പ്രവാസം സന്ദീപ് സിനിമകളിലൂടെ
അമ്മു വള്ളിക്കാട്
2009 CS
Sandeep Ravindranath is a student of the audiovisual arts. He has served as a livesound
engineer for such acts as Chitravina Ravi Kiran, Nagai Muralidharan, The Carnatica
Brothers, Ustad Shahed Pervez Khan and Steve Gorn among others. As an on-location sound
recordist, his work on the Lebanese film What Remains was shortlisted for the Student
BAFTA in 2018. He holds a Master’s degree in Music Technology from New York University
and was a programmer analyst for Sony Music in Manhattan.
His directorial venture The Bookshelf dealt with the subject of growing intolerance in
India and was commissioned by three publishing houses – Perumal Murugan’s Kalachuvadu,
Indira Chandrasekhar’s Tulika, and Trivandrum based Chintha. In 2016, Sandeep was offered
a full scholarship in the direction program at Columbia College Chicago where his thesis
film Diary of an Outsider received invitation from the Directors Guild of America to its
Student Awards. To date, his shorts Tharattu Pattu, The Bookshelf, Santhana Gopala,
Diary of an Outsider and Sub Brothers have screened at over 100 film festivals in 20
countries winning numerous awards along the way. His latest short, Anthem for Kashmir,
launched by Anand Patwardhan and T.M. Krishna was BANNED by the government of India.
1
ഡയറി ഓഫ് ഔട്ട് ആൻ ഔട്ട്‌സൈഡർ
(Diary of an Outsider)
അമേരിക്കയിൽ പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥിയുടെ കഥയാണ് ഡയറി ഓഫ് ആൻ ഔട്ട്സൈഡർ. ഈ സിനിമ, സ്വത്വപ്രതിസന്ധിയിലകപ്പെടുന്ന അവന്റെ ജീവിതസന്ദർഭത്തിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു.
കുടിയേറ്റക്കാരായി ഒരു രാജ്യത്ത് എത്തിപ്പെട്ടു കഴിഞ്ഞാൽ സാമ്പത്തികമായോ സാമൂഹികമായോ, സാംസ്‌കാരികമായോ ഉയർന്നു പൊങ്ങാൻ സാധിക്കാത്തത് മൂലമുണ്ടാകുന്ന വെറിയിൽ, അല്ലെങ്കിൽ അങ്ങനെയുള്ള വെറും തോന്നലിൽ സംഘംചേരുന്ന മനുഷ്യരുണ്ട്. അവരെപ്പോലെ തീവ്രവലതുപക്ഷ ആശയം പേറുന്ന രണ്ടുമൂന്നു ചെറുപ്പക്കാർ ഈ ചെറുസിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്. ഒരുതരത്തിൽ പ്രവാസം കൊണ്ട് ചെന്നെത്തിക്കുന്ന, ഗെറ്റൊ അവസ്ഥയുടെ, (Ghetto Mentality ) അസ്ഥിരതയുടെ ഇരകളാണ് അവരും. സ്വദേശത്തുള്ളതിനേക്കാൾ തീവ്രമത അജണ്ടകൾ പലപ്പോഴും വിദേശത്ത് നടപ്പിലാക്കപ്പെടുന്നു. എന്നാൽ തീവ്രവലതുപക്ഷ ആശയങ്ങൾ മാത്രം ഉൾക്കൊള്ളാൻ കഴിവുള്ള കൂട്ടർക്കു വെറുപ്പ് കൊണ്ട് മാത്രമേ തന്റെ പ്രതിസന്ധിക്കുള്ള പരിഹാരം കണ്ടെത്താൻ സാധിക്കുന്നുള്ളൂ. മനുഷ്യരെ മനുഷ്യരായി കാണാനുള്ള ആശയം അവർക്കന്യമാണ്. മനുഷ്യർ കേവലം ജാതിയും വർഗ്ഗവും ഗോത്രവും, ലിംഗവുമാണവർക്ക്. അപ്പോൾ ആ വഴിക്കുള്ള പ്രശ്നപരിഹാരത്തിന് വെറുപ്പിന്റെ മാർഗത്തിലൂടെ മാത്രമേ സഞ്ചാരപഥമുള്ളൂ.
