ലോക കേരള സഭ

Wilson
വിൽ‌സൺ  
 1987 ME

ആഗോള മലയാളികളുടെ ഒരു കൂട്ടായ്മയുടെ അനിവാര്യത വളരെ അധികം പ്രസക്തിയുള്ള സമകാലിക അവസ്ഥയിൽ ഭൂമിയുടെ വിവിധ മേഖലകളിൽ ചിതറിക്കിടക്കുന്ന മലയാളി സമൂഹത്തെ തമ്മിലടുപ്പിക്കുന്ന ജീവനാഡിയാണ് ലോക കേരള സഭ. 2018 ജനുവരി മാസത്തിൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ നേതൃത്വത്തിൽ സഭയുടെ ആദ്യ സമ്മേളനം നടന്നു. കോവിഡ് പകർച്ചവ്യാധി മൂലം വൈകിപ്പോയ രണ്ടാമത്തെ സമ്മേളനം 2022 ജൂൺ 16, 17, 18 തീയ്യതികളിൽ തിരുവനന്തപുരത്ത് നടന്നു. 351 അംഗങ്ങളുടെ ലോക കേരള സഭ കേരളത്തെ പ്രതിനിധീകരിക്കുന്ന എല്ലാ ലോകസഭാ-നിയമസഭാ അംഗങ്ങളും 42 ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും മറ്റു രാജ്യങ്ങളിൽ നിന്നുള്ള 100 പ്രതിനിധികളും അടങ്ങിയതാണ്. കൂടാതെ പ്രവാസ ജീവിതം അവസാനിപ്പിച്ച വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരും, വിവിധ മേഖലകളിൽ വ്യക്തി മുദ്രപതിപ്പിച്ചവരും ഈ സഭയിൽ ഉൾപ്പെടുന്നു. സമഗ്രമേഖലകളെയും ഉൾെപ്പടുത്തി അവരുടെ അഭിപ്രായ സമന്വയത്തിലൂടെ രൂപപ്പെടുന്ന നയപരമായ തീരുമാനങ്ങൾ ഏറ്റവും അനുയോജ്യമായ രീതിയിൽ പ്രാവർത്തികമാക്കുക എന്നതാണ് ലോക കേരള സഭയുടെ കർത്തവ്യം

പ്രവാസത്തിൻ്റെ വെല്ലുവിളികളും, ആവലാതികളും, സങ്കടങ്ങളും പ്രതീക്ഷകളുമെല്ലാം വിശദമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വിധേയമാക്കിക്കൊണ്ട്, പ്രവാസ ലോകത്തിൻ്റെ മുഴുവൻ സ്പന്ദനങ്ങളും ഏറ്റുവാങ്ങി മൂന്നാം ലോക കേരള സഭാ സമ്മേളനം 2022 ജൂൺ 16, 17, 18 തീയ്യതികളിൽ തിരുവനന്തപുരത്ത് സമാപിച്ചു. പ്രവാസത്തിൻ്റെ ആകുലതകളെല്ലാം തന്നെ കേരളത്തിലെ ഭരണ നേതൃത്വത്തിൻ്റെ ശ്രദ്ധയിലെത്തിച്ച് പരിഹാരം തേടുക എന്ന ദൗത്യമാണ് മൂന്നാം ലോക കേരള സഭയിൽ അംഗങ്ങളെന്ന നിലയിൽ ഞാനുൾപ്പെടെയുള്ള പ്രവാസികൾ ഈ ദിവസങ്ങളിൽ നിർവ്വഹിക്കാൻ ശ്രമിച്ചത്. അതോടൊപ്പം തന്നെ, പ്രവാസ ലോകത്തു നിന്നു നേടിയ അറിവും അനുഭവപരിചയവും സമ്പത്തും നവകേരള സൃഷ്ടിക്കായി എങ്ങനെ വിനിയോഗിക്കാം എന്നതിനുള്ള നിരവധിയായ നിർദ്ദേശങ്ങളും പ്രവാസി പ്രതിനിധികൾ സഭയിൽ മുന്നോട്ട് വച്ചു.

