കരിങ്കടലിലെ പ്രവാസ ജീവിതം

Saji Varkey

സജിവർക്കി

2000 ME

കരയുന്ന കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയാട്ടി ഉറക്കുന്നതുകൊണ്ടാവാം അമ്മയും തൊട്ടിലും താരാട്ടുപാട്ടുമൊക്കെ എല്ലാ മനുഷ്യരുടെയും നോൽസ്റ്റാൾജിക് ഫീലിങ്ങിൽ ഒന്നാമതായി വരുന്നത്..

ഈ നൊസ്റ്റാൾജിയ അത്രത്തോളം കൊണ്ട് നടക്കുന്നതിൽ കൂടുതലും പ്രവാസികളാണ് താനും. ജീവിതത്തിൻ്റെ നാല്പതുകളിലും

അൻപതുകളിലുമൊക്കെ അമ്മയുടെ താരാട്ടും തൊട്ടിലാട്ടുമൊക്കെ അനുഭവിച്ചുറങ്ങാൻ കഴിയുന്ന ചില പ്രവാസജീവിതങ്ങളുണ്ട്. നമ്മൾ കേട്ട് ശീലിച്ച ഗൾഫിലെ ചൂട് കാറ്റും മണലാരണ്യങ്ങളും യൂറോപ്പിലെ തണുപ്പും ഐസ് ഫാളിംഗും അല്ലാതെയുള്ള ആ ജീവിതങ്ങളിൽകൂടിയൊന്നു പോയിവന്നാലോ…?

രാജ്യങ്ങളുടെ അതിർവരമ്പുകൾ ഇല്ലാതെ, ശത്രുവിനെ നിരീക്ഷിക്കാൻ തോക്കും പട്ടാളവും ഇല്ലാത്ത അനന്തമായ കടലുകളിൽ ജീവിക്കുന്ന പ്രവാസികളുണ്ട്. ഷിപ്പുകളും ബാർജുകളുമൊക്കെ ഒരു ഗ്ലോബൽ ഹോം ആക്കി മാറ്റി ഒരുമിച്ചു ജോലിയെടുത്ത് ഉണ്ടും ഉറങ്ങിയും ജീവിക്കുന്ന പത്തോ പതിനഞ്ചോ അതിലേറെയോ രാജ്യക്കാർ ഒന്നായിമാറുന്ന ഒരിടം.

കടൽത്തിരയുടെ താളത്തിനൊത്ത് ഷിപ്പ് ചെറുതായി ഉലയുമ്പോൾ അക്കോമോഡേഷൻ കാബിനിലെ ക്യൂബിക്കിനുള്ളിൽ കിടന്നുറങ്ങുവാൻ ഭയങ്കരസുഖമാണ്. മുൻപ് പറഞ്ഞ തൊട്ടിലും താരാട്ടും എന്നപോലെ.കടലിനെ കടലമ്മ എന്നുവിളിക്കുന്നത് ശരിയാണെന്ന് തോന്നുന്നത് അപ്പോഴാണ്.

ഒരു മുറിയിൽ നാല് പേരാണ് താമസിക്കുന്നത്. ; രണ്ടാളുകൾ  മുകളിലും രണ്ട് പേർ താഴെയും. പുതിയ ബാർജുകളിൽ രണ്ട് പേര് ഒരു മുറിയിൽ എന്നതാണ് കണക്ക്‌.