ഇത്തരക്കാർ പൊതുവേ മറ്റുള്ളവരെ തങ്ങളിൽ നിന്നും വിഭിന്നരായി കാണുന്നത് ഭാഷയുടെയും ഭക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ്. തന്നിൽ നിന്നും വിഭിന്നരായവർ കഴിക്കുന്ന ഭക്ഷണം മ്ലേച്ഛം എന്ന് വരുത്തിതീർക്കുക വഴി, അവരെക്കാൾ മെച്ചപ്പെട്ടവരാണ് എന്ന് സ്വയം നിർണ്ണയിക്കുന്നു. മനുഷ്യർ തിന്നുന്നത് കേവല ഭോജനം എന്നതല്ല അത് അവരുടെ സാമൂഹിക രാഷ്ട്രീയ പാരിസ്ഥിതിക, ചരിത്ര സാഹചര്യങ്ങൾ കൂടി വെളിവാക്കുന്നു. അത് പലപ്പോഴും ചോയ്സ് അല്ലതാനും. ചൈനക്കാർ പുഴുവിനെ തിന്നാൻ തുടങ്ങിയത് അവിടെയുണ്ടായിരുന്ന വറുതിക്കാലത്തിനു ശേഷമാണെന്നും, ഇപ്പോൾ ശ്രീലങ്കക്കാർ കഴിച്ചു കൊണ്ടിരിക്കുന്നത് പരിസരത്ത് വിളയുന്ന കിഴങ്ങുകളും പഴങ്ങളും മാത്രമാണെന്നുമുള്ള കാര്യം ഓർത്താൽ മാത്രം മതി.
ഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കാനും, കൈമാറാനുമായിട്ടാണ് ആദ്യമായി ഈ നിഷ്കളങ്കമായ സംഘംചേരൽ. അതിനുശേഷം അതേ മേശയ്ക്ക് ചുറ്റും ഇരുന്നു മറ്റുള്ളവരുടെ ഭക്ഷണത്തെ പ്രതി വെറുപ്പും അറപ്പും ഉളവാക്കുന്ന കാര്യങ്ങൾ സംസാരിക്കുന്നു. ഇത്തരം സംസാരങ്ങൾക്ക് സാക്ഷ്യം വഹിക്കാത്ത ഒരു പ്രവാസി പോലും ഉണ്ടാവാനിടയില്ല. പക്ഷേ അത് ആ രീതിയിൽ ഗൗരവത്തോടെ മനസ്സിലാക്കാൻ നമുക്ക് സാധിച്ചിരുന്നോ, അതോ ആ വെറുപ്പിന്റെ ഭാഗഭാക്കാവാനാണോ നമ്മളും അറിയാതെയെങ്കിൽപോലും വർത്തിച്ചത് എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അധികപക്ഷവും സ്വദേശികളുടെ മേലെ സ്ഥാനപ്പെടാനുള്ള വാജ്ഞ അല്ലെങ്കിൽ അവരോടുള്ള വെറുപ്പ് ഇത്തരം സംഭാഷണങ്ങളിൽ ഉരുത്തിരിഞ്ഞു വരുന്നത് ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകും. ഇറച്ചിയും മാംസവും നന്നായി കഴിക്കുന്നവർ പോലും മാംസത്തിന്റെ വേവും പാകവും അളവും, തോതും, മസാലയുടെ മണവും ഗുണവുമെല്ലാം ആധാരമാക്കി തമ്മിൽ ഭോജനഭിന്നത സൃഷ്ടിക്കുന്നു.