കേരളത്തിലെ പ്രതിപക്ഷ നേതാക്കൾ പുറം തിരിഞ്ഞു നിന്നപ്പോളും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ 62ഓളം വ്യത്യസ്ത രാജ്യങ്ങളിലും 21ഓളം ഇന്ത്യൻ സംസ്ഥാനങ്ങളിലും നിന്നും വന്ന വ്യത്യസ്ത രാഷ്ട്രീയ, സാമൂഹിക വീക്ഷണങ്ങൾ പുലർത്തുന്ന, വ്യത്യസ്ത പ്രവാസ തൊഴിൽ മേഖലകളിൽ തൊഴിലെടുക്കുന്ന പ്രവാസി പ്രതിനിധികൾ അവരിലേൽപിച്ച ദൗത്യം ഭംഗിയായി പൂർത്തീകരിച്ചതിൻ്റെ നേർകാഴ്ചയ്ക്കാണ് നിയമസഭാ മന്ദിരം മൂന്നു ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. പ്രവാസ ലോകത്തിൻ്റെ പരിഛേദമായ, പ്രവാസത്തിൻ്റെ ചൂടും ചൂരും പതം വരുത്തിയ, തളരാത്ത മനസ്സുകളാണവിടെ ഒത്തുചേർന്ന് ഒരേ സമയം വൈകാരികവും ഗൗരവപൂർണ്ണവുമായ സംവാദങ്ങളുമായി സഭാതലത്തെ ജീവസുറ്റതാക്കിയത്.

സംവാദാത്മകമായ ജനാധിപത്യത്തിൻ്റെ മനോഹരസാക്ഷ്യമായി ലോകകേരളസഭ ഇന്ത്യയ്ക്ക്, ലോകത്തിന് മാതൃകയാവുകയാണ്. വോട്ടവകാശം നൽകുന്നതിലൂടെ ലോകത്തെ പല രാജ്യങ്ങളും അവരുടെ പ്രവാസികളെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കിയിട്ടുണ്ട്. എന്നാൽ ലോകത്തെമ്പാടും പരന്നു കിടക്കുന്ന പ്രവാസി സമൂഹങ്ങളുടെ പ്രതിനിധികളെ നിയമസഭാ സാമാജികരോടൊപ്പമിരുത്തി ചർച്ചയും സംവാദങ്ങളുമായി അവരെ നയരൂപീകരണത്തിൻ്റെയും നിയമ നിർമ്മാണ പ്രക്രിയയുടെയും ഭാഗമാക്കുന്നതിലൂടെ ജനാധിപത്യമെന്ന സങ്കല്പത്തിന് നൂതനമായ മാനങ്ങൾ നൽകുകയാണ് കേരളം.