ഷിഫ്റ്റ് ഡ്യുട്ടി ആകുമ്പോൾ ഒരു സമയത്തു രണ്ട് പേർ മാത്രമേ ഉണ്ടാവൂ. ഓരോരുത്തർക്കും ഓരോ അലമാരയും എല്ലാവര്ക്കും വേണ്ടി ഒരു കോമൺ ടേബിളും ടെലിവിഷനും,  ഇത്രയുമാണ് റൂമിലെ സെറ്റിങ്‌സ്. ഒരു അലമാര അധികമായുണ്ടാവും, അതിൽ നാല് പേർക്ക് ധരിക്കാനുള്ള സ്വിമ്മിങ് സ്യുട്ടും വെള്ളത്തിൽപൊങ്ങി കിടക്കാനുള്ള സേഫ്റ്റിവെസ്റ്റുമാണ്. ബാർജ്  ഉപേക്ഷിച്ചു രക്ഷപ്പെടുകയോ അപായ സിഗ്നൽ കിട്ടുകയോ ചെയ്താൽ എത്രയും പെട്ടെന്നു ഇതെല്ലാം ധരിച്ചു ഓടി പുറത്ത് മെയിൻ ഡെക്കിൽ വന്ന് ക്യാപ്റ്റൻ തരുന്ന കമാൻഡ് അനുസരിക്കണം. അതാണ് സേഫ്റ്റി നിയമം. ഒരു മനുഷ്യന് സുഖമായി താമസിക്കാനുള്ള ഏറ്റവും ചുരുങ്ങിയ സെറ്റപ്പ്. ഏറ്റവും ചുരുങ്ങിയ ചിലവിൽ നാട്ടിലെ വീടുകൾ പണിയാനുള്ള ഒരു മാതൃകയായും ഇതെടുക്കാം.

അക്കോമോഡേഷൻ കാബിനുകളുടെ അടുത്തു തന്നെയാണ് കോമൺ ക്യാന്റീൻ. എല്ലാ രാജ്യക്കാർക്കും ഇണങ്ങുന്ന രീതിയിലുള്ള കോണ്ടിനെന്റൽ വിഭവങ്ങൾ. ഇവിടത്തെ ഡയ്‌നിങ് മേശക്കുമുണ്ട് പ്രത്യേകതകൾ, ഡയ്‌നിങ് മേശയുടെ നടുക്ക് ഒരു ബോക്സ് ഉറപ്പിച്ചു വച്ചിട്ടുണ്ട്.അതിലാണ് വെള്ളവും ഗ്ലാസ്സുമൊക്ക വക്കുന്നത്. ഭംഗിക്ക് വേണ്ടി വക്കുന്നതല്ല. നടുക്കടലിലെ തിരയിൽ ഷിപ്പ് ഉലയുമ്പോൾ മേശപ്പുറത്ത് ഇരിക്കുന്നതൊന്നും താഴെ വീഴാതിരിക്കാനാണ്..

വന്ന വഴി മറക്കരുതെന്ന് പണ്ടേ കാരണവൻമാർ പറയുന്നത് വളരെ ശരിയാണെന്നുള്ളത് ഷിപ്പിനുള്ളിലെ കോറിഡോറിലൂടെ ഒരു തവണ നടന്നാൽ മനസ്സിലാവും. ബാർജിനുള്ളിലെ എല്ലാ ഇടനാഴികളും ഏതാണ്ട് ഒരുപോലെയാണ്. മുറിയിൽ നിന്ന് പുറത്ത് ഇറങ്ങിയാൽ പിന്നെ തിരികെ വരാൻ കുറച്ചു ബുദ്ധിമുട്ടാണ്. ആദ്യമായി ബാർജിൽ എത്തിയപ്പോൾ ഓരോ കോര്ണറിലും പോയി അല്പസമയം ആലോചിച്ചു നിൽക്കാറുണ്ടായിരുന്നു. ഏതേലും ഫിലിപ്പൈനിയോ തായ്‌ലന്റ്കാരനോ ഇംഗ്ലീഷ്കാരനോ എതിരെ നടന്നുവരുമ്പോൾ എന്റെ നിൽപ് കണ്ടുമനസ്സിലാക്കി തിരിയേണ്ട ദിശ കാണിച്ചു തരും. അങ്ങനെ വീണ്ടും റൂമിൽ തിരികെയെത്തുമായിരുന്നു.

ഇടനാഴികളിലെ ഭിത്തികളിൽ പിടിച്ചുനടക്കുവാൻ ഒരു പൈപ്പ് ഉറപ്പിച്ചിട്ടുണ്ട്. കടൽ താണ്ഡവമാടുമ്പോൾ മറിഞ്ഞു വീഴാതെ പിടിച്ചുനടക്കുവാനാണത്. ഇതുതന്നെ ടോയ്‌ലെറ്റിലും ബാത്റൂമിലുമുണ്ട്..