“നമ്മുടെ വീട്ടിലൊക്കെ മീനും ഇറച്ചിയും എല്ലാം നന്നായി മസാല തേച്ചു പൊരിക്കും. മാംസമാണ് തിന്നുന്നത് എന്ന് തോന്നുകയേ ഇല്ല. അവറ്റകൾ പച്ച മാംസം അങ്ങനെ തന്നെ തിന്നും”
എത്ര നിഷ്കളങ്കമായിട്ടാണ് വീടുകളിൽ അമ്മമാർ കൊടിയ വിഷമെടുത്ത് സംഘപരിവാർ പാനപാത്രങ്ങളിൽ പകരുന്നത്. സന്ദീപിന്റെ സിനിമകളിൽ, നമ്മൾ ഇത്തരത്തിൽ ശ്രദ്ധിക്കാതെ വിടുന്ന പല മുഹൂർത്തങ്ങളും ബിംബങ്ങളും ഒളിഞ്ഞു കിടക്കുന്നു. കഥാനായകൻ ഇംഗ്ലീഷ് സംസാരിക്കുന്നതും, കൂടെ പഠിക്കുന്ന അമേരിക്കക്കാരനായ സഹപാഠിയെ സഹായിക്കുന്നതുമൊന്നും മറ്റ് ഇന്ത്യക്കാർക്ക് ഇഷ്ടപ്പെടുന്നില്ല. ഫ്രിഡ്ജിൽ ബീഫ് പിസ വെച്ചതിനു വീട്ടിൽ നിന്ന് അയാളെ ഇറക്കിവിട്ട് പകപോക്കുന്നു. കഥയുടെ അവസാനം കഥാനായകനും തെരുവിലെ അനാഥനായ ഒരു വൃദ്ധനും ഒരേ ഫ്രെയിമിൽ ഒന്നിക്കുന്നത് യാദൃശ്ചികവുമല്ല.
മറിച്ചും, ഇന്ത്യൻ അല്ലെങ്കിൽ പാക്കിസ്ഥാൻ മസാല മണമസഹ്യമാകുന്ന സ്വദേശികളെ ഒരുപാട് ഞാൻ കണ്ടിട്ടുണ്ട്. മറ്റൊരാളുടെ പാത്രങ്ങൾ ചിലർ ഉപയോഗിക്കില്ല. ഇതെല്ലാം ഒരു പ്രകടനപരതയുടെ മൂർദ്ധന്യാവസ്ഥയാണ്. ഹോട്ടലിലോ റസ്റ്റോറന്റിലോ പോയി ഭക്ഷണം കഴിക്കാത്തവരല്ല ഇവരിലാരും. എന്നിട്ടും കൂടെയുള്ള ആളുകളുടെ കഴുകിയെടുത്ത സ്പൂണും പ്ലേറ്റും ഉപയോഗിക്കാൻ അവർ മടിക്കുന്നു. കുടിയാനു പണ്ട് കുമ്പിളിൽ കഞ്ഞി കൊടുത്തതിന്റെ മറ്റൊരു രൂപം. ഞാൻ നിന്നിൽ നിന്ന് വിഭിന്നനാണ്, നിന്നെക്കാൾ ഉന്നതനാണെന്ന് കിട്ടിയ അവസരം മുതലാക്കി വളരെ സങ്കീർണ്ണമായി അവതരിപ്പിക്കുന്നുവെന്ന് മാത്രം. അപരവത്കരണരാഷ്ട്രീയത്തിന്റെ പ്രചരണ സാമഗ്രികൾ (Propaganda Tools) ആയി വർത്തിക്കുന്നു.
ഇതുപോലെയാണ് ഭാഷയുടെ ഉപയോഗവും. കൂട്ടത്തിലുള്ളയാളെ ഒറ്റപ്പെടുത്താൻ വേണ്ടി ഭൂരിപക്ഷം ആളുകളും അവരുടെ തന്നെ മാതൃഭാഷയിൽ സംസാരിക്കുന്നു. കൂടെയുള്ള ആൾക്ക് അരോചകമാവുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ മണിക്കൂറുകളോളം സ്വന്തം സൗകര്യാർത്ഥം സംസാരിക്കുക. ഹിന്ദി മാത്രം സംസാരിക്കുന്ന ദാൽ ചാവൽ മാത്രം കഴിക്കുന്ന കഥയിലെ ചെറുപ്പക്കാരും ഒട്ടും വ്യത്യസ്തരല്ല.