മൂന്ന് ദിവസങ്ങളിലായി മുന്നൂറോളം പ്രതിനിധികളാണ് മന്ത്രിമാരും എം.പി.മാരും മറ്റു നിയമസഭാ സാമാജികരും ഒപ്പം ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥവൃന്ദത്തിൻ്റെ സാന്നിദ്ധ്യത്തിൽ പ്രവാസികളുടെ നൂറ് കണക്കിന് പ്രശ്നങ്ങളും കേരളത്തിൻ്റെ വികസനത്തിനായി അവർ നൽകിയ നിർദ്ദേശങ്ങളും അതിനായി അവർക്ക് നാൽകാവുന്ന സംഭാവനകളും ആഴത്തിലും വ്യാപ്തിയിലും വിശകലനം ചെയതത്‌. ഭൂമിശാസ്ത്ര മേഖലാടിസ്ഥാനത്തിൽ 7 ഗ്രൂപ്പുകളും ( പശ്ചിമേഷ്യൻ രാജ്യങ്ങൾ, ഇതര ഏഷ്യൻ രാജ്യങ്ങൾ, പസഫിക് രാജ്യങ്ങൾ, യൂറോപ്പ്, അമേരിക്കൻ രാജ്യങ്ങൾ, ആഫ്രിക്ക, ഇതര ഇന്ത്യൻ സംസ്ഥാനങ്ങൾ, തിരികെ എത്തിയ പ്രവാസികൾ ) പ്രവാസ സംബന്ധിയായ വിഷയാടിസ്ഥാനത്തിൽ 8 ഗ്രൂപ്പുകളുമായാണ് ചർച്ചകൾ നടന്നത് ( വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ രൂപീകരണത്തിൽ പ്രവാസി ഇടപെടലിൻ്റെ സാധ്യതകൾ, നവകേരള നിർമ്മാണത്തിന് സഹായകമാവുന്ന പ്രവാസി നിക്ഷേപ സാധ്യതകൾ, ഭാവി പ്രവാസം – നൈപുണ്യ വികസനവും പുതിയ തൊഴിലിടങ്ങളും, സർക്കാരിൻ്റെ പ്രവാസികൾക്കായുള്ള പദ്ധതികളുടെ വിലയിരുത്തൽ: പ്രവാസി പുനരധിവാസം – വെല്ലുവിളികളും നൂതനാശയങ്ങളും, പ്രവാസികൾ വിദേശ രാജ്യത്ത് നേരിടുന്ന വെല്ലുവിളികളും പരിഹാരമാർഗ്ഗങ്ങളും: പ്രവാസവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരും അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണ സാധ്യതകൾ, പ്രവാസവും സാംസ്കാരിക വിനിമയ സാധ്യതകളും, സ്ത്രീ കുടിയേറ്റം – ഭാവി സാധ്യതകൾ, ഇതര സംസ്ഥാനത്തുള്ള മലയാളി പ്രവാസികളുടെ പ്രശ്നങ്ങൾ ). ഗാർഹിക തൊഴിലാളി മുതൽ പ്രവാസ ലോകത്ത് വെന്നിക്കൊടി പാറിച്ച സംരഭകർ വരെ മുന്നോറോളം പ്രതിനിധികൾ സംപുഷ്ടമാക്കിയ ചർച്ചകളിലൂടെ ഗവൺമൻ്റിൻ്റെ തുടർ പരിഗണനയ്ക്കായി മൂന്നൂറിലധികം നിർദ്ദേശങ്ങളാണ് ക്രോഡീകരിക്കപ്പെട്ടത്.

ഇന്ത്യയിലും വിദേശത്തുമായി പതിറ്റാണ്ടുകളുടെ പ്രവാസ ജീവിതത്തിൽ നിന്ന് ആർജിച്ച അറിവും അനുഭവവും, അത് തൊഴിൽ മേഖലയുമായി ബന്ധപ്പെട്ടതായാലും പ്രവാസ ലോകത്തു നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹ്യ പ്രവർത്തരംഗത്തു നിന്നായാലും അവ ഭരണനേതൃത്വവുമായി പങ്കുവച്ചുകൊണ്ട് പ്രവാസി സമൂഹത്തിൻ്റെ ക്ഷേമത്തിനായും കേരള സംസ്ഥാനത്തിൻ്റെ വികസനത്തിനായും ഉപയോഗപ്പെടുത്തുന്നതിന് നാടിൻ്റെ ഭരണാധികാരികൾ നൽകിയ ഈ അവസരത്തിൽ സമ്മേളത്തിൽ പങ്കെടുത്ത ഒരോ പ്രവാസി പ്രതിനിധിയും സന്തുഷ്ട (യ) നാണ്. മഹത്തരമായ ഈ വേദി ലഭ്യമാക്കിയ ഗവൺമൻ്റിനോടുള്ള കൃതജ്ഞതയും സ്നേഹവും രാഷ്ട്രീയ പക്ഷഭേദങ്ങൾക്ക് അതീതമായി അവരുടെ വാക്കുകളിലും ശരീരഭാഷയിലും പ്രകടമായിരുന്നു. കേരളത്തിലെ ഇടതുപക്ഷ ഗവൺമൻ്റ് ലോക കേരള സഭയെന്ന സംവിധാനം 2018 ൽ നടപ്പിലാക്കിയതിനു ശേഷം ആഗോള മലയാളി പ്രവാസി ലോകവും നാട്ടിലെ ഭരണവും തമ്മിലുള്ള പാരസ്പര്യത്തിൽ വന്ന ഗുണപരമായ മാറ്റങ്ങൾ നേരിട്ട് കണ്ടും അനുഭവിച്ചും അറിഞ്ഞവരായിരുന്നു പങ്കെടുത്തവരിൽ നല്ലൊരു പങ്കും. ആ തിരിച്ചറിവിൽ നിന്നുള്ള ആവേശവും, ആത്മാർത്ഥതയും, പ്രതീക്ഷയും പ്രതിഫലിപ്പിക്കുന്നതായിരുന്നു സംവാദങ്ങൾ. പുറത്ത് നടക്കുന്ന കോലാഹലങ്ങളും ആക്ഷേപങ്ങളും അവരെ സ്വാധീനിക്കുന്നുണ്ടായിരുന്നില്ല. (പതിനായിരക്കണക്കിന് ‘ കോടി രൂപ വർഷാവർഷം നാട്ടിലേയ്ക്കയക്കുന്ന പ്രവാസി മലയാളിയോട് നാലു കോടി രൂപ ചിലവാക്കി നടത്തിയ സമ്മേളനത്തിൻ്റെ ധൂർത്തി ( ?) നേക്കുറിച്ച് വാചാലരാകുന്ന വിമർശകരുടെ നിലവാരത്തേക്കുറിച്ച് പരിതപിക്കാനേ നമുക്കാവൂ).