ബാർജിൽ ജോലി ഇല്ലാത്തപ്പോഴും മറ്റ് ഒഴിവു സമയങ്ങളും ആസ്വദിക്കുവാൻ റിഫ്രഷ്മെന്റ് റൂം ഉണ്ട്. അതിൽ മിനി തിയേറ്ററും കൂടാതെ ജിം ഫെസിലിറ്റിയുമുണ്ട്. എങ്കിലും നമ്മുടെ ഇടവേളകൾ ആനന്ദകരമാക്കുന്നത് കടലിൽ ചൂണ്ടയിട്ടാണ്. ഇവിടത്തെ സുരക്ഷാ നിയമങ്ങൾ ചൂണ്ടയിടുവാൻ അനുവദിക്കുന്നില്ലെങ്കിലും അവർ കണ്ണടക്കുന്നത് കടലിലെ വിരസജീവിതത്തിന്റെ വേദനകൾ അവരും അനുഭവിക്കുന്നതിനാലാവണം.

ഈ ഫോട്ടോയിലുള്ളത് കിളിക്കൂടല്ല, ഇതൊരു മനുഷ്യകൂടാണ്. ഷിപ്പിൽ നിന്ന് ഷിപ്പിലേക്കോ കരയിലേക്കോ, അതുപോലെ തിരിച്ചും ആളുകളെ ഇറക്കുവാനുള്ള കൂട്. നമ്മൾ അതിൽ പിടിച്ചു നിൽക്കണം. ക്രെയിൻ ഈ മനുഷ്യ കൂട് പൊക്കിയെടുത്ത് അപ്പുറം വച്ചുകൊള്ളും. അപ്പുറം ചാടിക്കടക്കാൻ കാര്യങ്ങൾ ഇത്രത്തോളം സിംപിളാണ്.

യുക്രൈൻ- റഷ്യ യുദ്ധം തുടങ്ങിയതിന്റെ പല കാരണങ്ങളിൽ ഒന്ന് റഷ്യയിൽ നിന്ന് ജർമനി വരെ കടലിൽ കൂടി റഷ്യ ഇട്ട ഗ്യാസ് പൈപ്പ്ലൈൻ ആയിരുന്നു. അതിലൂടെ റഷ്യ കയറ്റിവിടുന്ന ഗ്യാസ്, യൂറോപ്പിന്റെ ഗ്യാസ് ക്ഷാമം തീർക്കുകയും റഷ്യ സാമ്പത്തികമായി മുന്നേറുകയും മറുവശത്തു അതുവരെ അമേരിക്കയിൽ നിന്ന് എക്‌സ്പോർട്ട് ചെയ്യുന്ന ഗ്യാസ് കുറയുകയും ചെയ്യുക എന്നതായിരുന്നുവെന്ന് ചില രഹസ്യംപറച്ചിലുകൾ കേട്ടിട്ടുണ്ട്.

കടലിന്നടിയിൽ കൂടി എങ്ങിനെയാണ് പൈപ്പ് ലൈൻ ഇടുക എന്നതിനെകുറിച്ചല്പം വിശദീകരിക്കുമ്പോൾ എന്റെ ജോലിയെക്കുറിച്ചു വായനക്കാർക്ക് കുറച്ചുകൂടി ധാരണ കിട്ടും.

കടലിന്നടിയിൽ പൈപ്പ് ഇടുവാൻ ഉപയോഗിക്കുന്ന ‘Pipe Laying Barge’ നിറയെ പൈപ്പ് ലോഡ് ചെയ്ത് കരയുടെ ഏകദേശം മുക്കാൽ കിലോമീറ്റർ അടുത്തുവരെ എത്തുന്നു (ബാർജിന്റെ അടിഭാഗം നിലത്തുമുട്ടാതെ സുരക്ഷിതമാവുന്ന ദൂരം).

പൈപ്പുകൾ ഒന്നിന്റെ അറ്റത്ത് മറ്റൊന്ന് നീളത്തിൽ വെച്ചു വെൽഡ് ചെയ്തു തുരുമ്പിനെ പ്രതിരോധിക്കാനുള്ള കോട്ടിങ് ചെയ്ത് കടലിലേക്ക് തള്ളിയിടുന്നു. ലാസ്റ്റ് വെൽഡ് ചെയ്ത പൈപ്പ് ബാർജിൽ തന്നെയുണ്ടാവും.അതിന്റെ അറ്റത്ത് അടുത്ത പൈപ്പ് വെൽഡ് ചെയ്ത് പൈപ്പ് വെള്ളത്തിലേക്കിട്ട് ബാർജ് മുന്നോട്ട് പോയ്കൊണ്ടിരിക്കും. കടലിന്റെ നടുക്കുള്ള റിഗ്ഗിന്റെ പൊസിഷൻ വരെ..