കുടിയേറിയ നാട്ടിലെ സ്വദേശികൾ ഒരു ഭാഗത്ത്. കുടിയേറി വന്ന വിദേശികൾ മറുഭാഗത്ത്. ഈ രണ്ടു കൂട്ടർക്കിടയിൽ ഒന്നുമല്ലാതായി പോവുന്ന ഒരു വിദ്യാർത്ഥിയുടെ കഥയാണ് ഡയറി ഓഫ് ആൻ ഔട്ട്‌സൈഡർ. ഭാഷയിൽ ആവട്ടെ, വസ്ത്രധാരണത്തിലോ, ഇടപാടിലോ ഭക്ഷണത്തിലോ ആവട്ടെ സ്വദേശികളുമായി അങ്ങേയറ്റം പൊരുത്തപ്പെട്ട് മുന്നോട്ടുപോകാൻ ശ്രമിക്കുന്ന ഒരു യുവാവ്. അയാളെ സ്വദേശിയോ വിദേശിയോ അംഗീകരിക്കാൻ തയ്യാറാകുന്നില്ല. തങ്ങളിൽ ഒരാളായി കൂട്ടത്തിൽ ചേർത്തു നിർത്താൻ വിസമ്മതിക്കുന്നു. സമൂഹം നഷ്ടപ്പെട്ട് വഴിയാധാരമാകുന്ന ഒരു അവസ്ഥ സംജാതമാകുന്നു. എത്രകണ്ട് കലരാൻ ശ്രമിക്കുന്നുവോ, വേറിട്ട് പൊങ്ങി പതയുന്നയവസ്ഥ സംജാതമാകുന്നു.
വൈ ഡൂ യു ഹെയ്‌റ്റ് എവെരിതിങ് എബൗട്ട് ഇന്ത്യ (Why do you hate everything about India?) എന്ന് നായകനായ കഥാപാത്രം ചോദിക്കുന്നു. ഇന്ത്യയെക്കുറിച്ചുള്ളയെല്ലാം നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് ഇവിടെ നിൽക്കുന്നത് എന്നുള്ള മറുചോദ്യത്തിന് ശരിക്കും പ്രവാസികളുടെ കയ്യിൽ ഉത്തരം ഇല്ല. സമ്പാദ്യമെന്നോ നിലനിൽപ്പെന്നോ സ്ഥാനമാനങ്ങളെന്നോ ചുരുക്കി പറയാനാവില്ല. മനുഷ്യകുലം നിലനിൽക്കുന്നത് തന്നെ പലായനത്തിനും പ്രവാസത്തിലും അടിസ്ഥാനപ്പെട്ട് തന്നെയാണ്.
സംവിധായകന് സിനിമയ്ക്ക് പ്രചോദനമായത് രവീന്ദ്രനാഥ ടാഗോറിന്റെ വാക്കുകളാണ്. അമേരിക്കയിൽ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി പോകുന്ന മരുമകന് ടാഗോർ ഇങ്ങനെ എഴുതുകയുണ്ടായി.
“സ്വദേശികളെ ആഴത്തിൽ മനസ്സിലാക്കുക എന്നത് നിന്റെ വിദ്യാഭ്യാസത്തിന്റെ തന്നെ ഭാഗമാണ്. കൃഷിയെക്കുറിച്ച് മാത്രം നീ പഠിച്ചതുകൊണ്ടായില്ല, നീ അമേരിക്കയെ അറിഞ്ഞു തന്നെയാകണം. എന്നാൽ പോകെ പോകെ നീ നിന്റെ സ്വത്വം മറക്കുകയും, ഏതിനുമെന്തിനും ഇന്ത്യയെ കുറച്ചു കാണുന്ന, താഴ്ത്തി കെട്ടുന്ന ഒരു പാശ്ചാത്യനായി നീ പെരുമാറുകയുമാണെങ്കിൽ, ഒരു മുറിക്കുള്ളിൽ അടച്ചിട്ടിരിക്കുന്നതായിരിക്കും ഭേദം.”