രണ്ടു നൂറ്റാണ്ടു നീണ്ടു നിന്ന കൽക്കരി യുഗത്തിൻ്റ മേൽകോയ്മയ്ക്ക് അറുതിവരുത്തിക്കൊണ്ടാണ് ഇരുപതാം നൂറ്റാണ്ടിൻറെ പകുതിയോടെ എണ്ണയും പ്രകൃതി വാതകങ്ങളും ലോകത്തിന് ഊർജ്ജം നൽകുന്നതിൻ്റെ മേൽക്കോയ്മ ഏറ്റെടുത്തത്. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ പ്രകൃതി വാതക നിക്ഷേപങ്ങൾ കണ്ടെത്തിയ മധ്യേഷ്യ, ദൂരം കൊണ്ടും സാംസ്കാരികമായും നമ്മോട് അടുത്തു നിൽക്കുന്നത് കേരള സമൂഹത്തിന് ഗുണഫലമായതാണ് എഴുപത്കളിലാരംഭിച്ച ഗൾഫ് പ്രവാസം . മധ്യേഷ്യയിൽ വളരെ വേഗത്തിലുണ്ടായ സാമ്പത്തിക വികാസത്തിെൻറ ഒരു പങ്ക് പറ്റാൻ ഗൾഫ് പ്രവാസത്തിലൂടെ നമുക്കായി. എന്നാൽ കാലം മാറുകയാണ്. ഫോസിലിന്ധനങ്ങളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ലോകം നൂതനമായ സുസ്ഥിര ഇന്ധന സ്രോതസ്സുകളിലേക്ക് അതിവേഗം മാറുകയാണ്. എണ്ണയിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥകൾ മാറുന്നത് പ്രവാസികൾക്ക് മാത്രമല്ല പ്രവാസത്തിനു തന്നെ ശക്തമായ വെല്ലുവിളിയാണ് ഉയർത്തിക്കൊണ്ടിരിക്കുന്നത്. ഗൾഫ് മേഖലയിൽ നടപ്പാകുന്ന സ്വദേശിവൽക്കരണം, ശാസ്ത്ര സാങ്കേതിക വിദ്യകകളുടെ അതിവേഗത്തിലുള്ള വളർച്ചയുടെ ഭാഗമായി മനുഷ്യാധ്വാനത്തിനും മനുഷ്യബുദ്ധിയ്ക്കും പകരക്കാരായി വന്നുകൊണ്ടിരിക്കുന്ന ഓട്ടോമേഷനും നിർമ്മിത ബുദ്ധിയുമെല്ലാം തൊഴിലുകളുടെ സ്വഭാവത്തിലും എണ്ണത്തിലും സാരമായ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. നിലവിലുള്ള തൊഴിലുകൾ അപ്രത്യക്ഷമാവുകയാണ്, പുതിയ തൊഴിലുകൾ ഉയർന്നു വരുന്നു പക്ഷെ അവ പുതിയ നൈപുണ്യം ആവശ്യമുള്ളവയാണ്. അവ വരുന്നത് ഇന്നത്തെ തൊഴിലിടങ്ങളിലല്ല, ചേക്കേറേണ്ട തൊഴിലിടങ്ങൾ മാറുകയാണ്.