പൈപ്പ് തുരുമ്പ് എടുക്കാതിരിക്കാൻ കെമിക്കൽ ആവരണമുള്ള ‘Coating’ കൊടുത്തു അതിന്റെ മുകളിൽ കോൺക്രീറ്റ് ചെയ്താണ് വെള്ളത്തിൽ ഇടുന്നത്. കൂടാതെ പൈപ്പുകൾക്കിടയിൽ ഇടക്കിടക്ക് ആനോഡ് (പ്രധാന പൈപ്പിനെ തുരുമ്പ് പിടിക്കാതെ സംരക്ഷിക്കാനുള്ള ഉപകരണം) ഇൻസ്റ്റാൾ ചെയ്യുന്നതുകൊണ്ട് പൈപ്പുകൾ തുരുമ്പെടുക്കുന്നത് കുറയും..

മുഴുവൻ നീളത്തിൽ പൈപ്പ് വെൽഡിങ് കഴിയുമ്പോൾ അതിനുള്ളിൽ ക്ളീൻ ചെയ്യുവാനായി പിഗ്ഗിങ് എന്നൊരു പരിപാടിയുണ്ട്. പൈപ്പിനത്രയും ഉൾവ്യാസമുള്ള ചെണ്ട പോലിരിക്കുന്ന ബ്രഷ് ഒരറ്റം മുതൽ അങ്ങേ അറ്റം വരെ ചെറു പ്രഷറിൽ കടത്തിവിട്ട് പൈപ്പിനുൾവശം ക്ളീൻ ചെയ്യുന്നതാണ് പിഗ്ഗിങ്. പിന്നീട് പൈപ്പിനുള്ളിൽ വെള്ളം നിറച്ചു പ്രഷർ ടെസ്റ്റ് ചെയ്ത പൈപ്പിൽ ലീക്ക് ഇല്ലാ എന്നുറപ്പിക്കും. പിന്നീടാണ് ഗ്യാസ് കയറ്റിവിടുന്നത്.

ഇങ്ങനെ കടലിൽ കൂടി ഗ്യാസുംപെട്രോളിയവും കൊണ്ടുപോകുന്ന പൈപ്പ് ലയിങ് ബാർജിലാണ് ഞാൻ ജോലി ചെയ്യുന്നത്.

കടൽ ജീവിതം നൽകുന്ന ഇത്തരം അനുഭവങ്ങളുമായി കരിങ്കടലിൽ (Black Sea) തുർക്കിയുടെ പെട്രോളിയം കമ്പനിക്കുവേണ്ടിയുള്ള പ്രൊജക്റ്റിലാണ് ഇപ്പോഴുള്ളത്.

ഒഴിവ് നേരങ്ങളിലൊക്കെ ബാർജിന്റെ ബ്രിഡ്ജിൽ (ക്യാപ്റ്റനും ഷിപ് കണ്ട്രോൾ യൂണിറ്റുമുള്ള ഏറ്റവും ഉയരത്തിലുള്ള ക്യാബിൻ) കയറി നിന്ന് കടലിലേക്ക് നോക്കാറുണ്ട്, കരയുടെ നേർത്ത കാഴ്‌ചകൾക്കായി. അതുകാണുന്നതു മനസ്സിന് ഒരാശ്വാസമാണ്. ആടിയുലയുന്ന തിരകൾ സമ്മാനിക്കുന്ന കടലോർമ്മകളുമായി വീടും വീട്ടുകാരെയും എത്തിപ്പിടിക്കാനുള്ള ആവേശം ഉള്ളിലൊതുക്കി ഞങ്ങൾ ഇവിടെ കാത്തു നിൽക്കുകയാണ്,

കരതേടിതേടിയുള്ള കാത്തുനിൽപ്പ്…!

സജിവർക്കി

മെക്കാനിക്കൽ ബ്രാഞ്ച് (1996-2000)

Share on facebook
Share on twitter
Share on linkedin
WhatsApp