വേരാൽ മണ്ണിൽ ആഴത്തിൽ മുറുക്കി പിടിക്കുകയും, കുടിയേറിയ രാജ്യത്ത് സമൃദ്ധമായി പടരുകയും ചെയ്തിരുന്ന പച്ചപ്പാണ് ആ യുവാവ്, എങ്കിലും അന്തരീക്ഷത്തിലെ മലിനീകരണത്തെ അതിജീവിക്കാൻ, വലിയ വൃക്ഷമായി വളരാൻ അതിനാകുന്നില്ല.. മുളമണ്ണ് നൽകിയ എല്ലാ സത്തയും,ശുഷ്കിച്ച് തുടങ്ങിയിരിക്കുന്നു. നീര് വറ്റുന്നു…. അയാൾ തെരുവിൽ അനാഥനാവുന്നു..
2
സന്താനഗോപാല
(A prayer for Childless)
പ്രവാസത്തിന്റെ ഏകാന്തതയിൽ പല സ്ത്രീകൾക്കും ദാമ്പത്യം പലപ്പോഴും ഒഴുക്കു നിലച്ച പുഴയാണ്. ഗർഭം ധരിക്കാത്തതിന്റെ എല്ലാ പഴിയും, അമ്മയും ഭർത്താവും അടങ്ങുന്ന സമൂഹം നിർദാക്ഷണ്യം അടിച്ചേൽപ്പിക്കുന്ന ഒരു പ്രവാസി സ്ത്രീയുടെ കഥയാണ് സന്താനഗോപാല.
ആ കെട്ടിക്കിടക്കുന്ന ദാമ്പത്യത്തിന്റെ അഴുക്കുവെള്ളത്തിൽ, ദുസ്സഹമായ ദുർഗന്ധത്തിന്റെ ദിനചര്യയിൽ നീന്തി നീന്തി, പുറത്തു കടക്കാൻ സാധിക്കാതെ ആത്മാവ് കെട്ടഴുകി ജീവിക്കുന്നവരാണ്, പ്രത്യേകിച്ചും പ്രവാസത്തിലെ സ്ത്രീകൾ. അയൽക്കൂട്ടങ്ങളോ അച്ഛനോ അമ്മയോ ഉറ്റവരോ സ്വന്തക്കാരോ ഒന്നുമില്ലാതെ ഏകാന്തശീതകാലതണുപ്പിൽ മനസ്സു മരവിച്ചും, പൊള്ളുന്ന മരുച്ചൂടിൽ ഒറ്റപ്പെട്ട് ആത്മാവ് വെന്തും, നിശ്ചലമായ സമയവണ്ടിയെ ഉന്തിയുന്തി, അടഞ്ഞ നാൽചുവരുകൾക്കുള്ളിൽ മനുഷ്യചൂരിന്റെ മസാല ഗന്ധമേറ്റ് മടുപ്പാറ്റി ജീവിക്കുന്ന ചത്തമീനുകളാണ് ഈ സ്ത്രീകൾ. ഭർത്താവ് ജോലിക്ക് പോകുന്ന രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന ഒറ്റപ്പെടലിൽ സമാശ്വാസമാണ് ഒരു കുഞ്ഞ്.. എന്നാൽ അതുകൂടി ഇല്ലാതാവുന്ന ഒരു പ്രവാസജീവിതം എത്ര കണ്ട് അസഹനീയവും മനുഷ്യവിരുദ്ധവുമാണെന്ന് കാണിച്ചുതരുന്നു ഈ സിനിമ. ആ കുടുസ് വീട്ടിൽ നടക്കുന്ന സ്ത്രീവിരുദ്ധതയ്ക്ക് സാക്ഷിയായി സ്ക്രീനിൽ രാധാകൃഷ്ണ വിഗ്രഹമല്ലാതെയാരുമില്ല.