മനുഷ്യവിഭവശേഷിയുടെ എണ്ണത്തിലും ഗുണത്തിലും മുൻപന്തിയിൽ നിൽക്കുന്ന കേരളം ആ സാധ്യതകൾ ഉപയോഗപ്പെടുത്തി ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറണം. അതിന് നമ്മുടെ പശ്ചാത്തല സൗകര്യങ്ങൾ വികസിക്കണം.

മധ്യേഷ്യയിൽ ദുരിതമനുഭവിക്കുന്ന സാധാരണ പ്രവാസി തൊഴിലാളിയുടെ പ്രശ്നങ്ങളും അവൻ്റെ /അവളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ മുതൽ പ്രവാസത്തിൻ്റെ തന്നെ ഭാവിയെക്കുറിച്ചു മേൽ വിവരിച്ച ആശങ്കകളും , ഒരു വികസിത കേരളത്തേക്കുറിച്ചുള്ള പ്രവാസികളായ ഞങ്ങളുടെ സ്വപ്നങ്ങളുമാണ് സമ്മേളനത്തിൻ്റെ മൂന്നുദിവസങ്ങളിൽ പങ്കുവച്ചത്. ആശങ്കകളകറ്റാനും സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാനും ഗവൺമൻ്റ എന്തു ചെയ്യണമെന്ന് ഞങ്ങളാഗ്രഹിക്കുന്ന നിർദ്ദേശങ്ങൾ വയ്ക്കുകയായിരുന്നു ഞങ്ങൾ. ഞങ്ങൾക്കെന്തു ചെയ്യാൻ കഴിയുമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.

ഉയർന്നു വന്ന നിർദ്ദേശങ്ങളെല്ലാം നടപ്പാക്കാൻ സാധിക്കണമെന്നില്ല. എന്നാൽ വർഷാവർഷം പ്രോഗ്രസ് റിപ്പോർട്ട് ഇറക്കി പ്രകടനപത്രികയിൽ വച്ച വാഗ്ദാനങ്ങൾ എത്രമാത്രം നടപ്പാക്കാൻ കഴിഞ്ഞുവെന്ന് ജനങ്ങളോട് പറയുന്ന ഉത്തരവാദിത്വവും സുതാര്യതയും നിശ്ചയ ദാർഡ്യവുമുള്ള ഗവൺമൻറിൽ ന്യായമായും പ്രവാസികൾക്ക് പ്രതീക്ഷയുണ്ട്, വിശ്വാസമുണ്ട്. മുഖ്യമന്ത്രി തൻ്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞതുപോലെ ” ഒരുമിച്ച് നിന്നാൽ അസാധ്യമായി ഒന്നുമുണ്ടാകില്ല. ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിച്ചു കൊണ്ട് അസാധ്യമായതിനെയെല്ലാം സാധ്യമാക്കാനുള്ള അസാധാരണമായ വിഭവ ശേഷിയാണ് നമ്മുടെ കൂട്ടായ്മക്കുള്ളത്. ഈ കൂട്ടായ്മ ഊട്ടി ഉറപ്പിച്ചു കൊണ്ട് കേരളത്തെ പുതിയ സഹസ്രാബ്ദത്തിലൂടെ പുതിയ നൂറ്റാണ്ടിലൂടെ കാലത്തിനു ചേരും വിധം ആധുനികവൽക്കരിക്കും, വികസിപ്പിക്കും. അങ്ങനെ ഒരു ക്ഷേമ സമൂഹവും വികസിത നാടും യാഥാർത്ഥ്യമാക്കും. ഈ മഹത്തായ സന്ദേശമാണ് മൂന്നാം ലോക കേരള സഭാ സമ്മേളനം ലോകത്തിനു മുൻപിൽ വയ്ക്കുന്നത് “.

Share on facebook
Share on twitter
Share on linkedin
WhatsApp