിലും തോറ്റു കൊടുക്കാത്ത, ആരുടെ മുന്നിലും തലകുനിക്കാത്ത, ആ മനുഷ്യന്റെ ഇന്നത്തെ അവസ്ഥ ഓർക്കുമ്പോഴാണ് വിഷമം.
അയാളെ എതിർക്കാനോ മറുത്തൊന്നും പറയാനോ തോന്നുന്നുമില്ല.
എല്ലാ അറിവുകളും തിരിച്ചറിവുകളും ഉള്ള ആളല്ലേ. സ്വയം അറിയട്ടെ
തന്നെതന്നെ നഷ്ടപ്പെടുന്ന ഒരു അവസ്ഥയിൽ ഇങ്ങനെ ജീവിക്കുന്നത് എന്തിനാണ്? ആർക്കുവേണ്ടി?
അയാളെ നഷ്ടപ്പെടാൻ വയ്യ. പക്ഷേ അയാൾ അതൊന്നും അറിയുന്നില്ല.
ഒന്നും പറയാതെ പറയാതെ വാക്കുകളും വിചാരങ്ങളും ഒരു വലിയ നീർപ്പോള പോലെ പൊട്ടിച്ചിതറുന്ന ഒരു ഘട്ടം വരും.
അതുവരേക്കും ഇതിങ്ങനെ തുടരട്ടെ. എല്ലാം പറഞ്ഞു ഒഴുകി തീരുമ്പോൾ നനഞ്ഞ മണൽ തട്ടിൽ എന്നപോലെ അയാളോടോട്ടിനിൽക്കണം.
ഞാൻ കൂടെത്തന്നെ ഉണ്ടായിരുന്നുവെന്ന് പറയാതെ പറയുവാൻ…
” എല്ലാം നീ അറിയുന്നുണ്ടായിരുന്നല്ലേ ” എന്ന് കീഴടങ്ങാൻ വയ്യ.
പിടിക്കപ്പെട്ടവനെ പോലെ അവളുടെ മുഖത്തേക്ക് നോക്കുവാൻ ആവാതെ ഇറങ്ങി നടന്നതാണ്.
എങ്ങോട്ട് എന്നുപോലും അവൾ ചോദിച്ചില്ല. എല്ലാം മുൻകൂട്ടി കരുതിയത് പോലെ.
അപ്രതീക്ഷിതങ്ങളാണ് ചോദ്യങ്ങളായി ഉയരുന്നത്.
അറിവുകൾക്ക് മുന്നിൽ നിദാന്ത നിശബ്ദത മാത്രം.
ഈ രാത്രിയിലെ പോലെ……
എത്രനേരം നടന്നുവെന്നോ , എത്ര ദൂരങ്ങൾ പിന്നിട്ടുവെന്നോ അറിയാൻ കഴിയുന്നില്ല.
എല്ലാം അറിയുമ്പോൾ എന്തായിരിക്കുമെന്ന ഭയം ഉള്ളിൽ നിന്നും ചോർന്നു പോകുന്ന പോലെ.
നടക്കും തോറും വേഗം കുറഞ്ഞു വരുന്നു.കാണാത്ത ഒരു ചരട് പിന്നിൽ നിന്നും വലിക്കുന്നതു പോലെ.
അവൾ എല്ലാവരെയും ഉണർത്തി ഇരിക്കുമോ? അന്വേഷിച്ച് ആരെയെങ്കിലും പിറകെ അയച്ചിരിക്കുമോ?
ഇല്ല. ആരും ഒന്നും അറിഞ്ഞിരിക്കില്ല. അവൾ എല്ലാമറിഞ്ഞിട്ടുണ്ടെന്നു അയാൾ പോലും അറിഞ്ഞില്ലല്ലോ.
സന്ദർഭോചിതം അവൾ പറഞ്ഞ ഏതാനും വാക്കുകൾ.
ആ വാക്കുകളാണ് അറിവിന്റെ സൂചനകൾ ആയത്.
നടന്നു നടന്നു ദൂരം കുറയുന്നുവോ?
തിരിച്ചു നടക്കുകയായിരുന്നു എന്ന് വീടിനുമുന്നിലെ വഴിവിളക്ക് കണ്ടപ്പോഴാണ് വ്യക്തമായത്.
വീടുകൾ ഒന്നും ഉണർന്നിട്ടില്ല. ഏറെ വൈകി വീട്ടിൽ എത്താറുള്ളത് പോലെ.
മുൻവശത്തെ മുറിയിലെ ലൈറ്റ് മാത്രം അണഞ്ഞിട്ടില്ല.
എത്ര വൈകിയെത്തിയാലും ഉറങ്ങാതിരിക്കുന്ന ആ രണ്ടു കണ്ണുകൾ കാണാനാകുന്നുണ്ട്.
കാണാതെ കാണുന്ന മൂന്നാം കണ്ണും……!