ഭൂമിയെന്ന കഥാപാത്രത്തിന്റെ മുഖത്തേക്ക് വലിച്ചു തുറക്കുന്ന വാതിൽ, അവളുടെ പരിതാപങ്ങളോടുള്ള ഭർത്താവിന്റെ, പുരുഷമേധാവിത്തസമൂഹത്തിന്റെ പ്രതികരണമാണ് ഒറ്റ ഷോട്ടിൽ സന്ദീപ് നമുക്ക് കാണിച്ചു തന്നത്. അപമാനപ്പെടുന്നത്, വീർപ്പുമുട്ടുന്നത് തിരശ്ശീലയ്ക്ക് പുറത്ത് കാണികളാണ്. സർവ്വം സഹയായ ഭൂമിയെ പോലെ എല്ലാ തെറ്റുകളും ഉത്തരവാദിത്തങ്ങളും സ്വന്തം ചുമലിലേറ്റി പാതാളത്തിലേക്ക് താണുതാണു പോവുകയാണ് വെള്ളിത്തിരയിലെ ഭൂമിയെന്ന സ്ത്രീ. അകലങ്ങളിൽ നിന്നും സമാശ്വസിപ്പിക്കുന്ന ബന്ധുക്കൾ, പുരുഷാധിപത്യം വാർത്തെടുത്ത അച്ചിലേക്കു സ്ത്രീജീവിതങ്ങലളെ ഉരുക്കിയൊഴിക്കുന്നു. പുരുഷമേധാവിത്വത്തിന്റെ ക്രൂരതയെ, വിശ്വാസത്തിലുള്ള നിരർത്ഥകതയെ, ചൂഷണത്തെ, സ്നേഹരാഹിത്യത്തിൽ വെറുതെ ചലിക്കുന്ന ദാമ്പത്യത്തെയൊക്കെ നിരത്തുന്ന പടമാണ് സന്താനഗോപാല. എങ്കിലും പ്രവാസം ഇട്ട ‘സെറ്റ്’ ൽ ഈ മനുഷ്യവിരുദ്ധതയ്ക്ക് ആക്കം ആയിരം മടങ്ങ് വർധിക്കും.. ഇതിലെ പ്രവാസക്കാഴ്ച്ചയെ, അതിലെ സ്ത്രീവിരുദ്ധതയെ അത്തരത്തിൽ നോക്കി കാണേണ്ടിയിരിക്കുന്നു.
3
സബ് ബ്രദേഴ്‌സ്
(Sub Brothers)
എനിക്ക് വളരെ ഹൃദയസ്പർശിയായിത്തോന്നിയ ഡോക്യുമെന്ററിയാണ് സബ് ബ്രദേഴ്സ്. ഒരു മുഴുനീള കുടിയേറ്റ ജീവിതം ഈ ചെറുകാഴ്ച്ചയിൽ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. സിനിമാകാഴ്ച്ചയുടെ ഫ്രെയിമുകളില്ലാതെ തന്നെ, കഥാപാത്രങ്ങളില്ലാതെ, തിരക്കഥയുടെ പൊടിപ്പും തൊങ്ങലുമില്ലാതെ തന്നെ മനുഷ്യമനസ്സിന്റെ സങ്കീർണതയിലൂടെ നമ്മെ വഴി നടത്തുന്നുണ്ട് ഈ സൃഷ്ടി.
അവരുടെ ജീവിത പരിസരമാണ് ഈ സിനിമയുടെ സെറ്റ്. ചിലയിടങ്ങളിൽ വളരെ താത്വികമായിട്ടാണ് ഇരുമനുഷ്യരും പ്രതികരിക്കുന്നത്. മുൻപ് കണ്ട സിനിമകളിലെ പോലെ ഇവിടെ വെറുപ്പിന്റെ രാഷ്ട്രീയമില്ല. അവർക്ക് സ്വത്വപ്രതിസന്ധിയുമില്ല. അവരുടെ വേരുകൾ അവർ കൃത്യമായി തിരിച്ചറിയുന്നു. അത് നിലനിർത്തുന്നു. മക്കൾക്ക് പൈതൃകം പകർന്നുകൊടുക്കുന്നു. മരിക്കാനായി തിരികെ പാക്കിസ്ഥാനിലുള്ള തന്റെ ഗ്രാമത്തിലേക്ക്, അവിടെയുള്ള മനുഷ്യരുടെ സ്നേഹവായ്പ്പിലേക്ക് മടങ്ങണമെന്നവർ കൊതിക്കുന്നു. അവരുടെ നിസ്സഹായത, നിർമ്മതയോടെ അവർ പ്രകടിപ്പിക്കുന്നു. എന്നിട്ടും ആ രാജ്യത്ത് തന്നെ കുടിയേറ്റക്കാരായി തുടരേണ്ടതുണ്ട് എന്നവർ തിരിച്ചറിഞ്ഞ് സമരസപ്പെടുന്നുണ്ട്. നല്ലതുപോലെ ജീവിക്കാനുള്ള അവരുടെ ആവശ്യത്തെ ആ ജീവിതം സാധൂകരിക്കുന്നുമുണ്ട്. മെച്ചപ്പെട്ട ജീവിതം ജീവിക്കാൻ വേണ്ടിയെന്ന് ഉൾക്കൊള്ളുമ്പോഴാണ് പ്രവാസം നിലനിൽപ്പിന്റെതാവുന്നത്.
എല്ലാ മനുഷ്യരും ഈ ഭൂമിയുടെ അവകാശികളാണ്. അവിടെ അടിമയോ ഉടമയോ ഉണ്ടാവേണ്ടതുണ്ടോ? എവിടെയോ എങ്ങനെയോ ഭൂമിയുടെ പല ഭാഗത്ത് ജനിച്ചുപോയ മനുഷ്യർ പൂർണ്ണാർത്ഥത്തിൽ തന്റേതായുള്ള രാജ്യം തന്റേതായ ഇടം എന്നു പറയുന്നതിൽ എന്തർത്ഥം? ഇങ്ങനെ പ്രവാസത്തിലെ കഷ്ടതകളെ പറ്റി ധരിച്ചു വശായി പ്രേക്ഷകൻ നിൽക്കുമ്പോഴാണ്, ലാറി എന്ന സിനിമയിലൂടെ അനാഥ വൃദ്ധത്വത്തിന്റെ അമേരിക്കൻ ജീവിതം സന്ദീപ് പറയുന്നത്. പ്രതിസന്ധമായ മനുഷ്യജീവിതം ഒരു സിനിമയിൽ നിന്നും മറ്റൊരു സിനിമയിലേക്ക് ചേക്കേറുമ്പോൾ വേഷവും ദേശവും സംവിധായകൻ സൂക്ഷ്മതയോടെ മാറ്റുന്നു. ഞാൻ മനുഷ്യരെ കുറിച്ച് സംസാരിക്കുമ്പോൾ ദേശത്തിനെന്ത് പ്രസക്തിയെന്ന്, പാക്കിസ്ഥാനികളുടെ കഥ പറയുന്ന ഈ ഡോക്യുഫിലിം പ്രദർശിപ്പിക്കാൻ മടിച്ച കൊച്ചിയിലെ ഫിലിം സൊസൈറ്റിയോട് സംവിധായകൻ ആരായുന്നു.
ജോലി-വീട് എന്ന കേവല മനുഷ്യജീവിതദ്വന്ദങ്ങളിൽ ഉഴറി, സ്വന്തമായി ഒരു വീട് പോലും പണിയാൻ സാധിക്കാത്ത, ജീവിതാവസാനത്തിന് മുൻപ് ലോട്ടറി കിട്ടിയെങ്കിൽ എന്ന് ആശിക്കുന്ന സഹോദരന്മാർ. എങ്ങനെയെങ്കിലുമൊന്ന് രക്ഷപ്പെടാനുള്ള നിസ്സഹായതയെ കുറിക്കുന്ന സംഭാഷണങ്ങൾ ബ്രദേഴ്സ് പറയുന്നു, അല്ലെങ്കിൽ സംവിധായകൻ അവരെക്കൊണ്ട് പറയിപ്പിക്കുന്നു. അമ്മയെ അവസാനമായി നോക്കുന്നത്, ഇനി ഒരിക്കലും ജന്മം നൽകിയവരെ കാണാനാകില്ല എന്ന് മനസ്സിലാക്കിക്കൊണ്ടുള്ള നിരാശയുടെ അവസാന നോക്ക് അത് ഗതികെട്ട പ്രവാസത്തിനുള്ളതാണ്!! നിർമ്മമമായ വാക്കുകളിലൂടെ നിശബ്ദമൊഴുകി സമുദ്രമുയരുന്ന വേദന കണ്ടുനിൽക്കാൻ പ്രേക്ഷകൻ പ്രയാസപ്പെടും.
സന്ദീപിലെ വലിയ മനുഷ്യസ്നേഹിയുടെ, സാധാരണ മനുഷ്യരുടെ മനസ്സിന്റെ ഉള്ളറകൾ തുറന്നെടുത്ത് നോക്കി ഫ്രെയിമിലെത്തിക്കുന്ന അസാധാരണ മികവ് ഈ ഡോക്യുമെന്ററിയിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അഭിനേതാക്കളല്ലാത്ത രണ്ടാളുകൾ, ഫ്രെയിം പരിചിതമല്ലാത്ത രണ്ടാളുകൾ, വലിയ ലോകതത്വങ്ങൾ പരിചയമില്ലാത്ത രണ്ടാളുകൾ. അവർ ജീവിതത്തിന്റെ വേദിയിൽ പച്ചയായി നടനമാടുന്നു. അത് ആകസ്മികമായി സംഭവിച്ചതല്ല എന്നു മനസ്സിലാക്കുന്നയിടത്താണ് സന്ദീപ് എന്ന സംവിധായകന്റെ തീവ്രമായ ഉൾക്കാഴ്ച പ്രേക്ഷകരിലേക്കും വന്നെത്തുന്നത്. രാജ്യസ്നേഹം തെളിയിക്കാൻ ആ സഹോദരന്മാർമാർക്ക് യുഎസിന്റെ പതാക ചുമരുകളിൽ കാണിക്ക വെച്ചതുപോലൊരു ശബ്ദകോലാഹലപ്രകടനത്തിന്റെ ആവശ്യം സന്ദീപിന്റെ സിനിമയിൽ ഇല്ല. കാശ്മീർ എന്ന പടത്തിൽ, പശ്ചാത്തലത്തിലുള്ള കവിതയും പശ്ചാത്തലത്തിലില്ലാതെ പോയ ആളുകളും, അതുണ്ടാക്കുന്ന ശൂന്യതയും പ്രേക്ഷകരോട് ഒരുപോലെ സംവദിക്കുന്നു.
അകക്കാഴ്ചകൾക്കുള്ള അത്ഭുതദ്വീപാണ് സന്ദീപിന്റെ ഓരോ പടവും. അതിലെ ഓരോ ഫ്രെയിമും അദ്ദേഹത്തിന്റെ രാഷ്ട്രീയവും നിലപാടുമാണ്.
Links
Santhana Gopala – Over 40 International & National Festival Selections and Multiple Awards Winner
https://www.youtube.com/watch?v=ATBdIE8XWtA
The Bookshelf – Commissioning Grants from Perumal Murugan’s Kalachuvadu, Indira Chandrasekhar’s Tulika, and Chintha Publishers
https://www.youtube.com/watch?v=PPrboBYj3X0
Diary of an Outsider – Jury Invitation from Directors Guild of America (Guild with members like Steven Spielberg, Woody Allen, Quentin Tarantino etc)
https://www.youtube.com/watch?v=5AFmGL3FyO8
Sub Brothers (Short Documentary) – Winner of Best Diversity Film Award at Greek Festival Petit Plan
https://www.youtube.com/watch?v=dWdQMI8g8LM
Tharattu Pattu – 35 International & National Festival Selections and Multiple Awards Winner
https://vimeo.com/83629146